വണ്‍പ്ലസ് 13 വരവായി, വണ്‍പ്ലസ് 12ന്‍റെ വില കുറച്ചു, ഇന്ത്യക്കാര്‍ക്ക് ലോട്ടറി

വണ്‍പ്ലസ് 13 പുറത്തിറക്കുന്നതിന് മുന്നോടിയായി ഇന്ത്യയില്‍ വണ്‍പ്ലസ് 12ന്‍റെ വില കുറച്ചു, ഓഫറുകള്‍ വിശദമായി. 

OnePlus 12 Price Drops in India Ahead of OnePlus 13 Launch

തിരുവനന്തപുരം: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് അവരുടെ 13 സിരീസ് ഇന്ത്യയില്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി വണ്‍പ്ലസ് 12ന്‍റെ വില കുറച്ചു. 2025 ജനുവരി ഏഴാം തിയതിയാണ് വണ്‍പ്ലസ് 13 സിരീസ് ഫോണുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ലോഞ്ച് ചെയ്യുന്നത്. 

വണ്‍പ്ലസ് 12ന് വിലക്കുറവ്

വണ്‍പ്ലസ് അവരുടെ അടുത്ത ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണായ വണ്‍പ്ലസ് 13 സിരീസ് പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നീ രണ്ട് ഫോണുകളാണ് ഈ സിരീസിലുണ്ടാവുക. ഇതിന് മുന്നോടിയായി നിലവിലെ വണ്‍പ്ലസ് 12ന്‍റെ വില കുറച്ചു. വണ്‍പ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണ്‍ ഇന്ത്യയും ഫ്ലിപ്‌കാര്‍ട്ടും അടക്കമുള്ള ഇ-റീടെയ്‌ല്‍ പ്ലാറ്റ്‌ഫോമുകളിലും ഓഫര്‍ ലഭ്യമാകും. 64,999 രൂപയിലായിരുന്നു വണ്‍പ്ലസ് 12 ഇന്ത്യയില്‍ എത്തിയിരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്‍റിന്‍റെ വിലയായിരുന്നു ഇത്. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വണ്‍പ്ലസ് 12 വേരിയന്‍റിന്‍റെ വില 69,999 രൂപയുമായിരുന്നു. 

ഇപ്പോള്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വണ്‍പ്ലസ് 12ന് വണ്‍പ്ലസ് ഇന്ത്യ വെബ്‌സൈറ്റിലും ആമസോണിലും ഫ്ലിപ്‌കാര്‍ട്ടിലും 59,999 രൂപയേയുള്ളൂ. ഐസിഐസിഐ കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ 7,000 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ വണ്‍പ്ലസ് 12 ബേസ് മോഡലിന്‍റെ വില 53,999 രൂപയായി താഴും. ഇതേ ഓഫര്‍ ആമസോണും ഇന്ത്യക്കാര്‍ക്ക് നല്‍കുന്നു. അതേസമയം വണ്‍പ്ലസ് 12ന്‍റെ 16 ജിബി + 512 ജിബി വേരിയന്‍റിന്‍റെ വില ഇപ്പോള്‍ 64,999 രൂപയാണ്. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 7,000 രൂപ ഡിസ്‌കൗണ്ട് വണ്‍പ്ലസ് നല്‍കുന്നുണ്ട്. ഇതോടെ 16 ജിബി വേരിയന്‍റിന്‍റെ വില 57,999 രൂപയായി താഴുന്നു. ആമസോണും സമാന ഓഫര്‍ നല്‍കുന്നു. ഫ്ലിപ്‌കാര്‍ട്ടില്‍ വണ്‍പ്ലസ് 12ന്‍റെ 16 ജിബി + 256 ജിബി വേരിയന്‍റിന്‍റെ വില 61,924 രൂപയാണ്.  

വണ്‍പ്ലസ് 12 പ്രത്യേകതകള്‍

എല്‍ടിപിഒ സാങ്കേതികവിദ്യയിലുള്ള 6.82 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയില്‍ 120Hzസില്‍ വരുന്ന പ്രോഎക്‌സ്‌ഡിആര്‍ സ്ക്രീനാണ് വണ്‍പ്ലസ് 12നുള്ളത്. 3168 x 1440 പിക്‌സലാണ് ഡിസ്‌പ്ലെ. ഗോറില്ല ഗ്ലാസ് 2 സുരക്ഷയുണ്ട്. സ്‌നാപ്‌ഡ്രാഗണ്‍ 8 ജനറേഷന്‍ 3 ചിപ്‌സെറ്റിലുള്ള വണ്‍പ്ലസ് 12 ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള ഓക്സിജന്‍ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 100 വാട്സ് സൂപ്പര്‍വോക് ഫാസ്റ്റ് ചാര്‍ജിംഗോടെ 5,000 എംഎഎച്ചിന്‍റെതാണ് ബാറ്ററി. 50 എംപി വൈഡ്-ആംഗിള്‍ സോണി എല്‍വൈറ്റി-808 സെന്‍സറും, 64 എംപി സോണി ഐഎംഎക്സ്-581 പെരിസ്‌കോപ് സെന്‍സറും, 48 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ സോണി ഐഎംഎക്സ്-581 സെന്‍സറുമാണ് റീയര്‍ ക്യാമറ യൂണിറ്റില്‍ വരുന്നത്. 32 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 

Read more: ഇന്ത്യന്‍ ലോഞ്ചിന് തയ്യാറെടുത്ത് വണ്‍പ്ലസ് 13; വില, റാം, സ്റ്റോറേജ് വിവരങ്ങള്‍ ചോര്‍ന്നു- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios