ആപ്പിളിന് വെല്ലുവിളിയായി സാംസങ് ഗ്യാലക്‌സി ഇറക്കിയ ബഡ്‌സ് കുളമായെന്ന് വാങ്ങിയവര്‍; വില്‍പന നിര്‍ത്തിവച്ചു
ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയുടെ പേജ് തന്നെ വെബ്സൈറ്റില്‍ നിന്ന് ആമസോണ്‍ നീക്കം ചെയ്തു
ദില്ലി: അടുത്തിടെ പുറത്തിറക്കിയ സാംസങ് ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയുടെ വില്‍പന ഉല്‍പന്നത്തിന്‍റെ സാങ്കേതിക പ്രശ്‌നം കാരണം നിര്‍ത്തിവച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്ഫോമുകളില്‍ ഗ്യാലക്‌സി ബഡ്‌സ് 3 പ്രോ ലഭ്യമല്ല എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം ആദ്യമാണ് സാംസങിന്‍റെ ഗ്യാലക്‌സി ബഡ്‌സ് 3 പ്രോ വിപണിയിലെത്തിയത്. ഇന്ത്യയില്‍ 19,999 രൂപ വിലയുള്ള ഈ ബഡ്‌സ് ആപ്പിളിന്‍റെ എയര്‍പോഡ്‌സ് പ്രോ 2വുമായി ശക്തമായ മത്സരം കാഴ്‌ചവെക്കും എന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ബഡ്‌സില്‍ പ്രശ്‌നങ്ങളുള്ളതായി ആദ്യം വാങ്ങിയ യൂസര്‍മാരില്‍ നിന്ന് വ്യാപകമായ പരാതിയുയര്‍ന്നു. ഇതോടെ റീടെയ്‌ല്‍ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും ഗ്യാലക്‌സി ബഡ്‌സ് 3 പ്രോ ഇപ്പോള്‍ ലഭ്യമല്ല. കൊറിയയില്‍ നിന്നാണ് ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയ്ക്കെതിരെ ആദ്യം വ്യാപകമായ പരാതിയുയര്‍ന്നത്. ബഡ്‌സിന്‍റെ ഡിസൈനെയും ക്വാളിറ്റിയെയും കുറിച്ചായിരുന്നു പരാതികള്‍. ഇതോടെ സാംസങ് ഈ ബഡ്‌സിന്‍റെ കച്ചവടം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു എന്നാണ് സൂചന.
ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയുടെ പേജ് തന്നെ വെബ്സൈറ്റില്‍ നിന്ന് ആമസോണ്‍ നീക്കം ചെയ്തു. ഫ്ലിപ്‌കാര്‍ട്ടിലാവട്ടെ ഉടന്‍ വരുന്നു (കമിങ് സൂണ്‍) എന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. അതേസമയം സാംസങ് ഇന്ത്യ വെബ്‌സൈറ്റ് പ്രീ-ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ട്. ജൂലൈ 25ആണ് ഡെലിവറി തിയതിയായി വെബ്സൈറ്റില്‍ കാണിക്കുന്നത്. ബഡ്‌സ് 3 പ്രോയുടെ വില്‍പന സാംസങ് മനപ്പൂര്‍വം വൈകിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്നിരിക്കുന്ന പരാതി സാംസങ് എങ്ങനെ പരിഹരിക്കും എന്ന് വ്യക്തമല്ല. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എപ്പോള്‍ ബഡ്‌സ് ലഭ്യമാക്കും എന്നും വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം