Asianet News MalayalamAsianet News Malayalam

ആകാംക്ഷയുടെ നിറുകയില്‍ ഇന്ന് ആപ്പിള്‍ ലോഞ്ച്; ഇന്ത്യയില്‍ എങ്ങനെ കാണാം

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ഇന്ന് പുറത്തിറക്കുക

How to watch Apple iPhone 16 launch event in India start time and livestream detials
Author
First Published Sep 9, 2024, 10:41 AM IST | Last Updated Sep 9, 2024, 10:45 AM IST

കുപ്പെർട്ടിനൊ: ടെക് ലോകത്തെ അതികായ കമ്പനികളിലൊന്നായ ആപ്പിളിന്‍റെ ഓരോ ലോഞ്ചും വലിയ അത്ഭുതങ്ങളാണ് സമ്മാനിക്കാറുള്ളത്. ഐഫോണ്‍ 16 സിരീസും മറ്റ് പുത്തന്‍ ഗാഡ്‌ജറ്റുകളും പുറത്തിറക്കാനുള്ള ഇന്നത്തെ ഇവന്‍റ് ഇതിനാല്‍ തന്നെ വലിയ ആകാംക്ഷയാണ് ടെക് ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. 'ഇറ്റ്സ് ഗ്ലോടൈം' എന്ന് ആപ്പിള്‍ പേരിട്ടിരിക്കുന്ന ലോഞ്ച് ഇവന്‍റ് ഇന്ത്യയിലും തത്സമയം കാണാം. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30നാണ് ആപ്പിളിന്‍റെ മെഗാ പരിപാടി ആരംഭിക്കുക. 

ആപ്പിളിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ ആപ്പിള്‍ ഡോട് കോമും ഒഫീഷ്യല്‍ യൂട്യൂബ് ചാനലും ആപ്പിള്‍ ടിവി ആപ്പും വഴി ഐഫോണ്‍ 16 സിരീസ് ലോഞ്ച് ലൈവായി ഇന്ത്യയിലും കാണാം. ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഇറ്റ്സ് ഗ്ലോടൈം ഇവന്‍റിന്‍റെ തത്സമയ സംപ്രേഷണം ദൃശ്യമാകും. 

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ഇന്ന് പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്. എ 18 ചിപ്പിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെല്ലാം വരിക. മെഗാപിക്‌സലില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട ഫീച്ചറുകളോടെയാവും ഈ ഫോണ്‍ മോഡലുകളില്‍ ക്യാമറകള്‍ വരിക എന്നാണ് സൂചന. ഐഫോണ്‍ 16 പ്രോ മോഡലുകളിൽ സെക്കൻഡിൽ 120 ഫ്രെയിമുകൾ 4കെ ദൃശ്യമിഴിവിൽ ഒപ്പിയെടുക്കാനാകുന്ന ക്യാമറകൾ പ്രതീക്ഷിക്കുന്നു. ചിത്രങ്ങളെടുക്കാൻ ഫോണിൽ ഒരു പുതിയ ക്യാമറ ബട്ടൺ പ്രത്യക്ഷപ്പെടുമെന്ന് ആപ്പിൾ ലീക്കർമാർ അവകാശപ്പെടുന്നതാണ് മറ്റൊരു ആകാംക്ഷ. എല്ലാ മോഡലുകളുടെയും ഡിസ്പ്ലേയുടെ വലിപ്പം കൂടുമെന്നും റിപ്പോർട്ടുകളുണ്ട്.

ആപ്പിളിന്‍റെ സ്വന്തം 'ആപ്പിള്‍ ഇന്‍റലിജന്‍സ്' എന്തൊക്കെ അത്ഭുതങ്ങളാവും ഒളിപ്പിച്ചുവച്ചിട്ടുണ്ടാവുക എന്നതാണ് ശ്രദ്ധാകേന്ദ്രമാകാന്‍ പോകുന്ന മറ്റൊരു കാര്യം. ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകൾ നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ഐഫോൺ 16 ബേസ് മോഡലുകളിൽ തന്നെ ആപ്പിളിന്‍റെ എഐ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. നിലവിൽ ആപ്പിള്‍ ഇന്‍റലിജന്‍സ് ഐഫോൺ 15 പ്രോ മോഡലുകളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ.

Read more: ഐഫോണ്‍ 16 ക്യാമറകള്‍ കസറും, ആകാംക്ഷ കൂട്ടി ആപ്പിള്‍ വാച്ചും; ആപ്പിളിന്‍റെ അത്ഭുതങ്ങള്‍ കാത്ത് ടെക് ലോകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios