വിപണി കീഴടക്കാൻ ഗ്യാലക്‌സി റിങ് 2 വരുന്നു; പുതിയ സ്‌മാര്‍ട്ട് മോതിരത്തിന്‍റെ ഫീച്ചറുകള്‍ എന്തെല്ലാം?
ഇതുവരെയുള്ള സ്‌മാര്‍ട്ട് വാച്ചുകളെ വെല്ലുന്നതാകുമോ ഫീച്ചറുകളുടെ കാര്യത്തില്‍ സാംസങിന്‍റെ ഗ്യാലക്‌സി റിങ് 2 എന്ന സ്‌മാര്‍ട്ട് മോതിരം? ഗ്യാലക്‌സി സ്‌മാര്‍ട്ട് റിങ് 2 ജനുവരിയില്‍ പുറത്തിറങ്ങിയേക്കും
സ്‌മാർട്ട് വാച്ചുകളേക്കാൾ മികച്ചതാണ് സ്മാർട്ട് മോതിരം എന്ന വാദം ശക്തമാകുന്നതിനിടെ സാംസങ് അവരുടെ ഗ്യാലക്സി റിങ് 2 പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സിരീസായ എസ്25 പരിചയപ്പെടുത്താനായി ജനുവരി 22ന് സംഘടിപ്പിക്കുന്ന ഗ്യാലക്‌സി അൺപാക്ഡ് പരിപാടിയിൽ രണ്ടാം തലമുറ സ്‌മാര്‍ട്ട് റിങും സാംസങ് അവതരിപ്പിക്കുമെന്നാണ് സൂചന.
പുതിയ സ്‌മാര്‍ട്ട് റിങ് സീരിസിൽ 11 അളവുകളിലുള്ള മോതിരങ്ങളാണ് സാംസങ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഗ്യാലക്സി റിങ്ങിന്‍റെ പ്രധാന എതിരാളിയായ ഓറയുടെ റിങ് നാല് മുതൽ 15 വരെയുള്ള സൈസുകളിൽ ലഭ്യമാണ്. ഗ്യാലക്സി റിങ്ങിന്‍റെ ഒന്നാം ജനറേഷനെക്കാൾ കൂടുതൽ ഫീച്ചറുകളുള്ള സ്‌മാര്‍ട്ട് മോതിരമായിരിക്കും റിങ്ങ് 2. എഐ ഫീച്ചറുമുണ്ടാകും. ഇവയ്ക്ക് ഏഴ് ദിവസം വരെ ബാറ്ററി ലൈഫുണ്ടാകുമെന്നാണ് സൂചന. റിങിന് എൻഎഫ്‌സി ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഡിജി ടൈംസിന്‍റെ റിപ്പോർട്ട് പ്രകാരം ഗ്യാലക്സി അൺപാക്ഡ് ഇവന്‍റില്‍ ശ്രദ്ധാകേന്ദ്രമായി മാറിയേക്കാവുന്ന മറ്റൊരു ഉപകരണവും സാംസങ് പരിചയപ്പെടുത്താൻ സാധ്യതയുണ്ട്.
ഗ്യാലക്‌സി റിങ് 1
2024 ജൂലൈ മാസത്തിലാണ് സാംസങ് കന്നി ഗ്യാലക്സി റിങ് പുറത്തിറക്കിയത്. ഗ്യാലക്‌സി സ്സെഡ് 6 സിരീസ് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണുകള്‍ക്കൊപ്പമായിരുന്നു സാംസങ് സ്‌മാര്‍ട്ട് മോതിരം ലോഞ്ച് ചെയ്തത്. അടുത്ത തലമുറ ആരോഗ്യ-ഫിറ്റ്‌നസ് വിയറബിള്‍ എന്നാണ് സാംസങ് ഈ റിങിന് നല്‍കിയ വിശേഷണം. ഉറക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും അളക്കാനും ആര്‍ത്തവചക്രവും അറിയിക്കാനും കഴിയുന്ന സ്‌മാര്‍ട്ട് മോതിരമായിരുന്നു ഇത്. ദിവസം മുഴുവനും കൈവിരലില്‍ ധരിക്കാവുന്ന ഭാരം കുറഞ്ഞ സ്‌മാര്‍ട്ട് മോതിരമാണ് സാംസങ് ഗ്യാലക്‌സി റിങ് 1. ഇവയ്ക്ക് 2.3 മുതല്‍ 3.0 ഗ്രാം വരെ മാത്രമായിരുന്നു തൂക്കം. മൂന്ന് സ്ക്രാച്ച് റെസിസ്റ്റന്‍റ് ഫിനിഷുകളില്‍ ടൈറ്റാനിയത്തിലാണ് നിര്‍മാണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം