ഇതെന്താ ഐഫോണിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയോ; ചര്‍ച്ചയായി ഒപ്പോ 13 ചിത്രങ്ങള്‍
ഐഫോണ്‍ 12ന്‍റെ ഡിസൈനിലാണ് ഒപ്പോ റെനോ 13 അണിയിച്ചൊരുക്കുന്നത് എന്ന് ചിത്രങ്ങള്‍ സൂചന നല്‍കുന്നു
ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഒപ്പോയുടെ രണ്ട് മോഡലുകള്‍ ലോഞ്ചിന് തയ്യാറെടുക്കുകയാണ്. ഒപ്പോ റെനോ 13 സിരീസിലെ റെനോ 13, റെനോ 13 പ്രോ എന്നിവയാണിത്. ചൈനയില്‍ ഈ മാസം അവസാനം ഇരു സ്മാര്‍ട്ട്ഫോണ്‍ മോഡലുകളും പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി ഫോണിന്‍റെ ഡിസൈന്‍ ചോര്‍ന്നു.
രണ്ട് നിറങ്ങളിലാണ് ഒപ്പോ റെനോ 13 സിരീസ് ഫോണുകള്‍ വരിക എന്നാണ് സൂചന. വലതുഭാഗത്ത് പവര്‍, വോളിയം സ്വിച്ചുകള്‍ വരുന്ന തരത്തില്‍ ഫ്ലാറ്റ് എഡ്‌ജുകളോടെയാണ് ഫോണെത്തുകയെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ പറയുന്നു. ഐഫോണ്‍ 12ന്‍റെ ഡിസൈനിലാണ് ഒപ്പോ റെനോ 13 വരിക എന്നാണ് ചിത്രങ്ങള്‍ കണ്ടവരുടെ പ്രതികരണം. 2020ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 12 പോലെ റീയര്‍ ക്യാമറ സെറ്റപ്പും റെനോ 13ല്‍ കാണാം. ഐഫോണിനോട് വളരെയധികം സാമ്യത ഡിസൈനിലുണ്ട് എന്ന് കാഴ്‌ചയില്‍ വ്യക്തമാണുതാനും.
ഒപ്പോ റെനോ 13 പ്രോ 6.78 ഇഞ്ചിലുള്ള ഖ്വാഡ്-മൈക്രോ-കര്‍വ്‌ഡ് എല്‍ടിപിഒ ഒഎല്‍ഇഡി സ്ക്രീനോടെയാവും വിപണിയിലേക്ക് എത്തുക. 50 എംപി പ്രൈമറി ക്യാമറയും, 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും, 50 എംപി ടെലിഫോട്ടോ സെന്‍സറും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റീയര്‍ ക്യാമറ സെറ്റപ്പ് പ്രതീക്ഷിക്കുന്നു. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള 50 മെഗാപിക്‌സലിന്‍റെ മുന്‍ക്യാമറയാണ് മറ്റൊരു ആകാംക്ഷ.
ഒപ്പോ റെനോ 13 പ്രോ മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്‌സെറ്റില്‍ 16 ജിബി റാമും 1 ടിബി സ്റ്റോറേജും പ്രദാനം ചെയ്തേക്കും. 5,900 എംഎഎച്ച് ബാറ്ററി പ്രതീക്ഷിക്കുന്ന പ്രോ മോഡലില്‍ 80 വാട്‌സ് വയേര്‍ഡ്, 50 വാട്‌സ് വയര്‍ലെസ് ചാര്‍ജറും ഉള്‍പ്പെട്ടേക്കും. എന്നാല്‍ ഒപ്പോ റെനോ 13 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ ഫീച്ചറുകള്‍ ഇതുവരെ അറിവായിട്ടില്ല.
Read more: റിയല്‍മി ജിടി 7 പ്രോ ഉടന്‍ ബുക്ക് ചെയ്യാം; ലോഞ്ചിന് മുമ്പേ ഓഫര്‍, അടിപൊളി ഫ്ലാഗ്‌ഷിപ്പ് എന്ന് സൂചന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം