ഐഫോൺ നിര്‍മ്മാണം ഇനി ഇന്ത്യയിൽ? ചർച്ചയാരംഭിച്ച് ടാറ്റാ!
മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ടാറ്റാ ഗ്രൂപ്പ് വിസ്ട്രൺ കമ്പനിയിൽ തങ്ങളുടെ പങ്കാളിത്തം നേരിട്ട് ഉറപ്പാക്കുമെന്നതും തീർച്ചയായി.
ഇന്ത്യയിൽ വെച്ച് ഐഫോൺ നിർമിച്ചാൽ എങ്ങനെയിരിക്കും? ചിരിക്കാൻ വരട്ടെ.... ആപ്പിൾ കമ്പനിക്ക് ഐഫോൺ നിർമിച്ചു നൽകുന്ന വിസ്ട്രൺ കോർപെന്ന കമ്പനിയുമായി ടാറ്റാ ഇത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ബ്ലൂംബർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചർച്ച വിജയിച്ചാൽ ഇരു കമ്പനികളും സഹകരിച്ച് ഇന്ത്യയിൽ വെച്ചായിരിക്കും ഇനി ഐഫോൺ നിർമിക്കുക.
ഘടകഭാഗങ്ങൾ കൂട്ടി യോജിപ്പിക്കുന്ന ജോലികൾ മാത്രമേ ഉള്ളൂ. എന്നാലും ചൈനയിൽ നിന്നുള്ള നിർമ്മാണ പ്രവർത്തനങ്ങള് മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാണ് ആപ്പിളും അമേരിക്കയും. ഇവർക്കിത് ഒരു ആശ്വാസ വാർത്തയായിരിക്കും. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ടാറ്റാ ഗ്രൂപ്പ് വിസ്ട്രൺ കമ്പനിയിൽ തങ്ങളുടെ പങ്കാളിത്തം നേരിട്ട് ഉറപ്പാക്കുമെന്നതും തീർച്ചയായി.
ഇന്ത്യൻ ബിസിനസ് രംഗത്ത് തന്നെ ഈ നീക്കം വൻ മാറ്റങ്ങൾക്കാണ് വഴി വെയ്ക്കുക. പതിറ്റാണ്ടുകൾക്കു മുൻപ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സംരംഭങ്ങളിൽ ഒന്നായിരുന്നു ടാറ്റാ. കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാന് കഴിയാതെ പോയതാണ് നേതൃസ്ഥാനത്ത് നിന്ന് ടാറ്റയെ വ്യതിചലിപ്പിച്ചത്. എന്തായാലും ടാറ്റയുടെ ഈ നീക്കം മറ്റ് കമ്പനികൾക്കും പ്രചോദനമായേക്കാം. നമ്മുടെ രാജ്യത്ത് ഉപ്പു മുതലുള്ള എല്ലാ വസ്തുക്കളിലും ടാറ്റയുടെ ടച്ച് ഉണ്ട്. വിസ്ട്രൺ കോർപെന്ന കമ്പനിയുമായുള്ള ചർച്ചകൾ വിജയിച്ചാൽ ഐഫോൺ നിർമിക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനി എന്ന പേര് കൂടി ടാറ്റയ്ക്ക് സ്വന്തമാകും.
ഫോക്‌സ്‌കോൺ ടെക്‌നോജി ഗ്രൂപ്പും വിസ്ട്രണുമാണ് ഐഫോൺ നിർമിക്കുന്ന പ്രമുഖർ. രണ്ടും തയ്‌വാനീസ് കമ്പനികളാണ്. ടാറ്റയുടെ നീക്കം വൻ അടിയാകാൻ പോകുന്നത് ചൈനയ്ക്കാണ്. കാര്യങ്ങൾ ഇവിടെ വരെയൊക്കെ എത്തിയെങ്കിലും പുതിയ നീക്കം സംബന്ധിച്ച് ആപ്പിൾ അറിഞ്ഞോ എന്നതിൽ വ്യക്തമായ മറുപടിയില്ല.
പ്രാദേശിക കമ്പനികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന കമ്പനിയാണ് ആപ്പിൾ. നിലവിൽ വിസ്ട്രൺ കമ്പനി ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ എണ്ണത്തിൽ ഏകദേശം അഞ്ചു മടങ്ങു വർധനവ് വരുത്തുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.