മനംമയക്കും ലുക്കും ഫീച്ചറുകളും; വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിളിന്‍റെ പുത്തന്‍ വേരിയന്‍റ് പുറത്തിറങ്ങി
ലെതര്‍ ബാക്ക്‌കവറോടെ ആകര്‍ഷകമായ ഡിസൈനിലാണ് ഈ സ്‌മാര്‍ട്ട്‌ഫോണിന്‍റെ വരവ്
വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ (വണ്‍പ്ലസ് ഓപ്പണ്‍) പുതിയ കളര്‍ വേരിയന്‍റ് പുറത്തിറങ്ങി. വണ്‍പ്ലസ് ഓപ്പണ്‍ അപെക്‌സ് എഡിഷന്‍ എന്നാണ് പുതിയ ലുക്കില്‍ എത്തിയിരിക്കുന്ന ഫോള്‍ഡബിള്‍ വേരിയന്‍റിന്‍റെ പേര്. നിറംമാറ്റത്തിനൊപ്പം സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട മറ്റ് ചില നിര്‍ണായക അപ്‌ഡേറ്റുകളും ഈ മോഡലിലുണ്ടാകും എന്ന് വണ്‍പ്ലസ് വ്യക്തമാക്കി. ലെതര്‍ ബാക്ക്‌കവറോടെ ആകര്‍ഷകമായ ഡിസൈനിലാണ് ഈ സ്‌മാര്‍ട്ട്‌ഫോണിന്‍റെ വരവ്.
ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് ഓപ്പണ്‍ അപെക്‌സ് എഡിഷന് LPDDR5X 16 ജിബി റാമും 1 ടിബി സ്റ്റോറേജുമാണുള്ളത്. സുരക്ഷയാണ് ഈ മോഡലിന്‍റെ മറ്റൊരു പ്രത്യേകത. നിര്‍ണായകമായ ഫയലുകളും വ്യക്തിവിവരങ്ങളും സൂക്ഷിക്കാന്‍ സഹായിക്കുന്ന പ്രത്യേക സെക്യൂരിറ്റി ചിപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നു. തുറന്നിരിക്കുമ്പോള്‍ 5.9 മില്ലീമിറ്ററും അടഞ്ഞിരിക്കുമ്പോള്‍ 11.9 മില്ലീമീറ്ററും കനംവരുന്ന ഫോണിന്‍റെ ഭാരം 239 ഗ്രാമാണ്. വണ്‍പ്ലസ് ഓപ്പണിലേതിന് സമാനമായി അപെക്‌സ് എഡിഷനിലും നാലാം ജനറേഷനിലുള്ള ഹസ്സെല്‍ബ്ലാഡ് ക്യാമറയാണ് വരുന്നത്. ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ് സര്‍ട്ടിഫിക്കറ്റോടെയുള്ള പ്രോ എക്‌സ്ഡിആര്‍ ഡിസ്പ്ലെ, സ്നാപ്‌ഡ്രാഗണ്‍ 8 ജനറേഷന്‍ 2 മൊബൈല്‍ പ്ലാറ്റ്‌ഫോം, ഓക്‌സിജെന്‍ഒഎസ് 14.0, 67 വാട്ട്‌സിന്‍റെ സൂപ്പര്‍വോക് ഫ്ലാഷ് ചാര്‍ജര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഫോട്ടോ എഡിറ്റിംഗിനായി എഐ ഇറേസറും എഐ സ്‌മാര്‍ട്ട് കട്ട്ഔട്ടുകളും പോലുള്ള എഐ ടൂളുകളും ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് മറ്റൊരു ആകര്‍ഷണം.
ഓഗസ്റ്റ് പത്താം തിയതി രാവിലെ 10 മണിക്കാണ് വണ്‍പ്ലസ് ഓപ്പണ്‍ അപെക്‌സ് എഡിഷനിന്‍റെ വില്‍പന ആരംഭിക്കുക. വില 1,49,999 രൂപയിലാണ് ആരംഭിക്കുന്നത്. വണ്‍പ്ലസ്.ഇന്‍, ആമസോണ്‍, വണ്‍പ്ലസ് എക്‌സ്‌പീരിയന്‍സ് സ്റ്റോര്‍സ് എന്നിവ വഴി ഈ മോഡല്‍ വാങ്ങിക്കാം. നോകോസ്റ്റ് ഇഎംഐ അടക്കമുള്ള ഓഫറുകള്‍ വണ്‍പ്ലസ് ഓപ്പണ്‍ അപെക്‌സ് എഡിഷന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം