എത്തി ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6, സെഡ് ഫ്ലിപ് 6; ഇന്ത്യയിലെ വിലയും ഫീച്ചറുകളും
സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6ന്‍റെ വില ഇന്ത്യയില്‍ 1,64,999 രൂപ മുതലാണ് ആരംഭിക്കുക
പാരിസ്: കാത്തിരിപ്പ് അവസാനിപ്പിച്ച് സാംസങ് ഗ്യാലക്‌സിയുടെ പുതിയ ഫോള്‍ഡബിള്‍, ഫ്ലിപ് ഫോണുകള്‍ അവതരിപ്പിച്ചു. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6, സെഡ് ഫ്ലിപ് 6 എന്നിവയാണ് പാരിസിലെ സാംസങ് ഗ്യാലക്‌സി അണ്‍പാക്ഡ് ഇവന്‍റില്‍ അവതരിപ്പിച്ചത്. ഡിസൈനിലും ഫീച്ചറുകളിലും ഏറെ പുതുമ ഇരു മോഡലുകള്‍ക്കും സാംസങ് വാഗ്‌ദാനം ചെയ്യുന്നു.
സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6ന്‍റെ വില ഇന്ത്യയില്‍ 1,64,999 രൂപ മുതലാണ് ആരംഭിക്കുക. 256 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്‍റിന്‍റെ വിലയാണിത്. 512 ജിബിക്ക് 1,76,999 രൂപയും 1ടിബിക്ക് 2,00,999 രൂപയുമാകും. അതേസമയം ഗ്യാലക്‌സി സെഡ് ഫ്ലിപ് 6 ഇന്ത്യയില്‍ 1,09,999 രൂപ മുതലാണ് ആരംഭിക്കുക. 256 ജിബിയുടെ മോഡലിന്‍റെ വിലയാണിത്. ജൂലൈ 10ന് ഇരു മോഡലുകളുടെയും പ്രീ-ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. 24 മുതലാണ് വില്‍പന തുടങ്ങുക.
ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6ന് 7.6 ഇഞ്ച് ഡൈനാമിക് അമോല്‍ഡ് ഡിസ്‌പ്ലെയാണുള്ളത്. പുറത്തെ സ്ക്രീനിന്‍റെ വലിപ്പം 6.3 ഇഞ്ച്. സ്‌നാപ്‌ഡ്രാഗണ്‍ 8 ജനറേഷന്‍ 3 ചിപ്‌സെറ്റില്‍ വരുന്ന ഫോണ്‍ 12 ജിബി റാമിന്‍റെതാണ്. മൂന്ന് ട്രിപ്പിള്‍ റീയര്‍ ക്യാമറ വരുന്ന ഫോണില്‍ 12 എംപിയുടെ അള്‍ട്രാ-വൈഡ് സെന്‍സര്‍, 50 എംപി വൈഡ് ആംഗിള്‍ സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. 10 എംപിയുടെ സെല്‍ഫീ ക്യാമറയും 4 എംപിയുടെ അണ്ടര്‍ ഡിസ്‌പ്ലെ ഷൂട്ടറുമാണ് മറ്റ് പ്രത്യേകതകള്‍. 4,400 എംഎഎച്ച് ബാറ്ററി വരുന്ന ഫോണിന് 25 വാട്ട്സ് വയേര്‍സ് ഫാസ്റ്റ് ചാര്‍ജറാണുള്ളത്.
ഗ്യാലക്‌സി സെഡ് ഫ്ലിപ് 6ന് 6.7 ഇഞ്ച് ഡൈനമിക് അമോല്‍ഡ് 2എക്‌സ് ഡിസ്‌പ്ലെയാണ് വരുന്നത്. 187 ഗ്രാമാണ് ഫോണിന്‍റെ ഭാരം. ഈ ഫോണും 12 ജിബി റാമോടെയാണ് വിപണിയില്‍ എത്തുന്നത്. 256, 512 ജിബി സ്റ്റോറേജ് ഓപ്‌ഷനുകളുണ്ട്. ഡുവല്‍ ക്യാമറ സിസ്റ്റത്തില്‍ വരുന്ന ഫോണില്‍ 12 എംപി അള്‍ട്രാ വൈഡ് സെന്‍സറും 50 എംപി വൈഡ് ആംഗിള്‍ സെന്‍സറുമാണുള്ളത്. 4,000 എംഎഎച്ചിലുള്ള ഈ ഫോണിന് 25 വാട്ടിന്‍റെ വയേര്‍ഡ് ചാര്‍ജറാണ് ഒപ്പം ലഭിക്കുക.
Read more: ഈ ഫോണുള്ളവര്‍ ശ്രദ്ധിക്കുക, ഗൂഗിള്‍ മാപ്പില്‍ രണ്ട് പുതിയ ഫീച്ചറുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം