ഐഫോൺ സ്വിച്ച് ഓഫാക്കാൻ ഇനിയെന്തെളുപ്പമാകും; കോള്‍ റെക്കോര്‍ഡ് ചെയ്യുന്നത് അറിയാനും വഴി
കോണ്‍ഫറൻസിൽ പ്രധാനമായും അവതരിപ്പിച്ച മാറ്റങ്ങളിലൊന്നായിരുന്നു ഒരു ഭാഗം കൺട്രോൾ സെന്‍ററിന്‍റേത്
ഐഫോൺ ഇനി എളുപ്പത്തിൽ സ്വിച്ച് ഓഫ് ചെയ്യാം. ഈ വർഷത്തെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ വെച്ചാണ് ആപ്പിൾ പുതിയ ഐഒഎസ് 18 ഫീച്ചറുകൾ അവതരിപ്പിച്ചത്. പവർ ബട്ടണും വോളിയം ബട്ടണും ഒരേ സമയം പ്രസ് ചെയ്ത് പിടിച്ചാണ് ഇപ്പോൾ ഐഫോൺ സ്വിച്ച് ഓഫ് ആക്കുന്നതിനുള്ള സ്ലൈഡർ ഓപ്ഷൻ എടുക്കുന്നത്. എന്നാൽ പുതിയ അപ്ഡേറ്റ് അനുസരിച്ച് ഫോൺ സ്വിച്ച് ഓഫാക്കാനായി ഇനി കൺട്രോൾ സെന്ററിൽ തന്നെ ഓപ്ഷനുണ്ടാകും. കൺട്രോൾ സെന്റർ ഓപ്പൺ ചെയ്യുമ്പോൾ മുകളിൽ വലത് കോണിലായി തന്നെ പവർ ബട്ടൻ കാണാം. ഈ ബട്ടണിൽ ടാപ്പ് ചെയ്താൽ സ്വിച്ച് ഓഫ് ആക്കുന്നതിനുള്ള സ്ലൈഡർ കാണാം. അത് ടോഗിൾ ചെയ്താണ് ഫോൺ ഓഫാക്കേണ്ടത്. ഐഒഎസ് 18ന്‍റെ ഡെവലപ്പർ ബീറ്റ ഇതിനകം പലർക്കും ലഭിച്ചു കഴിഞ്ഞു.
കോണ്‍ഫറൻസിൽ പ്രധാനമായും അവതരിപ്പിച്ച മാറ്റങ്ങളിലൊന്നായിരുന്നു ഒരു ഭാഗം കൺട്രോൾ സെന്‍ററിന്‍റേത്. തേഡ് പാർട്ടി ആപ്പുകളുടെ കൺട്രോൾ ഓപ്ഷനുകൾ ഉൾപ്പടെ പുതിയ നിരവധി ഓപ്ഷനുകളാണ് കൺട്രോൾ സെന്‍ററിൽ വരുന്നത്. ഇതിന് പിന്നാലെ ഐഫോൺ ഉപഭോക്താക്കൾ ആഗ്രഹിച്ചിരുന്ന കോൾ റെക്കോർഡിങ് ഓപ്ഷനും ഇനി മുതലുണ്ടാകും. കോൾ ട്രാൻസ്‌ക്രൈബ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാവും. ഫോൺ ആപ്പിൽ നിന്ന് നേരിട്ട് കോളുകൾ റെക്കോർഡ് ചെയ്യാനും സംസാരിക്കുന്ന കാര്യങ്ങൾ തത്സമയം ടെക്‌സ്റ്റ് ആക്കി ട്രാൻസ്‌ക്രൈബ് ചെയ്യാനുമാകും എന്നാണ് ആപ്പിൾ പറയുന്നത്.
ആൻഡ്രോയിഡിന് സമാനമായി കോൾ റെക്കോർഡ് ചെയ്യുന്ന വിവരം ഫോണിന്‍റെ മറുതലയ്ക്കൽ ഉള്ളവർക്ക് അറിയാനാകും. റെക്കോർഡ് ചെയ്യുന്ന സമയത്ത് സ്‌ക്രീനിൽ സൗണ്ട് വേവ് ഗ്രാഫിക്‌സും കാണിക്കും. കോൾ റെക്കോർഡ് ചെയ്തുകഴിഞ്ഞ ശേഷമാകും അത് നോട്ട്‌സ് ആപ്പിൽ ട്രാൻസ്‌ക്രൈബ് ചെയ്‌തെടുക്കാനാകുക.
Read more: വിവോ വൈ58 5ജി ഇന്ത്യ ലോഞ്ച് തിയതി പുറത്ത്; കുറഞ്ഞ വിലയില്‍ മികച്ച ഫോണ്‍ കൈകളിലേക്കോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം