5200 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറ, മൂന്ന് സിം സ്ലോട്ട്; വെറും 6,999 രൂപയ്ക്ക് മോട്ടോ ജി05 ഇന്ത്യയില്‍
മോട്ടോറോള പുതിയ എന്‍ട്രി-ലെവല്‍ സ്‌മാര്‍ട്ട്ഫോണായ മോട്ടോ ജി05 ഇന്ത്യയില്‍ പുറത്തിറക്കി, ഫീച്ചറുകളും വിലയും വിശദമായി അറിയാം
ദില്ലി: സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മോട്ടോറോള പുതിയ എന്‍ട്രി-ലെവല്‍ ഫോണായ മോട്ടോ ജി05 ഇന്ത്യയില്‍ പുറത്തിറക്കി. 5,200 എംഎഎച്ച് ബാറ്ററി, 6.67 ഇഞ്ച് ഡിസ്‌പ്ലെ തുടങ്ങി മികച്ച ഫീച്ചറുകളുള്ള ഈ ഫോണിന്‍റെ വില 6,999 രൂപയാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജും വരുന്ന ഏക വേരിയന്‍റിന്‍റെ വില്‍പന ജനുവരി 13ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഫ്ലിപ്‌കാര്‍ട്ട്, മോട്ടോറോള.ഇന്‍ എന്നിവ വഴി മോട്ടോ ജി05 വാങ്ങാം.
2025ലെ ആദ്യ എന്‍ട്രി-ലെവല്‍ സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് മോട്ടോറോള. കമ്പനിയുടെ പ്രസിദ്ധമായ സിരീസുകളിലൊന്നായ ജിയില്‍ വരുന്ന ഈ ഫോണിന്‍റെ പേര് മോട്ടോ ജി05 എന്നാണ്. ബജറ്റ്-ഫ്രണ്ട്‌ലി എങ്കിലും പ്രീമിയം ഫീച്ചറുകള്‍ ഈ ഫോണിന്‍റെ സവിശേഷതയാണ്. 6.67 ഇഞ്ച് ഡിസ്‌പ്ലെയില്‍ വരുന്ന ഫോണിന്‍റെ ഉയര്‍ന്ന ബ്രൈറ്റ്‌നസ് 1000-നിറ്റ്‌സും, റിഫ്രഷ് റേറ്റ് 90Hz ഉം ആണ്. ഗോറില്ല ഗ്ലാസ് 3 സുരക്ഷ ഡിസ്‌പ്ലെയ്ക്ക് നല്‍കിയിരിക്കുന്നു. ഫോറസ്റ്റ് ഗ്രീന്‍, പ്ലം റെഡ് എന്നീ നിറങ്ങളില്‍ വരുന്ന ഫോണിന്‍റെ സുരക്ഷാ ഗ്രേഡിംഗ് ഐപി52 ആണ്.
മീഡിയടെക് ഹീലിയോ ജി81 എക്‌സ്ട്രീം പ്രൊസസറില്‍ വരുന്ന മോട്ടോ ജി05 ആന്‍ഡ്രോയ് 15 അടിസ്ഥാനത്തിലുള്ളതാണ്. കൂടുതല്‍ സ്വകാര്യത, അത്യാധുനിക സുരക്ഷാ ഫീച്ചറുകള്‍ എന്നിവ ആന്‍ഡ്രോയ് 15നുണ്ട്. ക്വാഡ് പിക്സല്‍ സാങ്കേതികവിദ്യയില്‍ നൈറ്റ് വിഷന്‍ മോഡ് സഹിതം വരുന്ന മോട്ടോ ജി05ന് 50 മെഗാപിക്‌സലിന്‍റെ ക്യാമറയും ആകര്‍ഷകമാണ്. പോട്രൈറ്റ് ഫോട്ടോഗ്രഫി, ടൈംലാപ്‌സ്, ലൈവ് ഫിള്‍ട്ടര്‍, പനോരമ, ലെവലര്‍ തുടങ്ങിയ ഫീച്ചറുകളുള്ള ക്യാമറയോടൊപ്പം ഗൂഗിള്‍ ഫോട്ടോ എഡിറ്റര്‍, മാജിക് അണ്‍ബ്ലര്‍, മാജിക് എറേസര്‍, മാജിക് എഡിറ്റ്‍ തുടങ്ങിയ പ്രത്യേക ഫീച്ചറുകളും അടങ്ങിയിരിക്കുന്നു. ഫേസ് റീ-ടച്ച് ഉള്‍പ്പെടുന്ന സെല്‍ഫി ക്യാമറ 8 എംപിയുടേത്.
മൂന്ന് സിം സ്ലോട്ടുകള്‍ എന്ന സവിശേഷതയും മോട്ടോ ജി05നുണ്ട്. ഇന്‍-ബിള്‍ട്ട് 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം 12 ജിബി വരെ റാം എക്‌സ്‌പാന്‍ഷന്‍ സൗകര്യം, എസ്‌ഡി കാര്‍ഡ് വഴി 1 ടിബി വരെ അധിക സ്റ്റോറേജ് എന്നിവയും ഫോണിന്‍റെ പ്രത്യേകതകളാണ്. 18 വാട്‌സ് ചാര്‍ജിംഗ് വേഗതയില്‍ 5,200 എംഎഎച്ചിന്‍റെ ബാറ്ററിയാണ് കൂടെയുള്ളത്.
Read more: വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ ഇന്ത്യ ലോഞ്ച് ഇന്ന്; പ്രതീക്ഷിക്കുന്ന വില, എങ്ങനെ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം