വെറും 1999 രൂപയ്ക്ക് ഗ്യാലക്സി എസ്25 അള്‍ട്ര ഇപ്പോള്‍ ബുക്ക് ചെയ്യാം; മെച്ചമുണ്ട്
സാംസങ് ഗ്യാലക്സി എസ്25 സിരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ പ്രീ-റിസര്‍വ് ഇന്ത്യയിലും ആരംഭിച്ചു, 1999 രൂപ മുടക്കിയാല്‍ 5000 രൂപയുടെ നേരിട്ടുള്ള ആനുകൂല്യങ്ങളും മറ്റ് ഗുണങ്ങളും ലഭിക്കും
ദില്ലി: സാംസങിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്ഫോണ്‍ ലൈനപ്പായ ഗ്യാലക്സി എസ്25 ഇപ്പോള്‍ ഇന്ത്യയിലും പ്രീ-റിസര്‍വ് ചെയ്യാം. 1999 രൂപ നല്‍കിയാണ് സാംസങ് ഇന്ത്യ സ്റ്റോറുകള്‍ വഴി ഫോണുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യേണ്ടത്.
കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ ജനുവരി 22-ാം തിയതി നടക്കുന്ന 'ഗ്യാലക്സി അണ്‍പാക്ഡ് 2025' ഇവന്‍റിലാണ് ഗ്യാലക്സി എസ്25 സിരീസ് സാംസങ് പുറത്തിറക്കുക. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് ഈ സിരീസിലുണ്ടാവുക എന്ന് ഉറപ്പായിട്ടുണ്ട്. ഗ്യാലക്സി എസ്25 സ്ലിം എന്നൊരു മോഡല്‍ കൂടി വരാന്‍ സാധ്യതയുണ്ട് എന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരണമില്ല.
ഗ്യാലക്സി എസ്25 സിരീസിലെ ഫോണുകള്‍ ഇന്ത്യയില്‍ ഇപ്പോള്‍ പ്രീ-റിസര്‍വേഷന് ലഭ്യമാണ്. റീഫണ്ടബിളായ 1999 രൂപ മുടക്കിയാല്‍ ഗ്യാലക്സി എസ്25 സിരീസ് ഫോണുകള്‍ ബുക്ക് ചെയ്യാം. ജനുവരി 22ന് ശേഷം ഫോണ്‍ വാങ്ങി പര്‍ച്ചേസ് പൂര്‍ത്തിയാക്കാം. രണ്ടായിരം രൂപ മുടക്കി ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌താല്‍ 5000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങളും ലഭിക്കും. ഗ്യാലക്സി എസ്25 സിരീസിലെ സ്മാര്‍ട്ട്‌ഫോണുകളുടെ ഫീച്ചറുകള്‍ എന്തൊക്കെയെന്ന പൂര്‍ണ വിവരം പുറത്തുവന്നിട്ടില്ല. അതിനാല്‍ ഫോണുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ടോക്കണ്‍ തുകയായ 1999 രൂപ തിരികെ വാങ്ങാന്‍ പ്രീ-റിസര്‍വ് ചെയ്തവര്‍ക്ക് കഴിയും.
ജനുവരി 22ലെ ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റില്‍ പുതിയ എക്സ്ആര്‍ ഹെഡ്‌സെറ്റും സാംസങ് പുറത്തിറക്കും എന്ന് അഭ്യൂഹമുണ്ട്. 2024 ഡിസംബറില്‍ സാംസങ് പ്രഖ്യാപിച്ച പുതിയ ഗാഡ്‌ജറ്റാണിത്. എആര്‍, വിആര്‍, എഐ ഫീച്ചറുകളോടെയാണ് എക്സ്ആര്‍ ഹെഡ്‌സെറ്റ് എത്തേണ്ടത്. ഇരുപത്തിരണ്ടാം തിയതിയിലെ ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റ് സാംസങ് ഡോട് കോം ലൈവ് സ്ട്രീം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം