ഐഫോണിലെ കേമനെ ഓഫർ വിലയിൽ സ്വന്തമാക്കാം; 8000 രൂപയിലേറെ കുറവ്, ഇന്‍സ്റ്റന്‍റ് കിഴിവും ബാങ്ക് ഓഫറും
ആപ്പിളിന്‍റെ മൂന്ന് മാസം മുമ്പ് പുറത്തിറങ്ങിയ ഐഫോണ്‍ 16 പ്രോ വിലക്കുറവില്‍ ഇപ്പോള്‍ ലഭ്യം
തിരുവനന്തപുരം: ഐഫോൺ 16 സിരീസിന് ഇപ്പോള്‍ വിലക്കുറവ്. ആമസോണിൽ ഓഫറോടു കൂടി ഐഫോൺ 16 ഇപ്പോൾ ലഭ്യമാണ്. അതേസമയം 1,19,900 രൂപയ്ക്ക് അവതരിപ്പിച്ച ഐഫോൺ 16 പ്രോ ഇപ്പോൾ 1,16,300 രൂപയ്ക്ക് വിജയ് സെയില്‍സില്‍ ലഭ്യമാണ്. 3,600 രൂപയുടെ നേരിട്ടുള്ള ഡിസ്‌കൗണ്ട് വിജയ് സെയില്‍സ് നല്‍കുന്നു. ഇതിന് പുറമെ ഐസിഐസിഐ, എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിയാൽ 4,000 രൂപയുടെ അധിക കിഴിവും ഫോണിന് ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉള്ള ആളുകൾക്ക് 4,500 രൂപ കിഴിവ് ക്ലെയിം ചെയ്യാൻ കഴിയും. ഇതോടെ ഐഫോണ്‍ 16 പ്രോയുടെ വില 1,11,800 രൂപയായി കുറയും.
ബജറ്റ് ഒരു പ്രശ്‌നമല്ലെങ്കിൽ ഐഫോൺ 16 പ്രോ മികച്ച ഓപ്ഷനാണ്. ക്യാമറ കൺട്രോൾ ബട്ടണുള്ള ഫോണാണിത്. ഐഫോൺ 15 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ 16 പ്രോയുടെ സ്‌ക്രീൻ വലുതാണ്. പുതിയ മോഡലിന് 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫീച്ചർ ചെയ്യുന്നത്. ഡിസ്പ്ലേ സാധാരണ 120Hz പ്രൊമോഷനും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഐഫോണ്‍ 16 പ്രോയിലെ ഡാർക്ക്‌മോഡും റീഡിങ് മോഡും മികച്ചു നിൽക്കുന്നു.
ആപ്പിളിന്‍റെ കരുത്തുറ്റ എ18 പ്രോ ചിപ്പിലാണ് ഐഫോണ്‍ 16 പ്രോയുടെ നിര്‍മാണം. വീഡിയോഗ്രാഫിയുടെയും ഫോട്ടോഗ്രാഫിയുടെയും കാര്യത്തിൽ ഐഫോണ്‍ 16 പ്രോ നിരാശപ്പെടുത്തില്ല. രണ്ടാം തലമുറ ക്വാഡ് പിക്‌സല്‍ സെന്‍സര്‍ സഹിതമുള്ള പുതിയ 48 എംപി ക്യാമറയോടെ ട്രിപ്പിള്‍ റീയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. ക്യാമറകൾ 4K120 വീഡിയോ ക്യാപ്‌ചർ സപ്പോർട്ട് ചെയ്യുന്നു. വ്യക്തതയും സ്വാഭാവിക നിറങ്ങളും മികച്ച ഓഡിയോയുമാണ് ക്യാമറകളുടെ മറ്റൊരു പ്രത്യേകത. അൾട്രാ-വൈഡ് ക്യാമറ ഓട്ടോഫോക്കസുള്ള 48 എംപിയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ട്. മൂന്നാമത്തെ സെൻസർ 5x ഒപ്റ്റിക്കൽ സൂമും 120mm ഫോക്കൽ ലെങ്തും ഉള്ള 12 എംപി ടെലിഫോട്ടോ ലെൻസാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം