Asianet News MalayalamAsianet News Malayalam

ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് സ്‌മാര്‍ട്ട്ഫോണ്‍ ആഗോള വിപണിയിലേക്ക്; ഇന്ത്യയില്‍ ലഭ്യമാകുമോ?

വന്‍ വിലയ്ക്കിടയിലും ഫോണിന് ഭീമമായ പ്രീ-ബുക്കിംഗ് ലഭിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു

Huawei Mate XT Ultimate Tri fold Foldable will available globally soon
Author
First Published Sep 26, 2024, 3:52 PM IST | Last Updated Sep 26, 2024, 3:55 PM IST

വാവെയ് സെപ്റ്റംബര്‍ ആദ്യം പുറത്തിറക്കിയ ചരിത്രത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണ്‍ ചൈനയ്ക്ക് പുറത്തേക്കും എന്ന് റിപ്പോര്‍ട്ട്. മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റിന്‍റെ ആഗോള ലോഞ്ചിനായി തയ്യാറെടുക്കുകയാണ് വാവെയ് എന്ന് ജിഎസ്‌എം അരീന റിപ്പോര്‍ട്ട് ചെയ്തു. 

ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ എന്ന നിലയില്‍ വാവെ അവതരിപ്പിച്ച സ്‌മാര്‍ട്ട്ഫോണാണ് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ്. ചൈനയില്‍ മാത്രം ഇതിനകം ലഭ്യമായ ഈ ഫോണ്‍ 2025ന്‍റെ ആദ്യം ആഗോള വിപണിയിലേക്ക് വാവെയ് വ്യാപിപ്പിക്കും. ചൈനയില്‍ 19,999 യുവാനാണ് (2,35,109.78 ഇന്ത്യന്‍ രൂപ) ഈ ഫോണിന്‍റെ വില. വന്‍ വിലയ്ക്കിടയിലും ഫോണിന് ഭീമമായ പ്രീ-ബുക്കിംഗ് ലഭിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ കയ്യിലെത്തും മുമ്പേ ലഭിച്ച സ്വീകാര്യതയോട് നീതി പുലര്‍ത്താന്‍ വാവെയ്‌ക്ക് കഴിയാതെപോയത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഫോണ്‍ വാങ്ങാന്‍ ഔട്ട്‌ലറ്റുകളില്‍ നേരിട്ടെത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നിരുന്നു. എന്നാല്‍ പ്രീ-ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് കമ്പനി നല്‍കി. 

ചൈനീസ് വിപണി ആവശ്യപ്പെടുന്നയത്ര മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് യൂണിറ്റുകള്‍ പുറത്തിറക്കാന്‍ കഴിയാതെ പോയ വാവെയ് കമ്പനിക്ക് ആഗോളതലത്തിലേക്കാവശ്യമായ എണ്ണം 2025ന്‍റെ തുടക്കത്തോടെ നിര്‍മിക്കാന്‍ കഴിയുമോ എന്ന സംശയമുണ്ട്. അമേരിക്ക അടക്കമുള്ള വിപണിയില്‍ വാവെയ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനവുമുണ്ട്. ഇന്ത്യയില്‍ വാവെയ് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് ലഭ്യമാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. 

ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയ 2024 സെപ്റ്റംബര്‍ 9ന് തന്നെയാണ് ചൈനീസ് ബ്രാന്‍ഡായ വാവെയ്‌ ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡും അവതരിപ്പിച്ചത്. ആരംഭിച്ച് വെറും മൂന്ന് ദിനം കൊണ്ട് 40 ലക്ഷത്തിലേറെ പ്രീ-ബുക്കിംഗ് ഫോണിന് ലഭിച്ചിരുന്നു. 50 എംപി പ്രധാന ക്യാമറ, 12 എംപി ആള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 5.5x ഒപ്റ്റിക്കല്‍ സൂമോടെ 12 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് വാവെയ് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റിന്‍റെ സവിശേഷതകള്‍. 5600 എംഎഎച്ചിന്‍റെതാണ് ബാറ്റി. 66 വാട്ട്‌സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജറും 50 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജറും ഫോണിനൊപ്പം വരുന്നു. യുഎസ് നിരോധനം ഉള്ളതിനാല്‍ സ്വന്തം ചിപ്‌സെറ്റിലാണ് മേറ്റ് എക്‌സ്‌ടിയെയും വാവെയ് അവതരിപ്പിച്ചിരിക്കുന്നത്. 

Read more: കരുതിയിരുന്നോ...സൈബര്‍ തട്ടിപ്പ് സംഘങ്ങളെ വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍; വമ്പന്‍ പ്രഖ്യാപനം വരുന്നു 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios