മൂന്ന് മടക്ക് ചൈനയില്‍ കയറിയങ്ങ് കൊളുത്തി; വാവെയ് ട്രൈ-ഫോള്‍ഡ് ആഗോള വിപണിയിലേക്ക്?

വില ഐഫോണിനേക്കാള്‍ വളരെ കൂടുതലായിട്ടും വാവെയ് മേറ്റ് എക്‌സ്‌ടി ട്രൈ-ഫോള്‍ഡ് ചൈനയില്‍ തരംഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ 

Huawei Mate XT tri folding phone could be launching globally soon

ബെയ്‌ജിങ്ങ്‌: മൂന്നായി മടക്കി പോക്കറ്റില്‍ വയ്ക്കാവുന്ന ലോകത്തെ ആദ്യ ട്രൈ-ഫോള്‍ ഫോള്‍ഡബിള്‍ ഫോണായ മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ഭീമന്‍മാരായ വാവെയ് ആഗോള വിപണിയിലേക്കും ഉടന്‍ എത്തിക്കാന്‍ സാധ്യത. നിലവില്‍ ചൈനയില്‍ മാത്രം ലഭ്യമായിട്ടുള്ള ഈ ഫോണിനെ കുറിച്ചുള്ള ടീസര്‍ വാവെയ് മൊബൈല്‍ എക്‌സില്‍ (പഴയ ട്വിറ്റര്‍) പങ്കുവെച്ചതാണ് ആകാംക്ഷ സൃഷ്ടിക്കുന്നത്. 

വാവെയ് മൊബൈല്‍ ഓദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച ടീസറാണ് വാവെയ് മേറ്റ് എക്‌സ്‌ടിയുടെ ആഗോള അവതരണത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്നത്. കട്ടിംഗ്-എഡ്‌ജ് ടെക്നോളജിയും ക്രാഫ്റ്റ്‌മാന്‍ഷിപ്പും ചേരുന്ന സ്‌മാര്‍ട്ട് ഫോണ്‍ എന്നാണ് മേറ്റ് എക്‌സ്‌ടിക്ക് വാവെയ് നല്‍കുന്ന വിശേഷണം. എന്നാല്‍ ഫോണ്‍ ചൈനയ്ക്ക് പുറത്തെത്തുക എപ്പോഴായിരിക്കും എന്ന് കമ്പനി ട്വീറ്റില്‍ പറയുന്നില്ല. ഫോണിന്‍റെ പ്രീമിയം ഡിസൈനിനെയും സാങ്കേതിക മികവിനെയും കുറിച്ചുള്ള ഷോര്‍ട് വീഡിയോ യൂട്യൂബില്‍ കമ്പനി പങ്കുവെച്ചിട്ടുമുണ്ട്. എന്നാല്‍ ഈ വീഡിയോയിലും ആഗോള ലഭ്യതയെ കുറിച്ച് വാവെയ് മനസ് തുറന്നിട്ടില്ല. 

ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയ 2024 സെപ്റ്റംബര്‍ 9ന് തന്നെയാണ് ചൈനീസ് ബ്രാന്‍ഡായ വാവെയ്‌ ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡും അവതരിപ്പിച്ചത്. ആരംഭിച്ച് വെറും മൂന്ന് ദിനം കൊണ്ട് 40 ലക്ഷത്തിലേറെ പ്രീ-ബുക്കിംഗ് ലഭിച്ച മോഡലാണിത്. 19,999 യുവാനാണ് (2,35,109.78 ഇന്ത്യന്‍ രൂപ) വാവെയ് മേറ്റ് എക്‌സ്‌ടിയുടെ അടിസ്ഥാന വില. അതേസമയം ഐഫോണ്‍ 16 സിരീസിലെ ഏറ്റവും മുന്തിയ ഐഫോണ്‍ 16 പ്രോ മാക്‌സ് 1 ടിബി വേരിയന്‍റിന്‍റെ വില 1,84,900 രൂപയേയുള്ളൂ. 

Read more: മൂന്ന് മടക്കിന് പോക്കറ്റില്‍, നിവര്‍ത്തിയാല്‍ കയ്യിലെ തിയറ്റര്‍; ആപ്പിളിന് ചെക്ക് വച്ച് വാവെയ് ട്രൈ-ഫോള്‍ഡ്

50 എംപി പ്രധാന ക്യാമറ, 12 എംപി ആള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 5.5x ഒപ്റ്റിക്കല്‍ സൂമോടെ 12 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് വാവെയ് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റിന്‍റെ സവിശേഷതകള്‍. 5600 എംഎഎച്ചിന്‍റെതാണ് ബാറ്റി. 66 വാട്ട്‌സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജറും 50 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജറും ഫോണിനൊപ്പം വരുന്നു. യുഎസ് നിരോധനം ഉള്ളതിനാല്‍ സ്വന്തം ചിപ്‌സെറ്റിലാണ് മേറ്റ് എക്‌സ്‌ടിയെയും വാവെയ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ചൈനയില്‍ മാത്രം ലഭ്യമായിട്ടുള്ള വാവെയ് മേറ്റ് എക്‌സ്‌ടി സെപ്റ്റംബര്‍ 20-ാം തിയതി മുതല്‍ ഉപഭോക്താക്കളുടെ കൈയില്‍ എത്തിത്തുടങ്ങും.

Read more: മൂന്നായി മടക്കിയിട്ടും ഗ്യാലക്‌സി സ്സെഡ് ഫോള്‍ഡ് 6ന്‍റെ ഏതാണ്ട് അതേ കട്ടി; വാവെയ് മേറ്റ് എക്‌സ്‌ടി മഹാത്ഭുതം

Latest Videos
Follow Us:
Download App:
  • android
  • ios