വെള്ളത്തില്‍ മുങ്ങിക്കിടന്നാലും സേഫ്; ഗ്യാലക്‌സി എസ് 24നും ഐഫോണ്‍ 15നും ഇല്ലാത്തത് ഒപ്പോയുടെ ഈ മോഡലില്‍
ഐപി69 സുരക്ഷാ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യ സ്‌മാര്‍ട്ട്ഫോണാണ് ഒപ്പോ എഫ്27 പ്രോ+ 5ജി
ദില്ലി: രാജ്യത്തെ ആദ്യ ഐപി69 നിലവാരമുള്ള സ്‌മാര്‍ട്ട്‌ഫോണായ ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജി പുറത്തിറങ്ങുന്നു. ജൂണ്‍ 13ന് ഈ സവിശേഷ ഫോണ്‍ വിപണിയിലെത്തും. ഹൈ-എന്‍ഡ് ഫ്ലാഗ്‌ഷിപ്പ് ഫോണുകളില്‍ വാട്ടര്‍-ഡെസ്റ്റ് പ്രതിരോധത്തിനായി പൊതുവിലുള്ള റേറ്റിംഗ് സംവിധാനമാണ് ഐപി 68 എങ്കില്‍ ഒരുപടി കൂടി കടന്ന് ഒപ്പോ കൂടുതല്‍ സുരക്ഷിതത്വമുള്ള ഐപി69 സര്‍ട്ടിഫിക്കറ്റ് മികവിലാണ് എഫ്27 പ്രോ+ ഒരുക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആദ്യ വാട്ടര്‍പ്രൂഫ് റേറ്റഡ് സ്‌മാര്‍ട്ട്‌ഫോണായി ഒപ്പോ എഫ്27 പ്രോ+ മാറും.
ഐപി69 സുരക്ഷാ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യ സ്‌മാര്‍ട്ട്ഫോണാണ് ഒപ്പോ എഫ്27 പ്രോ+ 5ജി. പരമാവധി വാട്ടര്‍പ്രൂഫ് സുരക്ഷ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഐപി68ന്‍റെ അപ്‍ഡേറ്റഡ‍് രൂപമാണ് ഐപി69. ജലത്തിന് പുറമെ പൊടിപടലങ്ങളില്‍ നിന്നും മറ്റ് അവശിഷ്ടങ്ങളില്‍ നിന്നും കൂടുതല്‍ സുരക്ഷയും ഐപി69 ഓഫര്‍ ചെയ്യുന്നു. അര മണിക്കൂര്‍ നേരം ഫോണ്‍ ജലത്തിലിട്ടാലും കേടുപാട് സംഭവിക്കില്ല എന്നാണ് ഒപ്പോയുടെ അവകാശവാദം. എന്നാല്‍ എത്ര മീറ്റര്‍ വരെ ആഴത്തില്‍ ഈ പരിരക്ഷയുണ്ടാകും എന്ന് കമ്പനി വിശദമാക്കിയിട്ടില്ല.
Read more: ബഹിരാകാശ നിലയത്തിൽ മൂന്നാമതുമെത്തി; നൃത്തംവച്ച് സുനിത വില്യംസ്- വീഡിയോ വൈറല്‍
ഐപി69നൊപ്പം ഐപി68, ഐപി66 സര്‍ട്ടിഫിക്കറ്റുകളും ഒപ്പോ എഫ്27 പ്രോ+നുണ്ട്. അതേസമയം സോഡ, ആല്‍ക്കഹോള്‍, കടല്‍വെള്ളം തുടങ്ങിയവയ്ക്കെതിരെ ഫോണുകള്‍ക്ക് ഈ സംവിധാനങ്ങളൊന്നും സുരക്ഷ നല്‍കണം എന്നില്ല. എന്നാല്‍ സമ്മര്‍ദം, ചൂട് എന്നിവയെ ഫോണ്‍ അതിജീവിക്കും എന്നാണ് അവകാശവാദങ്ങള്‍. ചൂടുവെള്ളം വീണാലും ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജിക്ക് തകരാറുകളുണ്ടാവില്ല എന്ന് പറയപ്പെടുന്നു.
വെള്ളം, പൊടി എന്നിവയടക്കമുള്ള ദ്രാവക-ഖര പദാര്‍ഥങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പ്രതിരോധം നല്‍കുന്ന ഉപകരണങ്ങള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന റേറ്റിംഗാണ് ഐപി69. ജലവും പൊടിയുമായി കൂടുതലായി ഇടപഴകുന്ന ഉപകരണങ്ങളാണ് ഐപി69 അനുസരിച്ച് രൂപകല്‍പന ചെയ്യുന്നത്. ഗ്യാലക്‌സി എസ് 24നും ഐഫോണ്‍ 15നും പോലും നിലവില്‍ ഐപി69 റേറ്റിംഗ് ഇല്ല. ഡിസ്പ്ലെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്‌ടസ് 2 ഒപ്പോ എഫ്27 പ്രോ+നുണ്ട്. പിന്‍ഭാഗത്ത് ലെതര്‍ ഡിസൈന്‍ വരുന്ന തരത്തിലാണ് ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ത്രീഡി AMOLED ഡിസ്‌പ്ലെയും ക്യാമറയ്ക്ക് ചുറ്റും നീലനിറത്തിലുള്ള വളയവും ഫോണിന് പുത്തന്‍ ലുക്ക് നല്‍കുന്നു.
Read more: ഐഫോണ്‍ പ്രേമികളെ സന്തോഷിക്കൂ; 15 പ്രോ, പ്രോ മാക്‌സ് ഫോണുകള്‍ക്കും വമ്പന്‍ ഓഫറുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം