സാംസങ് ഗ്യാലക്സി, വണ്‍പ്ലസ്, പോക്കോ, ഒപ്പോ, റെഡ്‌മി; ജനുവരിയില്‍ സ്‌മാര്‍ട്ട്ഫോണ്‍ ലോഞ്ചുകളുടെ ചാകര
സാംസങ് ഗ്യാലക്സി, വണ്‍പ്ലസ്, പോക്കോ, ഒപ്പോ, റെഡ്‌മി എന്നീ പ്രമുഖ ബ്രാന്‍ഡുകളുടെ ഫോണുകള്‍ 2025 ജനുവരി മാസം വിപണിയിലേക്ക്
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ ജനുവരി മാസം അനവധി പുത്തന്‍ സ്‌മാര്‍ട്ട്ഫോണുകള്‍ വിപണിയിലേക്ക്. സാംസങ് ഗ്യാലക്സി, വണ്‍പ്ലസ്, പോക്കോ, ഒപ്പോ എന്നീ പ്രമുഖ ബ്രാന്‍ഡുകളുടെ ഫോണുകള്‍ ജനുവരിയില്‍ വിപണിയിലെത്തും. ഷവോമിയുടെ പാഡ് ഡിവൈസും വരാനുണ്ട്.
സ്‌മാര്‍ട്ട്ഫോണ്‍ വിപണിയിലെ കിടമത്സരത്തിന് ഇത്തവണ ജനുവരി മാസത്തിലേ തുടക്കമാകും. ബഡ്ജറ്റ് ഫോണുകളും ഫ്ലാഗ്ഷിപ്പ് ഫോണുകളും വിപണിയിലെത്താനുണ്ട്. റെഡ്‌മിയുടെ അഫോര്‍ഡബിളായ 5ജി ഫോണ്‍, പോക്കോയുടെ പെര്‍ഫോമന്‍സിന് പ്രാധാന്യമുള്ള എക്സ്7 സിരീസ്, ഒപ്പോയുടെ മിഡ്-പ്രീമിയം റെനോ 13 സിരീസ് എന്നിവ ഇതില്‍പ്പെടും. സാംസങ് അവരുടെ ഗ്യാലക്സി എസ്25 സിരീസ് പുറത്തിറക്കുമെന്ന സന്തോഷ വാര്‍ത്തയും 2025 ജനുവരിയിലുണ്ട്.
2025 ജനുവരിയില്‍ പുറത്തിറങ്ങുന്ന സ്‌മാര്‍ട്ട്ഫോണുകള്‍
1. റെഡ്മി 14സി 5ജി (ജനുവരി 6)
ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 4 ജനറേഷന്‍ 2 ചിപ്‌സെറ്റിലുള്ള ഷവോമിയുടെ റെഡ്മി 14സി സ്‌മാര്‍ട്ട്ഫോണാണ് ഇതിലൊന്ന്. 6.88 ഇഞ്ച് 120Hz ഡിസ്പ്ലെ വരുന്ന ഫോണില്‍ 5,160 എംഎഎച്ച് ബാറ്ററിയും 18 വാട്സ് ചാര്‍ജറുമുണ്ടാകും.
2. വണ്‍പ്ലസ് 13 സിരീസ് (ജനുവരി 7)
വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്ന് രണ്ട് ഫോണുകളാണ് വണ്‍പ്ലസ് 13 സിരീസിലുണ്ടാവുക. ഫ്ലാഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 13ല്‍ സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, 6.82 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലെ, 6,000 എംഎഎച്ച് ബാറ്ററി, 100 വാട്സ് വയേര്‍ഡ് ചാര്‍ജര്‍, 50 വാട്സ് വയര്‍ലെസ് ചാര്‍ജര്‍ എന്നിവയുണ്ടാകുമെന്നാണ് സൂചന.
3.പോക്കോ എക്സ്7 സിരീസ് (ജനുവരി 9)
പോക്കോ എക്സ്7 5ജി, പോക്കോ എക്സ്7 പ്രോ 5ജി എന്നീ സ്‌മാര്‍ട്ട്ഫോണുകളാണ് പോക്കോ എക്സ്7 സിരീസിലുണ്ടാവുക. 6.67 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലെയില്‍ എത്തുന്ന എക്സ്7ല്‍ മീഡിയടെക് ഡൈമന്‍സിറ്റി 7300- അള്‍ട്രാ ചിപ്പ്, 5,110 എംഎഎച്ച് ബാറ്ററി, 45 വാട്സ് ചാര്‍ജര്‍ എന്നിവ പ്രതീക്ഷിക്കാം.
4. ഷവോമി പാഡ് 7 (ജനുവരി 10)
144Hz റിഫ്രഷ് റേറ്റിലുള്ള 11.2 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലെ, സ്നാപ്‌ഡ്രാഗണ്‍ 7 പ്ലസ് ജനറേഷന്‍ 3 ചിപ്പ്, 8,850 എംഎഎച്ച് ബാറ്ററി, 45 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ ഷവോമി പാഡ് 7ലുണ്ടാകും.
5. സാംസങ് ഗ്യാലക്സി എസ്25 സിരീസ് (ജനുവരി 22- പ്രതീക്ഷിക്കുന്ന തിയതി)
ജനുവരി 22നാണ് ഗ്യാലക്സി എസ്25 സിരീസ് പുറത്തിറങ്ങുക എന്നാണ് അഭ്യൂഹങ്ങള്‍. സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് പ്രൊസസ്സറാണ് ഗ്യാലക്സി എസ്25 അള്‍ട്രയില്‍ പ്രതീക്ഷിക്കുന്നത്. 16 ജിബി റാം, പുതിയ എഐ ടൂളുകള്‍, എന്‍ഹാന്‍സ്‌ഡ് ക്യാമറ എന്നിവയും വരുമെന്നാണ് സൂചന. നേര്‍ത്ത ബെസ്സെല്‍സിലുള്ള മികച്ച ഡിസ്പ്ലെകള്‍ ഗ്യാലക്സി എസ്25, എസ്25 പ്ലസ് എന്നിവയില്‍ വരും.
6. ഒപ്പോ റെനോ 13 സിരീസ് (തിയതി പ്രഖ്യാപിച്ചിട്ടില്ല)
6.83 ഇഞ്ച് ക്വാഡ് കര്‍വ്ഡ് അമോല്‍ഡ് ഡിസ്പ്ലെയില്‍ എത്തുന്ന റെനോ 13 പ്രോയില്‍ മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്പാണ് ഉള്‍പ്പെടുക. 80 വാട്സ് വയേര്‍ഡ്, 50 വാട്സ് വയര്‍ലെസ് ചാര്‍ജറോടെ 5,800 എംഎഎച്ചിന്‍റെതായിരിക്കും ബാറ്ററി. അതേസമയം റെനോ 13ല്‍ 6.59 ഇഞ്ച് ഡിസ്പ്ലെയായിരിക്കും. ടെലിഫോട്ടോ ലെന്‍സ് ഉണ്ടാവില്ല.
Read more: ഐഫോണ്‍ 17 കസറും; ബേസ് മോഡലുകളുടെ ഡിസ്‌പ്ലെ കൊള്ളില്ലെന്ന് ഇനിയാരും പരാതി പറയില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം