സ്ലോ-മോഷനില്‍ പെടയ്ക്കാന്‍ ഐഫോണ്‍ 16 തന്നെ കിടിലം, വരുന്നത് ഇരട്ടി മാറ്റം, 8കെ വീഡിയോ റെക്കോർഡിംഗും വരുമോ?
8കെ (8k) വീഡിയോ റെക്കോർഡിംഗ് ഐഫോണ്‍ 16 പ്രോയില്‍ ആപ്പിള്‍ പരീക്ഷിക്കുകയാണ് എന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്
കാലിഫോർണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 16 ലോഞ്ചിന് തൊട്ടുമുമ്പ് അഭ്യൂഹങ്ങള്‍ അനവധി. വരാനിരിക്കുന്ന മോഡലുകളിലെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകളെ കുറിച്ചാണ് ഇതിലൊന്ന് എന്ന് ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു.
ടച്ച് സെന്‍സിറ്റീവായ ക്യാപ്ച്വർ ബട്ടണ്‍ വരുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പുറമെയാണ് ക്യാമറയെ കുറിച്ച് മറ്റൊരു ആകർഷകമായ വാർത്ത പുറത്തുവരുന്നത്. 120 ഫ്രെയിം പെർ സെക്കന്‍ഡില്‍ (120fps) വരെ 4കെ (4k) ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഐഫോണ്‍ 16 പ്രോയ്ക്കാകും എന്നാണ് ലീക്കായ വിവരങ്ങള്‍ നല്‍കുന്ന സൂചന. മുന്‍ മോഡലായ ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ 60 ഫ്രെയിം പെർ സെക്കന്‍ഡ് ആണ് പരമാവധി ക്യാപ്ച്വർ സ്പീഡുള്ളത്. ക്യാപ്ച്വർ സ്പീഡ് ഇരട്ടിയാവുന്നത് സ്ലോ-മോഷന്‍ വീഡിയോകള്‍ എടുക്കുന്നവർക്ക് സഹായകമാകും. റിപ്പോർട്ടുകള്‍ സത്യമെങ്കില്‍ ഐഫോണ്‍ 15നേക്കാള്‍ ആകർഷമായി സ്ലോ-മോഷന്‍ ഇഫക്ട് ഐഫോണ്‍ 16 പ്രോ നല്‍കും.
8കെ (8k) വീഡിയോ റെക്കോർഡിംഗ് ഐഫോണ്‍ 16 പ്രോയില്‍ ആപ്പിള്‍ പരീക്ഷിക്കുകയാണ് എന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. സാംസങ് ഗ്യാലക്സി എസ്24 അള്‍ട്രയില്‍ ഇതിനകമുള്ള ഫീച്ചറാണിത്. എന്നാല്‍ 8കെ വീഡിയോ റെക്കോർഡിംഗ് അവതരിപ്പിക്കാന്‍ അടുത്ത വർഷത്തെ ഐഫോണ്‍ 17 സിരീസ് വരെ ആപ്പിള്‍ ചിലപ്പോള്‍ കാത്തിരുന്നേക്കാം. മാത്രമല്ല, കൂടുതല്‍ മികച്ച സൂം ലെന്‍സു ഐഫോണ്‍ 17 സിരീസില്‍ പ്രത്യക്ഷപ്പെട്ടേക്കാം.
ക്യാപ്ച്വർ ബട്ടണ്‍
ഐഫോണ്‍ 16ല്‍ പുതിയ ക്യാമറ ബട്ടണ്‍ വരുന്നതായുള്ള റിപ്പോർട്ട് നേരത്തെ പുറത്തുവന്നതാണ്. പുതിയ ബട്ടണ്‍ ഉപയോഗിച്ച് ഒറ്റ ക്ലിക്കില്‍ പടമെടുക്കാം. ഫോണിന്‍റെ ലോക്ക് തുറന്ന ശേഷം ക്യാമറ തെരഞ്ഞെടുത്ത് ഫോട്ടോകള്‍ പകര്‍ത്താനുള്ള കാലതാമസം ഇതുവഴി ഒഴിവാക്കാം. ഫോണിന്‍റെ വലതുവശത്തായായിരിക്കും ഈ ക്യാമറ ബട്ടണ്‍. ടച്ച് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഈ ബട്ടണ്‍ ഉപയോഗിച്ച് തന്നെ സൂം ചെയ്യാനും സാധിക്കും. വളരെ സാവധാനം ബട്ടണില്‍ അമര്‍ത്തിയാല്‍ ക്യാമറ ഫോക്കസ് ചെയ്യുകയുമാകാം.
Read more: ഐഫോണ്‍ 16 സിരീസിന് കണ്ണുംനട്ട് ലോകം; രണ്ട് മാറ്റങ്ങള്‍ ലോകത്തെ അമ്പരപ്പിക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം