വണ്‍പ്ലസ് ഉപയോക്താവാണോ നിങ്ങള്‍; വിട്ടുകളയല്ലേ, വന്‍ അപ്‌ഡേറ്റ് ഇന്ത്യയിലും എത്തി
വണ്‍പ്ലസ് അവരുടെ ഏറ്റവും പുതിയ ഓക്‌സിജന്‍ഒഎസ് 15 ഇന്ത്യയിലും അവതരിപ്പിച്ചു, ലഭ്യമായ ഫോണുകളും ഫീച്ചറുകളും
ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനത്തിലുള്ള ഓക്‌സിജന്‍ഒഎസ് 15 പുറത്തിറക്കിത്തുടങ്ങി. കൂടുതല്‍ വേഗവും അനായാസവുമായ ഈ പുതിയ യൂസര്‍ ഇന്‍റര്‍ഫേസ് കൂടുതല്‍ വണ്‍പ്ലസ് ഫോണുകളിലേക്ക് ഉടന്‍ എത്തും. ധാരാളം എഐ ടൂളുകളും ഓക്‌സിജന്‍ഒഎസ് 15ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വണ്‍പ്ലസിന്‍റെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഓക്‌സിജന്‍ഒഎസ് എന്നറിയപ്പെടുന്നത്.
എപ്പോള്‍ മറ്റ് ഫോണുകളില്‍
ഓക്‌സിജന്‍ഒഎസ് 15ന്‍റെ ബീറ്റ വേര്‍ഷന്‍ കഴിഞ്ഞ മാസം വണ്‍പ്ലസ് 12, വണ്‍പ്ലസ് 12ആര്‍ സ്മാര്‍ട്ട്ഫോണുകളില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇതിന്‍റെ ഒറിജനല്‍ പതിപ്പ് ഈ രണ്ട് സ്മാര്‍ട്ട്ഫോണ്‍ മോഡലുകളിലും പ്രത്യക്ഷപ്പെട്ടു. ഈ ഫോണുകളുടെ ഇന്ത്യന്‍, യൂറോപ്യന്‍, ആഗോള മോഡലുകളില്‍ ഈ അപ്‌ഡേറ്റ് ലഭ്യമാണ്. വടക്കേ അമേരിക്കന്‍ ഫോണുകളില്‍ വരും ദിവസങ്ങളില്‍ ഓക്‌സിജന്‍ഒഎസ് 15 അപ്‌ഡേറ്റ് എത്തിച്ചേരും. ഡിസംബറില്‍ വണ്‍പ്ലസ് 11, വണ്‍പ്ലസ് 11ആര്‍, വണ്‍പ്ലസ് നോര്‍ഡ് 4, വണ്‍പ്ലസ് നോര്‍ഡ് സിഇ4, വണ്‍പ്ലസ് സിഇ4 ലൈറ്റ്, വണ്‍പ്ലസ് പാഡ് എന്നിവയിലും ജനുവരിയില്‍ വണ്‍പ്ലസ് 10 പ്രോയിലും വണ്‍പ്ലസ് 10ടിയിലും വണ്‍പ്ലസ് നോര്‍ഡ് 3യിലും ഓക്‌സിജന്‍ഒഎസ് 15 ലഭ്യമാകും. ഫെബ്രുവരിയാണ് ഓക്‌സിജന്‍ഒഎസ് 15 അപ്‌ഡേറ്റ് എത്തിച്ചേരാന്‍ വണ്‍പ്ലസ് 10ആര്‍, വണ്‍പ്ലസ് നോര്‍ഡ് സിഇ3 ഫോണുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന സമയപരിധി.
എന്തെല്ലാം പ്രത്യേകതകള്‍
വിവിധ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ സഹിതമുള്ള വണ്‍പ്ലസ് ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റാണ് ഓക്‌സിജന്‍ഒഎസ് 15 അപ്‌ഡേറ്റ്. ഗൂഗിളിന്‍റെ ജെമിനി എഐ മോഡലുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഇന്‍റലിജന്‍റ് സെര്‍ച്ച്, എഐ നോട്ട്‌സ്, എഐ റിപ്ലൈ, പുതിയ ഫോട്ടോഗ്രാഫി ടൂളുകള്‍, എഐ ഡീറ്റൈല്‍ ബൂസ്റ്റ്, എഐ അണ്‍ബ്ലറര്‍, എഐ റിപ്ലക്ഷന്‍ എറേസര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഓക്‌സിജന്‍ഒഎസ് 15ല്‍ ലഭിക്കും. ഷെയര്‍ വിത്ത് ഐഫോണ്‍ എന്ന ഫയല്‍ ഷെയറിംഗ് ഓപ്ഷനാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്ന മറ്റൊരു ഓപ്ഷന്‍. ഡിസൈനിലും ആനിമേഷനിലും വന്നിരിക്കുന്ന മാറ്റങ്ങള്‍ ആപ്പുകളുടെ അനായാസമായ ട്രാന്‍സിഷന്‍ ഉറപ്പാക്കും വിധമുള്ളതാണ് എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. യുഐയിലും ഐക്കണുകളിലും റീഡിസൈനും വണ്‍പ്ലസ് ഓക്‌സിജന്‍ഒഎസ് 15ലൂടെ വരുത്തിയിട്ടുണ്ട്.
സിസ്റ്റം സ്റ്റോറേജ് ഉപയോഗം കുറക്കാനും പുതിയ ഒഎസ് വഴിയൊരുക്കും എന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു. മൊബൈല്‍ മോഷണം പോകുന്നത് തടയാനുള്ള തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, റിമോട്ട് ലോക്ക് എന്നീ സുരക്ഷാ ഫീച്ചറുകളും ആന്‍ഡ്രോയ്ഡ് 15ല്‍ തയ്യാറാക്കിയിരിക്കുന്ന ഓക്‌സിജന്‍ഒഎസ് 15ലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം