32 എംപി ഫ്രണ്ട് ക്യാമറ, മികച്ച ബാറ്ററി, അത്യാകര്‍ഷകമായ ഡിസ്‌പ്ലേ; മോട്ടോ റേസര്‍ 50 സൂചനകള്‍ പുറത്ത്
അമേരിക്കന്‍ ബ്രാന്‍ഡായ മോട്ടോറോളയുടെ റേസര്‍ കുടുംബത്തിലേക്ക് മറ്റൊരു സ്‌മാര്‍ട്ട്‌ഫോണ്‍ കൂടി എത്തുകയാണ്
വാഷിംഗ്‌ടണ്‍: സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ ആകാംക്ഷ ജനിപ്പിച്ച് നിര്‍മാതാക്കളായ മോട്ടോറോളയുടെ മോട്ടോ റേസര്‍ 50യുടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ടെനാ സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ വന്ന വിവരങ്ങള്‍ പ്രകാരം ആകര്‍ഷകമായ ഡിസൈനും ഫീച്ചറുകളും റേസര്‍ 50ക്കുണ്ടാകും.
അമേരിക്കന്‍ ബ്രാന്‍ഡായ മോട്ടോറോളയുടെ റേസര്‍ കുടുംബത്തിലേക്ക് മറ്റൊരു സ്‌മാര്‍ട്ട്‌ഫോണ്‍ കൂടി എത്തുകയാണ്. കൂടുതല്‍ ആകര്‍ഷകമായ കവര്‍ സ്ക്രീനും ഫീച്ചറുകളും ഈ മോഡലിനുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. റേസര്‍ 40 അള്‍ട്രയിലുള്ള അതേ 3.6 ഇഞ്ച് കവര്‍ സ്ക്രീനായിരിക്കും പുതിയ റേസര്‍ 50 മോഡലിലുമുണ്ടാവുക. രണ്ട് ക്യാമറകളും എല്‍ഇഡി ഫ്ലാഷനും ഇതിനോട് ചേര്‍ന്നുവരുന്നത് ഫോണിനെ കൂടുതല്‍ മനോഹരമാക്കുന്നു. മടക്കാവുന്ന 6.9 ഇഞ്ച് ഒഎല്‍ഇഡി പാനലിലാണ് ഇന്നര്‍ ഡിസ്‌പ്ലെ ഒരുക്കിയിരിക്കുന്നത്. ഫുള്‍ എച്ച്‌ഡി+ വീഡിയോ അനുഭവം ഈ ഡിസ്‌പ്ലെ ഉറപ്പുനല്‍കുന്നു. മികച്ച സെല്‍ഫി ചിത്രങ്ങള്‍ ഉറപ്പാക്കുന്ന 32 എംപി ഫ്രണ്ട് ക്യാമറയാണ് ഫോണിന്‍റെ മറ്റൊരു പ്രധാന ആകര്‍ഷണം. സ്ക്രീന്‍ കാഴ്‌ചയ്ക്ക് തടസം വരാത്ത രീതിയിലാണ് ഈ ക്യാമറ സജ്ജീകരിക്കുന്നത്.
റേസര്‍ 50ന്‍റെ രണ്ട് പിന്‍ക്യാമറകളും മികച്ച ചിത്രങ്ങളും വീഡിയോ ചിത്രീകരണവും ഉറപ്പുവരുത്തും എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 50 എംപി പ്രധാന ക്യാമറയും 13 എംപി അള്‍ട്രാവൈഡ് ക്യാമറയുമാണ് ഈ റിയര്‍ സെറ്റപ്പിലുള്ളത്. രണ്ട് ഒഎല്‍ഇഡി പാനലുകള്‍ ഉണ്ടായിട്ടും ഫോണിന്‍റെ സ്ലിം ബ്യൂട്ടിക്ക് തടസം വരാത്ത രീതിയില്‍ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സ്‌കാനറാണ് മറ്റൊരു പ്രത്യേകത. തുറന്നിരിക്കുമ്പോള്‍ 171.3 x 73.9 x 7.2 mm അളവുകളായിരിക്കും മോട്ടോറോള റേസര്‍ 50ക്കുണ്ടാവുക. 188 ഗ്രാം ഭാരവും പറയപ്പെടുന്നു. ഉപഭോക്താക്കള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പറ്റുന്ന അളവുകളാണിത് എന്നാണ് അനുമാനം.
16 ജിബി റാമും 1 ടിബി ഇന്‍റേണല്‍ സ്റ്റോറേജും വരെയുള്ള വിവിധ വേരിയന്‍റുകളില്‍ മോട്ടോറോള റേസര്‍ 50 വിപണിയിലെത്തും എന്നാണ് സൂചന. സ്റ്റോറേജുകള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ അവതരണ ചടങ്ങില്‍ മാത്രമേ പുറത്തുവരൂ. മികച്ച ബാറ്ററി പരിധിയും റേസര്‍ 50യില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഫോണ്‍ എപ്പോഴാണ് അവതരിപ്പിക്കുക എന്ന തിയതി മോട്ടോറോള ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും വരും ആഴ്‌ചകളില്‍ പ്രതീക്ഷിക്കാം.
Read more: ഷാര്‍പ്പാണ് സാംസങ്; ഗാലക്‌സി എക്‌സ് ഫോള്‍ഡ് 6ന്‍റെ ചിത്രം ലീക്കായി! സംഭവം കലക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം