സാംസങ് എസ്-24 വൻ വിലക്കുറവിൽ സ്വന്തമാക്കാം; ഓഫർ പ്രഖ്യാപിച്ച് കമ്പനി, നോ-കോസ്റ്റ് ഇഎംഐ സൗകര്യവും
ജനപ്രിയ മോഡലായ എസ്.24ന് വൻ വിലക്കുറവിനൊപ്പം 24 മാസം വരെ കാലാവധിയുള്ള നോ കോസ്റ്റ് ഇഎംഐ സൗകര്യവും സാംസങ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
സാംസങ് എസ്-24 മോഡലിന് പരിമിതകാല സ്വാതന്ത്ര്യദിന ഓഫർ പ്രഖ്യാപിച്ച് കമ്പനി. വിലക്കുറവിന് പുറമെ പലിശരഹിത ഇഎംഐയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 50 മെഗാപിക്സലിന്റെ മെയിൻ സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയും ഐ.പി 68 റേറ്റിങുള്ള വാട്ടർ റെസിസ്റ്റൻസ് ശേഷിയുമുള്ളതാണ് സംസങിന്റെ ജനപ്രിയ മോഡലായ ഗ്യാലക്സി എസ്24 അൾട്രാ.
12,000 രൂപയുടെ വിലക്കുറവാണ് ഗ്യാലക്സി എസ്24ന് കമ്പനി പ്രഖ്യാപിച്ചത്. എട്ട് ജി.ബി റാമും 128 ജി.ബി സ്റ്റോറേജും ഉള്ള അടിസ്ഥാന മോഡലിന് 62,999 രൂപയാണ് പുതിയ വില. ഫോൺ പുറത്തിറങ്ങിയപ്പോൾ 74,999 രൂപയായിരുന്നു ഈ വേരിയന്റിന്റെ വില. ഇതിന് പുറമെ 24 മാസം വരെയുള്ള പലിശരഹിത ഇഎംഐയും ഫോണിന് കമ്പനി നൽകുന്നുണ്ട്. അങ്ങനെയാവുമ്പോൾ മാസം 5,666 രൂപയാവും നൽകേണ്ടത്. ഓഗസ്റ്റ് 15 വരെയായിരിക്കും ഓഫർ നിലവിലുണ്ടാവുകയെന്നാണ് സാംസങ് വെബ്‍സൈറ്റിൽ നൽകിയിരിക്കുന്ന വിവരം.
256ജി.ബി സ്റ്റോറേജുള്ള വേരിയന്റിന് 67,999 രൂപയാണ് പുതിയ വില. നേരത്തെ ഇത് 79,999 രൂപയായിരുന്നു. 512 ജി.ബിയുള്ള വേരിയന്റിന് 89,999 രൂപയായിരുന്നത് ഇപ്പോഴത്തെ ഓഫറിന് പകരം 77,999 രൂപയായിരിക്കും. അതേസമയം ആമസോണിൽ നിലവിലുള്ള ഓഫർ പ്രകാരം എസ് 24ന്റെ അടിസ്ഥാന വേരിയന്റിന് 56,000 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്‍കാർട്ടിൽ താഴ്ന്ന വേരിയന്റിന് 62,000 രൂപയാണ് വില.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം