'പോ അങ്ങോട്ട്'... ഒരു ഫോണിലെ ഫോട്ടോ ആംഗ്യം വഴി മറ്റൊരു ഫോണിലേക്ക് എടുത്തിടാം! ഫീച്ചറുമായി വാവെയ്
ഐഫോണുകളിലുള്ള ആപ്പിളിന്‍റെ എയര്‍ഡ്രോപ് ഫീച്ചറിനെ വെല്ലാന്‍ വാവെയ്, വാവെയ് മേറ്റ് 70 സിരീസിന്‍റെ ചൈനീസ് പരസ്യത്തില്‍ ഫോണിൽ നിന്ന് ഒരു ചിത്രം ആംഗ്യത്തിലൂടെ സമീപത്തെ വാവെയ് ടാബിലേക്ക് മാറ്റുന്ന രംഗമുണ്ട്
ഒരു ഫോണിൽ നിന്ന് ഫോട്ടോ കൈ കൊണ്ട് എടുത്ത് അടുത്ത ഫോണിലേക്കിടാം. സംഭവം കൊള്ളാമല്ലേ...ഞെട്ടിക്കുന്ന പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുന്നത് ചൈനീസ് ഫോൺ നിർമ്മാതാക്കളായ വാവെയ്. പുതിയ വാവെയ് മേറ്റ് 70 സിരീസ് സ്‌മാര്‍ട്ട്‌ഫോണുകളിലാണ് ഈ ഫ്യൂച്ചറിസ്റ്റിക് സംവിധാനമുള്ളത് എന്ന് ടെക് വെബ്‌സൈറ്റായ സിഎന്‍ഇടി റിപ്പോര്‍ട്ട് ചെയ്തു. ആപ്പിളിന്‍റെ എയർഡ്രോപ്പിന് വെല്ലുവിളിയായി ആംഗ്യത്തിലൂടെ ഫോട്ടോകൾ ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് മാറ്റാനാകുന്ന സാങ്കേതികവിദ്യയാണ് പുതുതായി വാവെയ് അവതരിപ്പിച്ചത്.
ചൈനീസ് ഭാഷയിലിറക്കിയ ഫോണിന്‍റെ പുതിയ പരസ്യത്തിൽ വാവെയ് ഫോണിൽ നിന്ന് ഒരു ചിത്രം ആംഗ്യത്തിലൂടെ സമീപത്തെ വാവെയ് ടാബിലേക്ക് മാറ്റുന്ന രംഗമുണ്ട്. ഷോപ്പുകളിൽ നിന്ന് വാവെയ് മേറ്റ് വാങ്ങിയ ചില ടെക് വ്ലോഗർമാരും ഫോട്ടോകൾ മറ്റൊരു ഫോണിലേക്ക് ആംഗ്യം വഴി മാറ്റുന്നതിന്‍റെ വീഡിയോകൾ ഇന്‍റര്‍നെറ്റിൽ വൈറലാണ്. സ്‌ക്രീനിന് താഴെയുള്ള ക്യാമറകളും സെൻസറുകളുമാണ് കൈയുടെ ആക്ഷനിലൂടെ ഡാറ്റ ഷെയർ ചെയ്യാൻ സഹായിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
Read more: വാവെയ്ക്ക് ചെക്ക്; ട്രൈ-ഫോള്‍ഡ് ഇറക്കാന്‍ സാംസങ്, പുതിയ ഗ്യാലക്‌സി മോഡലിന്‍റെ വിവരങ്ങള്‍
വാവെയ് മേറ്റ് 70, മേറ്റ് 70 പ്രോ, മേറ്റ് 70 പ്രോ പ്ലസ് എന്നീ വേരിയന്‍റുകളാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ചൈനയിൽ മാത്രം പുറത്തിറങ്ങിയിരിക്കുന്ന ഫോണുകളുടെ വില ഏകദേശം ഇന്ത്യയുടെ രൂപ 64,000, 76,000, 99,000 വരും. അമേരിക്കയുടെ ഉപരോധം തുടരുന്നതിനാൽ വാവെയ് ബ്രാന്‍ഡ് തകരുമെന്ന് പലരും കരുതിയിടത്താണ് വമ്പന്‍ അപ്ഡേറ്റുകളുമായി ഫോണുകള്‍ കമ്പനി അവതരിപ്പിക്കുന്നത്. ചൈനയില്‍ ഐഫോൺ 16ന് കനത്ത വെല്ലുവിളിയാണ് വാവെയ് ഫോണുകളുടെ മോഡലുകള്‍ ഉയർത്തുന്നത്.
വാവെയ്ക്ക് സോഫ്റ്റ്‌വെയറുകളും 5 ജി ചിപ്പുകളും ഫോണിന്‍റെ മറ്റ് ഘടകങ്ങളും വിൽക്കുന്നതിൽ നിന്ന് അമേരിക്ക മറ്റു കമ്പനികളെ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാവെയ് സ്വന്തമായി സോഫ്റ്റ്‌വെയറുകളും ചിപ്പുകളും നിർമ്മിച്ച് തുടങ്ങിയത്. വാവെയ് സ്വയമേവ വികസിപ്പിച്ച കിരിൻ 6000 പ്രോസസറാണ് പുതിയ ഫോണുകളില്‍ ഉള്‍പ്പെടുത്തുന്നത്.
Read more: ഐഫോണിന് ചെക്ക്, അമേരിക്കന്‍ ടെക്‌നോളജിയോട് ഗുഡ് ബൈ; വാവെയ് മേറ്റ് 70 സിരീസ് പുറത്തിറങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം