2024 അവസാനിക്കും മുമ്പ് വാങ്ങാം; ഇതാ അഞ്ച് പുത്തന്‍ സ്‌മാര്‍ട്ട്ഫോണുകള്‍ വരുന്നു
റിയല്‍മി, ഐക്യൂ00, ഒപ്പോ, വിവോ, വണ്‍പ്ലസ് എന്നീ ബ്രാന്‍ഡുകളുടെ സ്‌മാര്‍ട്ട്ഫോണുകളാണ് വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക
തിരുവനന്തപുരം: ശക്തമായ മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ സ്‌മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് അഞ്ച് കിടിലന്‍ ഫോണുകള്‍ കൂടി വരുന്നു. അതിശക്തമായ പോരാട്ടം ഇന്ത്യന്‍ വിപണിയില്‍ തുടരുമെന്ന് ഉറപ്പിക്കുന്നതാണ് ഈ ഫോണുകളുടേതായി പുറത്തുവന്നിരിക്കുന്ന ഫീച്ചറുകള്‍. ഈ സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകളെ പരിചയപ്പെട്ടാം.
1. റിയല്‍മി ജിടി 7 പ്രോ (Realme GT 7 Pro)
ഇന്ത്യയില്‍ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പില്‍ വരുന്ന ആദ്യ സ്‌മാര്‍ട്ട്ഫോണാണിത്. ഇതിന്‍റെ പ്രീ-ഓര്‍ഡര്‍ തുടങ്ങിക്കഴിഞ്ഞു. നവംബര്‍ 26ന് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ചൈനയില്‍ ഇറങ്ങിയ ഫോണില്‍ നിന്ന് ഇന്ത്യന്‍ മോഡലില്‍ മാറ്റമുണ്ടാകും. 6.78 ഇഞ്ച് സാംസങ് ഒഎല്‍ഇഡി പ്ലസ് ഡിസ്‌പ്ലെ, ക്വാഡ്-കര്‍വ് ഡിസൈന്‍, അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, 50 എംപി സോണി ഐഎംഎക്‌സ്906 പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 50 എംപി സോണി ഐഎംഎക്സ്882 പെരിസ്‌കോപ് ടെലിഫോട്ടോ, 16 എംപി മുന്‍ക്യാമറ, 6,500 എംഎഎച്ച് ബാറ്ററി, 120 വാട്‌സ് ചാര്‍ജിംഗ്, ഫോട്ടോഗ്രാഫിക്കായി എഐ ടൂളുകള്‍ എന്നിവ പ്രതീക്ഷിക്കുന്നു.
2. ഐക്യൂ00 13 (iQOO 13)
ഡിസംബര്‍ 3നാണ് iQ00 13 ഇന്ത്യയില്‍ പുറത്തിറങ്ങുക. സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് പ്രൊസസര്‍, 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും, 6.82 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലെ, അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, 80 എംപി പ്രൈമറി, 50 എംപി ടെലിഫോട്ടോ (30x സൂം), 6,150 എംഎഎച്ച് ബാറ്ററി, 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിങ്ങനെ ചൈനീസ് മോഡലുമായി സാമ്യതയുള്ള ഫോണായിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുക.
3. ഒപ്പോ ഫൈന്‍ഡ് എക്‌സ്8 സിരീസ് (OPPO Find X8 series)
മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്‌സെറ്റില്‍ വരന്ന ഫോണ്‍ നവംബര്‍ 21ന് പുറത്തിറങ്ങും. ബാലിയിലെ ഗ്ലോബല്‍ ലോഞ്ചിന് പിന്നാലെ ഇന്ത്യയിലും ലഭ്യമാകും എന്നാണ് പ്രതീക്ഷ. ഫൈന്‍ഡ് എക്‌സ്8, ഫൈന്‍ഡ് എക്‌സ്8 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളുണ്ടാകും. ഒപ്പോ ഫൈന്‍ഡ് എക്‌സ്8ല്‍ 6.59 ഇഞ്ച് ഡിസ്പ്ലെ, പെരിസ്കോപ് സൂം ക്യാമറ എന്നിവയുണ്ടാകും.
ഒപ്പോ ഫൈന്‍ഡ് എക്‌സ്8 പ്രോയില്‍ 6.78 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് ഡിസ്‌പ്ലെ, ഡുവല്‍ പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറ, എഐ ടെലിഫോട്ടോ സൂം, സിലികോണ്‍-കാര്‍ബണ്‍ ബാറ്ററി എന്നിവയുണ്ടാകും. ഫൈന്‍ഡ് എക്‌സ്8ല്‍ 5,630 ഉം, ഫൈന്‍ഡ് എക്‌സ്8 പ്രോയില്‍ 5,910 എംഎഎച്ച് ബാറ്ററിയുമാണ് പ്രതീക്ഷ.
4. വിവോ എക്‌സ്200 സിരീസ് (Vivo X200 series)
പുത്തന്‍ മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്പില്‍ വിവോ എക്‌സ്200 സിരീസ് ഇന്ന് ആഗോളവിപണിയിലെത്തും. ഇതിന് തൊട്ടുപിന്നാലെ ഫോണ്‍ ഇന്ത്യയിലേക്കും വരും. എക്‌സ്200, എക്‌സ്200 പ്രോ, എക്‌സ്200 പ്രോ മിനി എന്നിവയാണ് ഈ സിരീസില്‍ വരിക. യഥാക്രമം 6.67 ഇഞ്ച്, 6.78 ഇഞ്ച്, 6.31 ഇഞ്ച് അമോല്‍ഡ് ഡിസ്‌പ്ലെകള്‍ ഇവയ്ക്കുണ്ടാകും. 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും മൂന്ന് മോഡലുകള്‍ക്കും കാണാം. പ്രോ വേരിയന്‍റില്‍ 200 എംപി ടെലിഫോട്ടോ ലെന്‍ഡായിരിക്കും പ്രധാന ആകര്‍ഷണം എന്നാണ് സൂചന.
5. വണ്‍പ്ലസ് 13 (OnePlus 13)
ഈ മാസം ആദ്യം ചൈനയില്‍ പുറത്തിറങ്ങിയ വണ്‍പ്ലസ് 13 സ്‌മാര്‍ട്ട്ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും എന്നാണ് കരുതുന്നത്. കമ്പനി ഔദ്യോഗികമായി തിയതി പുറത്തുവിട്ടിട്ടില്ല. 6.82 ഇഞ്ച് അമോല്‍ഡ് ഡിസ്‌പ്ലെ, 50 എംപി സോണി എല്‍വൈറ്റി 808 പ്രൈമറി സെന്‍സര്‍, 50 എംപി അള്‍ട്രാവൈഡ് ലെന്‍ഡ്, അള്‍ട്രാവൈഡ് ടെലിഫോട്ടോ (3x സൂം), 6,000 എംഎഎച്ച് സിലികോണ്‍-കാര്‍ബണ്‍ ഗ്ലേഷ്യര്‍ ബാറ്ററി, 100 വാട്‌സ് വയേര്‍ഡ്, 50 വാട്‌സ് വയര്‍ലെസ് മാഗ്‌നറ്റിക് ചാര്‍ജിംഗ് എന്നിവ വണ്‍പ്ലസ് 13ല്‍ ഉള്‍പ്പെട്ടേക്കും.
Read more: വില 25000ത്തില്‍ താഴെ; ഉറപ്പായും വാങ്ങാവുന്ന അഞ്ച് മികച്ച ഫോണുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം