OnePlus Nord CE 2 Lite 5G : ഇതിലും വിലകുറഞ്ഞ വണ്‍പ്ലസ് ഫോണ്‍ സ്വപ്നത്തില്‍ മാത്രം; വിവരങ്ങള്‍ ഇങ്ങനെ
ഇതുവരെ ഇറങ്ങിയ വണ്‍പ്ലസ് ഉപകരണങ്ങളില്‍ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് ഫോണും വയര്‍ലെസ് ഇയര്‍ബഡ്‌സും ഇന്ത്യയില്‍ ഇറക്കി വണ്‍പ്ലസ്.
ദില്ലി: സ്‌നാപ്ഡ്രാഗണ്‍ 695 പ്രോസസറും അഡ്രിനോ 619 ജിപിയുവും ഉള്‍ക്കൊള്ളിച്ചാണ് ഏറ്റവും വിലക്കുറവുള്ള സ്മാര്‍ട് ഫോണ്‍ വണ്‍പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി (OnePlus Nord CE 2 Lite 5G) എന്നാണ് ഈ ഫോണിന്‍റെ പേര്. രണ്ടു പതിപ്പുകളിലാണ് ഈ ഫോണ്‍ പുറത്തിറങ്ങുന്നത് 6ജിബി + 128ജിബി, 8ജിബി + 128ജിബി. 6ജിബി പതിപ്പിന് വില 19,999രൂപയാണ്. 8ജിബി പതിപ്പിന് വില 21,999 രൂപയാണ്. ഇവ ഏപ്രില്‍ 30 മുതല്‍ വില്‍പനയ്‌ക്കെത്തും
ട്രിപ്പിള്‍ പിന്‍ ക്യാമറാ സെറ്റ്-അപ്പാണ് ഫോണിന്. പ്രധാന ക്യാമറയ്ക്ക് 64 എംപി റെസലൂഷന്‍ ഉണ്ട്. ഒപ്പമുള്ളത് 2 എംപി മാക്രോ ക്യാമറയാണ്. പിന്നെയുള്ളത് ഡെപ്ത് സെന്‍സറാണ്. അതായത് ഫലത്തില്‍ 2 ക്യാമറകളെയുള്ളു. സെല്‍ഫിക്കായി 16 എംപി ക്യാമറയും ഉണ്ട്.
നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി 33 വാട്സ് സൂപ്പര്‍ വിഒഒസി വയർഡ് ചാർജിംഗിനെ പിന്തുണയോടെയാണ് എത്തുന്നത്. 5,000mAh ബാറ്ററിയാണ് ഈ ഫോണിന് ഉള്ളത്. ചാർജിംഗ് സാങ്കേതികവിദ്യ 30 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യുമെന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു. കൂടാതെ നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി 164.3x75.6x8.5എംഎം അളവ് അനുപാതത്തിലാണ്. 195 ഗ്രാം ഭാരവുമുണ്ട് ഈ ഫോണിന്.
ഇതുവരെ ഇറങ്ങിയ വണ്‍പ്ലസ് ഉപകരണങ്ങളില്‍ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് ഫോണും വയര്‍ലെസ് ഇയര്‍ബഡ്‌സും ഇന്ത്യയില്‍ ഇറക്കി വണ്‍പ്ലസ്. ട്രൂ വയര്‍ലെസ് ഹെഡ്‌സെറ്റ് വിഭാഗത്തില്‍ പെടുത്തുന്ന നോര്‍ഡ് ബഡ്‌സില്‍ എഐ ശക്തിപകരുന്ന നോയിസ് ക്യാന്‍സലേഷന്‍, ഡോള്‍ബിഅറ്റ്മോസ് സാങ്കേതികവിദ്യകള്‍ ഉണ്ടെന്ന് കമ്പനി പറയുന്നു.
സാധാരണ സറൗണ്ട് സൗണ്ട് സിസ്റ്റത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ പോലും 3ഡി ഓഡിയോ ഇഫക്ടുകള്‍ ഉണ്ടാക്കുന്ന ഡോള്‍ബി സ്‌പെഷല്‍ ഓഡിയോ ടെക്‌നോളജിയും ഉള്‍പ്പെടുത്തി ഇറക്കിയിരിക്കുന്ന ബഡ്‌സിന് വില 2,799 രൂപയാണ്. മേയ് 10 മുതല്‍ ആമസോണിലും വണ്‍പ്ലസിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭിക്കും.
വിലകുറഞ്ഞ നോര്‍ഡ് ബഡ്‌സില്‍ 12.4 എംഎം ടൈറ്റാനിയം ഡൈനാമിക് ഡ്രൈവറുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അതുവഴി മികച്ച ബെയ്‌സും തുളച്ചു കയറുന്ന ട്രെബിളും ലഭിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ, ഫോണ്‍ വിളിക്കുമ്പോള്‍ അനാവശ്യ ശബ്ദങ്ങള്‍ കയറിക്കൂടുന്നതു തടയാനായി നാലു മൈക്രോഫോണുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും, എഐയുടെ കരുത്തുള്ള അനാവശ്യ ശബ്ദനിരാകരണ സംവിധാനങ്ങള്‍ ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
കാറ്റടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം നിയന്ത്രിക്കാനായി ബഡ്‌സിന്റെ രൂപത്തില്‍ത്തന്നെ ശ്രദ്ധിച്ചിരിക്കുന്നതിനാല്‍ വ്യക്തതയുള്ള ഫോണ്‍ കോള്‍ സാധ്യമാണെന്നും അവകാശവാദം ഉണ്ട്. ബ്ലൂടൂത്ത് വി5.2, കൂടാതെ 94 എംഎസ് അള്‍ട്രാ-ലോ ലേറ്റന്‍സി തുടങ്ങിയവയും ഉണ്ട്. വണ്‍പ്ലസ് ഫോണുകളിലേക്ക് ഫാസ്റ്റ് പെയര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിവേഗം കണക്ട് ചെയ്യാം. ചാര്‍ജിങ് കെയ്‌സിലുള്ള ബാറ്ററി ഉപയോഗിച്ചാല്‍ 30 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് കിട്ടും. കൂടാതെ, 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 5 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം എന്നൊക്കെ കമ്പനി പറയുന്നു.