വണ്‍പ്ലസ് സഹസ്ഥാപകന്‍ കാള്‍ പെ പുതിയ ബ്രാന്‍ഡ് ആരംഭിച്ചു, പേരാണ് രസം, നത്തിങ്!
പെയുടെ ലണ്ടന്‍ ആസ്ഥാനമായുള്ള പുതിയ സംരംഭം ഒരു ഉപഭോക്തൃ സാങ്കേതിക കമ്പനിയായിരിക്കുമെന്നാണ് പ്രഖ്യാപനം...
വണ്‍പ്ലസിന്റെ സഹസ്ഥാപകനാണ് കാള്‍ പെയ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കമ്പനിയുമായി തെറ്റിപ്പിരിഞ്ഞു. ഇപ്പോഴിതാ പുതിയ കമ്പനിക്ക് പേരിട്ടു- നത്തിങ്. അതെ, ഒന്നുമില്ല! എന്നു തന്നെയാണ് കാള്‍ പെയ് പറയുന്നത്. പെയുടെ പ്രഖ്യാപനത്തിനായി കാതോര്‍ത്തിരുന്ന ടെക് ലോകം ഒന്നുമില്ലെന്നു പറയാന്‍ വിളിച്ചു ചേര്‍ത്ത പ്രഖ്യാപനം കണ്ട് മൂക്കത്ത് വിരല്‍ വച്ചിരിക്കുകയാണ്. എന്നാല്‍ ഇതൊരു സര്‍പ്രൈസ് ആണെന്നും മ്യൂസിക്ക് - ഹെഡ്‌ഫോണ്‍ സ്മാര്‍ട്ട് ഡിവൈസുകളുടെ വലിയൊരു തരംഗത്തിനായി കാത്തിരിക്കാനുമാണ് പെയ് പറയുന്നതെന്നാണ് പ്രഖ്യാപനങ്ങള്‍ നല്‍കുന്ന സൂചന.
പെയുടെ ലണ്ടന്‍ ആസ്ഥാനമായുള്ള പുതിയ സംരംഭം ഒരു ഉപഭോക്തൃ സാങ്കേതിക കമ്പനിയായിരിക്കുമെന്നാണ് പ്രഖ്യാപനം. ഐപോഡ് കണ്ടുപിടുത്തക്കാരനായ ടോണി ഫാഡെല്‍, ട്വിച് സഹസ്ഥാപകന്‍ കെവിന്‍ ലിന്‍, റെഡ്ഡിറ്റ് സിഇഒ സ്റ്റീവ് ഹഫ്മാന്‍, സിആര്‍ഇഡി-യുടെ സ്ഥാപകന്‍ കുനാല്‍ ഷാ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ ഇവരെല്ലാം കൂടെ കാണുമോ എന്തോ? അങ്ങനെ വന്നാല്‍ നതിങ് പൊടിപൊടിക്കുമെന്നു സാരം.
2020 ഡിസംബറില്‍ 7 മില്യണ്‍ ഡോളര്‍ ധനസഹായം നേടിയ കമ്പനിയാണിത്. അതിന് തൊട്ടുപിന്നാലെയാണ് പെയില്‍ നിന്നുള്ള ഈ പ്രഖ്യാപനം. ഈ വര്‍ഷം സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കില്ലെന്ന് കമ്പനി അറിയിച്ചു. കമ്പനി പറയുന്നതനുസരിച്ച്, 'സാങ്കേതികവിദ്യയുടെ ഗുണപരമായ സാധ്യതകളില്‍ വീണ്ടും വിശ്വസിക്കാന്‍ ആളുകളെ പ്രചോദിപ്പിക്കാനുള്ളതൊന്നും തത്ക്കാലമില്ല. എന്നാല്‍, ജനങ്ങളും സാങ്കേതികവിദ്യയും തമ്മിലുള്ള തടസ്സങ്ങള്‍ നീക്കുന്നതിനും ഉപഭോക്തൃ സാങ്കേതിക മേഖലയിലേക്ക് കലാപരവും അഭിനിവേശവും വിശ്വാസവും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒന്നിലാണ് പ്രതീക്ഷ.
ഇത്തരത്തില്‍, സാങ്കേതികവിദ്യയില്‍ രസകരമായ എന്തെങ്കിലും സംഭവിച്ചിട്ട് കുറച്ച് കാലമായി. മാറ്റത്തിന്റെ പുതിയ കാറ്റിന്റെ സമയമാണിത് ... തടസ്സമില്ലാത്ത ഡിജിറ്റല്‍ ഭാവി സൃഷ്ടിക്കുന്നതിന് ആളുകളും സാങ്കേതികവിദ്യയും തമ്മിലുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുകയെന്നതാണ് ദൗത്യം. മികച്ച സാങ്കേതികവിദ്യ മനോഹരവും എന്നാല്‍ സ്വാഭാവികവും ഉപയോഗിക്കാന്‍ അവബോധജന്യവുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വേണ്ടത്ര മുന്നേറുമ്പോള്‍, അത് പശ്ചാത്തലത്തിലേക്ക് മങ്ങുകയും ഒന്നുമില്ലെന്ന് തോന്നുകയും വേണം. അതാണ് നതിങ്'
ഇപ്പോള്‍, ഏത് തരത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് അതിന്റെ ബ്രാന്‍ഡ് നാമത്തില്‍ ആരംഭിക്കുകയെന്ന് വ്യക്തമല്ല, എങ്കിലും, ഈ പുതിയ സംരംഭം ഓഡിയോ ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കാള്‍ പെയ് വെളിപ്പെടുത്തിയിരുന്നു. ഹെഡ്‌ഫോണുകള്‍ മാത്രമല്ല, അതിലേറെയും കമ്പനി സൃഷ്ടിച്ചേക്കുമെന്നാണ് സൂചന. സംഗീതത്തിനായി ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിന്റെ ഒരു സൂചനയും നതിങ് നല്‍കുന്നു.