ഓപ്പോ റെനോ 5 പ്രോ 5ജി ഇന്ത്യയില്‍, വിലയും വിശേഷങ്ങളുമിങ്ങനെ

സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ജനുവരി 22 ന് ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയില്‍ ആരംഭിക്കും, കൂടാതെ പ്രമുഖ ബാങ്കുകളില്‍ നിന്നുള്ള ക്യാഷ്ബാക്കും ഡിസ്‌കൗണ്ടുകളും ലോഞ്ച് ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

Oppo Reno 5 Pro 5G launched in India: Price specifications

5ജി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യയിലേക്ക് 5ജി ഫോണുകളുടെ തള്ളിക്കയറ്റത്തിനു തുടക്കമാവുകയാണ്. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് അവസാനക്കാരനായി ഓപ്പോയും എത്തിയിരിക്കുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ ഇറക്കിയ റെനോ 5പ്രോ 5ജി ഫോണാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി മീഡിയടെക് ഡൈമെന്‍സിറ്റി 1000+ പ്രോസസര്‍ അവതരിപ്പിക്കുന്ന റെനോ 5 പ്രോ 5ജി കഴിഞ്ഞ വര്‍ഷത്തെ റെനോ 4 പ്രോയില്‍ നിന്നുള്ള ഒരു വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നു. ഇതിന്റെ രൂപകല്‍പ്പനയും ഗംഭീരം തന്നെ. ഫോണുകളുടെ പിന്നിലുള്ള ക്രിസ്റ്റല്‍ ഡിസൈനുകള്‍ക്കായി ഓപ്പോ സ്റ്റാര്‍ഡ്രില്ലിംഗ് പ്രക്രിയ ഉപയോഗിച്ചു. ആസ്ട്രല്‍ ബ്ലൂ കളര്‍ ഇതു കാഴ്ചവയ്ക്കും. റിയര്‍ ബോഡിയിലെ ഈ നാനോകണങ്ങള്‍ പ്രകാശത്തെ പ്രതിഫലിപ്പിച്ച് ഒരു മിന്നുന്ന പ്രഭാവം സൃഷ്ടിക്കുന്നു. എന്നാല്‍ രസകരമെന്നു പറയട്ടെ, ഇത് ഒരു പോളികാര്‍ബണേറ്റ് ബാക്ക് ആണ,് ഗ്ലാസല്ല.

സിംഗിള്‍ മെമ്മറി വേരിയന്റില്‍ 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉള്ള ഓപ്പോ റെനോ 5 പ്രോ 5 ജിക്ക് 35,990 രൂപയാണ് വില. സ്റ്റാര്‍റി ബ്ലാക്ക്, അസ്ട്രല്‍ ബ്ലൂ കളര്‍വേകള്‍ ലഭിക്കും. സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ജനുവരി 22 ന് ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയില്‍ ആരംഭിക്കും, കൂടാതെ പ്രമുഖ ബാങ്കുകളില്‍ നിന്നുള്ള ക്യാഷ്ബാക്കും ഡിസ്‌കൗണ്ടുകളും ലോഞ്ച് ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

ഈ ഫോണ്‍ വളരെ ഭാരം കുറഞ്ഞതാണ്. വെറും 173 ഗ്രാം മാത്രമേ ഇതിനുള്ളു. ഈ വില വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണിത്. കൂടാതെ, റെനോ 5 പ്രോ 5 ജി 7.6 മിമിയില്‍ നേര്‍ത്തതാണ്. 6.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, ഇടതുവശത്ത് പഞ്ച്‌ഹോള്‍, 1080-2400 പിക്‌സല്‍ റെസല്യൂഷന്‍ എന്നിവയുണ്ട്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഇതിലുണ്ട്, ഇത് പുതിയതല്ല, കാരണം റെനോ 4 പ്രോയ്ക്കും ഇത് ഉണ്ടായിരുന്നു. ഡിസ്‌പ്ലേ ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് ലോക്കിനെ പിന്തുണയ്ക്കുന്നു, എന്നാല്‍ ഉപകരണം അണ്‍ലോക്കുചെയ്യുന്നതിന് കൂടുതല്‍ വഴികള്‍ ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സവിശേഷതയുമുണ്ട്. 8 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമായി ചേര്‍ത്ത ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 1000+ പ്രോസസറാണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. വൈഫൈ 6, ബ്ലൂടൂത്ത് 5.1 എന്നിവയുണ്ട്.

ഫോട്ടോഗ്രാഫിക്കായി, ഓപ്പോ റിനോ 5 പ്രോ 5 ജിയില്‍ നാല് ക്യാമറകളുണ്ട്: 64 എംപി പ്രധാന സെന്‍സര്‍, 8 എംപി അള്‍ട്രാവൈഡ് സെന്‍സര്‍, 2 എംപി മാക്രോ സെന്‍സര്‍, 2 എംപി മോണോ സെന്‍സര്‍. ക്യാമറ രൂപകല്‍പ്പനയും റെനോ 4 പ്രോയ്ക്ക് സമാനമാണെങ്കിലും കാര്യമായ പുരോഗതി കാണാം. മുന്‍വശത്ത്, പഞ്ച്‌ഹോളിനുള്ളില്‍ റെനോ 5 പ്രോ 5 ജിയില്‍ 32 എംപി സെല്‍ഫി ക്യാമറയുണ്ട്, ഇത് വളരെ ചെറുതാണ്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 11.1-ലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4350 എംഎഎച്ച് ബാറ്ററി 65വാട്‌സ് വരെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു. മാത്രമല്ല 40 മിനിറ്റിനുള്ളില്‍ ബാറ്ററി ടോപ്പ് അപ്പ് ചെയ്യാനും കഴിയും. ചാര്‍ജ്ജുചെയ്യുന്നതിനും ഇയര്‍ഫോണുകള്‍ക്കും ചുവടെ ഒരു യുഎസ്ബിസി പോര്‍ട്ട് ഉണ്ട്. ഇതിനര്‍ത്ഥം റെനോ 5 പ്രോ 5 ജിയില്‍ 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ലെന്നാണ്.

Latest Videos
Follow Us:
Download App:
  • android
  • ios