ഉറക്കവും ആര്‍ത്തവചക്രവും തിരിച്ചറിയുന്ന മാന്ത്രിക മോതിരം; സാംസങ് ഗ്യാലക്‌സി റിങ് ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി
നിങ്ങള്‍ നന്നായി ഉറങ്ങിയോ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന എഐ സ്‌മാര്‍ട്ട് മോതിരമാണ് സാംസങ് ഗ്യാലക്‌സി റിങ്, മറ്റനേകം ആരോഗ്യ നിരീക്ഷണ ഫീച്ചറുകളും ഈ മോതിരത്തിലുണ്ട്
ഉറക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും ആര്‍ത്തവചക്രവും അറിയാന്‍ കഴിയുന്ന സ്‌മാര്‍ട്ട് മോതിരമായ സാംസങ് ഗ്യാലക്‌സി റിങ് ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകും. വില്‍പനയ്ക്ക് മുന്നോടിയായി ഈ വിയറബിള്‍ ഡിവൈസിന്‍റെ പ്രീ-ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. ഗ്യാലക്‌സി എഐയുടെ ഫീച്ചറുകള്‍ സഹിതമാണ് സ്‌മാര്‍ട്ട് മോതിരം വില്‍പനയ്ക്കെത്തുന്നത്.
സാംസങ് ഗ്യാലക്‌സി എഐ റിങ് ഇന്ത്യയില്‍ ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗിന് ലഭ്യമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ മാസം ഗ്യാലക്‌സി സ്സെഡ് 6 സിരീസ് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം സാംസങ് ലോഞ്ച് ചെയ്‌ത സ്‌മാര്‍ട്ട് മോതിരമാണിത്. അടുത്ത തലമുറ ആരോഗ്യ-ഫിറ്റ്‌നസ് വിയറബിള്‍ എന്നാണ് സാംസങ് ഈ റിങിന് നല്‍കുന്ന വിശേഷണം. കൈവിരലില്‍ ധരിക്കുന്ന ഈ ഡിവൈസ് ഇന്ത്യടക്കമുള്ള രാജ്യങ്ങളിലേക്ക് വരികയാണ്. സാംസങ് ഗ്യാലക്‌സി റിങ് ഇന്ത്യയില്‍ ഒക്ടോബര്‍ 15 വരെ പ്രീ-ബുക്ക് ചെയ്യാം. 1,999 രൂപ ടോക്കണ്‍ തുകയായി നല്‍കിയാണ് ഗ്യാലക്‌സി റിങ് സാംസങ് ഇന്ത്യ വെബ്‌സൈറ്റോ ആമസോണ്‍, ഫ്ലിപ്‌കാര്‍ട്ട് എന്നീ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോ വഴി ബുക്ക് ചെയ്യേണ്ടത്. ഈ ടോക്കണ്‍ തുക റീഫണ്ട് ചെയ്യാനാവുന്നതാണ് എന്ന് സാംസങ് വ്യക്തമാക്കി. സ്മാര്‍ട്ട് റിങ് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അധിക വില ഈടാക്കാതെ വയര്‍ലെസ് ചാര്‍ജര്‍ സാംസങ് നല്‍കുന്നുണ്ട്. ചാര്‍ജിംഗ് കെയ്‌സും ഡാറ്റ കേബിളുമടക്കമാണ് സാംസങ് ഗ്യാലക്‌സി റിങ് വരുന്നത്.
വിരലില്‍ നിന്ന് വിവരങ്ങള്‍!
ദിവസം മുഴുവനും കൈവിരലില്‍ ധരിക്കാവുന്ന ഭാരം കുറഞ്ഞ സ്‌മാര്‍ട്ട് മോതിരമാണ് സാംസങ് ഗ്യാലക്‌സി റിങ്. 2.3 മുതല്‍ 3.0 ഗ്രാം വരെ മാത്രമാണിതിന് തൂക്കം. മൂന്ന് സ്ക്രാച്ച് റെസിസ്റ്റന്‍റ് ഫിനിഷുകളില്‍ ടൈറ്റാനിയത്തിലാണ് നിര്‍മാണം. ആരോഗ്യ നിരീക്ഷണത്തിനായി മൂന്ന് സെന്‍സറുകള്‍ റിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിലെ ബയോആക്‌റ്റീവ് സെന്‍സര്‍ ഹൃദയമിടിപ്പ് അളക്കും. ആസ്സെലെറോമീറ്റര്‍ നടത്തം, ഓട്ടം എന്നിവ അളക്കാനുള്ളതാണ്. ഇന്‍ഫ്രാറെഡ് ടെംപറേച്ചര്‍ സെന്‍സര്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ സ്‌കിന്‍ താപനിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തും. ഗ്യാലക്‌സി റിങ് രേഖപ്പെടുത്തുന്ന ഓരോ വിവരങ്ങളും നിങ്ങള്‍ക്ക് സ്‌മാര്‍ട്ട്‌ഫോണില്‍ അറിയാം. സാംസങ് ഹെല്‍ത്ത് ആപ്പില്‍ ഹൃദയമിടിപ്പ് അടക്കമുള്ള ഓരോ നോട്ടിഫിക്കേഷനും ലഭിച്ചുകൊണ്ടിരിക്കും.
ഉറക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും ഗ്യാലക്‌സി എഐയുടെ സഹായത്തോടെ സ്‌മാര്‍ട്ട് റിങ് വിശകലനങ്ങള്‍ ചെയ്യും. വെള്ളം പ്രതിരോധിക്കാനുള്ള കഴിവ്, ആർത്തവചക്രം ട്രാക്ക് ചെയ്യാനാകുന്നത്, 8 എംബി മെമ്മറി എന്നിവയും ഗ്യാലക്‌സി റിങിന്‍റെ സവിശേഷതകളാണ്. ഒറ്റ ചാര്‍ജിംഗില്‍ ഏഴ് ദിവസം വരെ ഗ്യാലക്‌സി റിങ് ഉപയോഗിക്കാം എന്നാണ് സാംസങിന്‍റെ അവകാശവാദം. 9 സൈസുകളില്‍ ഗ്യാലക്സി സ്മാര്‍ട്ട് മോതിരം ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം