ആപ്പിളിനെ വിറപ്പിക്കാന്‍ എസ്25 സിരീസ്; ഗ്യാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് ജനുവരി 22ന്, സ്ലിം മോഡലും വരുന്നു?
സാംസങ് ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ സ്‌മാര്‍ട്ട്ഫോണുകള്‍ ജനുവരി 22ന് നടക്കുന്ന ഗ്യാലക്സി അണ്‍പാക്ഡ് 2025 ഇവന്‍റില്‍ അവതരിപ്പിക്കും
സാന്‍ ജോസ്: സാംസങ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്യാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് ജനുവരി 22ന് നടക്കും. ഗ്യാലക്സി എസ്25 സിരീസ് പുറത്തിറക്കുന്നതാണ് ഈ വര്‍ഷത്തെ ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ആപ്പിളിന്‍റെ 2024 സെപ്റ്റംബറില്‍ ഇറങ്ങിയ ഐഫോണ്‍ 16 സിരീസിന് ചെക്ക് വെക്കാന്‍ ഗ്യാലക്സി എസ്25 മോഡലുകളില്‍ എന്തൊക്കെ അത്ഭുതങ്ങള്‍ അവതരിപ്പിക്കും എന്നതാണ് ആകാംക്ഷ.
സാംസങ് ഗ്യാലക്സി അണ്‍പാക്ഡ് 2025ന് ജനുവരി 22ന് കാലിഫോര്‍ണിയയിലെ സാന്‍ ജോസ് വേദിയാവും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് പരിപാടി ആരംഭിക്കുക. സാംസങ് ഡോട് കോം, സാംസങ് ന്യൂസ് റൂം എന്നിവയും ഒഫീഷ്യല്‍ യൂട്യൂബ് ചാനലും വഴി സാംസങ് ഗ്യാലക്സി അണ്‍പാക്‌ഡ് 2025 ഇവന്‍റ് സ്ട്രീമിങ് ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കരുത്തില്‍ വരുന്ന ഗ്യാലക്സി എസ്25 സിരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ അവതരണമാണ് ഇവന്‍റിന്‍റെ പ്രധാന ആകര്‍ഷണം. അവതരണത്തിന് മുന്നോടിയായി ഗ്യാലക്സി എസ്25 സിരീസിന്‍റെ പ്രീ-റിസര്‍വ് ഇന്ത്യയില്‍ സാംസങ് ആരംഭിച്ചു. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷമായ ആനുകൂല്യങ്ങള്‍ ലഭിക്കും. 1,999 രൂപ നല്‍കിയാണ് ഫോണുകള്‍ പ്രീ-റിസര്‍വ് ചെയ്യേണ്ടത്. ഇങ്ങനെ ബുക്ക് ചെയ്യുന്നവര്‍ക്ക് 5,000 രൂപയുടെ ഇ-സ്റ്റോര്‍ വൗച്ചര്‍ സാംസങ് നല്‍കും.
ഗ്യാലക്സി എസ്25 സ്മാര്‍ട്ട്‌ഫോണ്‍ സിരീസില്‍ മുന്‍കാലങ്ങളിലേത് പോലെ മൂന്ന് ഫോണുകളാണ് പ്രതീക്ഷിക്കുന്നത്. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നിവയാണ് ഈ മോഡലുകള്‍. എല്ലാ വേരിയന്‍റുകളിലും പ്രതീക്ഷിക്കുന്നത് ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് സോക് ചിപ്‌സെറ്റും 12 ജിബി സ്റ്റാന്‍ഡേര്‍ഡ് റാമുമാണ്. സ്റ്റാന്‍ഡേര്‍ഡ് എസ്25 മോഡലില്‍ 4,000 എംഎഎച്ച് ബാറ്ററിയും പ്ലസിലും അള്‍ട്രയിലും യഥാക്രമം 4,900, 5,000 എംഎഎച്ച് ബാറ്ററിയുമാണ് പ്രതീക്ഷിക്കുന്നത്.
Read more: സാംസങ് ഗ്യാലക്സി, വണ്‍പ്ലസ്, പോക്കോ, ഒപ്പോ, റെഡ്‌മി; ജനുവരിയില്‍ സ്‌മാര്‍ട്ട്ഫോണ്‍ ലോഞ്ചുകളുടെ ചാകര
ജനുവരി 22ലെ ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റില്‍ എക്സ്ആര്‍ ഹെഡ്‌സെറ്റും പുറത്തിറക്കും എന്ന് കരുതപ്പെടുന്നു. 2024 ഡിസംബറില്‍ സാംസങ് പ്രഖ്യാപിച്ച പുതിയ ഗാഡ്‌ജറ്റാണിത്. എആര്‍, വിആര്‍, എഐ ഫീച്ചറുകളോടെയാവും എക്സ്ആര്‍ ഹെഡ്‌സെറ്റ് വരിക. അതേസമയം ഗ്യാലക്സി എസ്25 സ്ലിം എന്ന പുതിയ ഫോണ്‍ മോഡല്‍ സാംസങ് പുറത്തിറക്കാനും സാധ്യതയുണ്ട് എന്ന അഭ്യൂഹം ശക്തമാണ്.
Read more: വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ ഇന്ത്യ ലോഞ്ച് ഇന്ന്; പ്രതീക്ഷിക്കുന്ന വില, എങ്ങനെ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം