അങ്ങനെ വരവായി; വണ്‍പ്ലസ് 13 ഇന്ത്യ ലോഞ്ച് പ്രഖ്യാപിച്ചു, അതിശയ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം
വണ്‍പ്ലസ് 13 ഡിസംബര്‍ മാസം ഇന്ത്യയിലെത്തും എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍, എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ മാറ്റമുണ്ട്
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട‌്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് അവരുടെ വണ്‍പ്ലസ് 13 ഫ്ലാഗ്‌ഷിപ്പ് എപ്പോള്‍ ഇന്ത്യയില്‍ പുറത്തിറക്കും. കഴിഞ്ഞ ഒക്ടോബര്‍ 31ന് ചൈനയില്‍ പുറത്തിറങ്ങിയ ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ വണ്‍പ്ലസ് 13 ഇന്ത്യയിലെത്താന്‍ 2025 വരെ കാത്തിരിക്കണം എന്ന് കമ്പനി അറിയിച്ചു.
വണ്‍പ്ലസ് 13 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണ്‍ 2025 ജനുവരിയിലായിരിക്കും ഇന്ത്യയിലും ആഗോള വിപണിയിലും എത്തുക. വാര്‍ത്താക്കുറിപ്പിലൂടെ വണ്‍പ്ലസ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് കളര്‍ വേരിയന്‍റുകളിലായിരിക്കും ഫോണ്‍ വരിക. ക്വാല്‍കോമിന്‍റെ പുതിയ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് എസ്ഒസി ചിപ്പില്‍ അണിയിച്ചൊരുക്കുന്ന ആദ്യ സ്‌മാര്‍ട്ട്ഫോണുകളിലൊന്നായിരിക്കും വണ്‍പ്ലസ് 13. ഐപി68, ഐപി69 റേറ്റിംഗോടെയാണ് ഫോണിന്‍റെ വരവ്. വണ്‍പ്ലസ് 13 പുറത്തിറക്കാന്‍ പ്രത്യേക മൈക്രോസൈറ്റ് തന്നെ കമ്പനി സൃഷ്ടിച്ചിട്ടുണ്ട്. കമിംഗ്‌സൂണ്‍ എന്ന് വെബ് പേജില്‍ കാണാം.
പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍
വണ്‍പ്ലസ് 13ന്‍റെ ചൈനീസ് വേരിയന്‍റില്‍ 6.82 ഇഞ്ച് ക്വാഡ്-എച്ച്‌ഡി+ ഡിസ്‌പ്ലെയാണുള്ളത്. എല്‍ടിപിഒ അമോല്‍ഡ് സ്ക്രീനാണിത്. 24 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും ഫോണിനുണ്ടായിരുന്നു. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയ്ക്കൊപ്പം 50 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 50 എംപി പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറ (3x ഒപ്റ്റിക്കല്‍, 6x ഇന്‍-സെന്‍സര്‍, 120x ഡിജിറ്റല്‍) സെന്‍സറുകള്‍ പിന്‍ഭാഗത്തും സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 30 എംപി മുന്‍ക്യാമറയുമുണ്ടായിരുന്നു. 6,000 എംഎഎച്ച് ആയിരുന്നു വണ്‍പ്ലസ് 13 ചൈനീസ് മോഡലിന്‍റെ ബാറ്ററി കപ്പാസിറ്റി. 100 വാട്സ് വയേര്‍ഡ് ചാര്‍ജറും 50 വാട്സ് വയര്‍ലെസ് ചാര്‍ജറും ഫോണിനുണ്ടായിരുന്നു.
Read more: ഫ്ലാഗ്‌ഷിപ്പ് ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററി കപ്പാസിറ്റി; ഞെട്ടിക്കാന്‍ വണ്‍പ്ലസ് 13
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം