ജനപ്രിയ ബജറ്റ് ഫോണുകളുടെ വില കുത്തനെ ഉയരും, കാരണം ഇതാണ്!
പൊതുചാർജർ നയം സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി എല്ലാ മൊബൈൽ ഫോണുകൾക്കും ഗാഡ്ജറ്റുകൾക്കും മറ്റ് പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വൈകാതെ പൊതു ചാർജർ നയം നടപ്പാക്കിയേക്കും
പൊതുചാർജർ നയം സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി എല്ലാ മൊബൈൽ ഫോണുകൾക്കും ഗാഡ്ജറ്റുകൾക്കും മറ്റ് പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വൈകാതെ പൊതു ചാർജർ നയം നടപ്പാക്കിയേക്കും .ഇത് സംബന്ധിച്ച പഠനം നടത്താൻ കേന്ദ്രസർക്കാർ ഉടൻ തന്നെ വിദഗ്ധ ഗ്രൂപ്പുകളെ നിയോഗിക്കും. പൊതുചാർജർ സംബന്ധിച്ച നയത്തിന് യൂറോപ്യൻ യൂണിയൻ ഇതിനോടകം അംഗീകാരം നൽകി കഴിഞ്ഞു. ഇ വേസ്റ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം ഉപഭോക്താക്കളെ ചെലവ് ചുരുക്കാൻ സഹായിക്കുക കൂടിയാണ് നയത്തിന്റെ ലക്ഷ്യം. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിദഗ്ധ സംഘത്തെ രൂപികരിക്കാനുള്ള തീരുമാനം എടുത്തത്.
ഇലക്ട്രോണിക്സ് പ്രോഡക്ട്സ് ഇന്നവേഷൻ കൺസോർഷ്യം (EPIC) ഫൗണ്ടേഷൻ ചെയർമാനും എച്ച്സിഎൽ സ്ഥാപകനുമായ അജയ് ചൗധരി, മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (എംഎഐടി) പ്രസിഡന്റ് രാജ്കുമാർ ഋഷി, ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ (ഐസിഇഎ) ചെയർമാൻ പങ്കജ് മൊഹീന്ദ്രൂ, കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (CEAMA) പ്രസിഡന്റ് എറിക് ബ്രാഗൻസ, ഇന്ത്യൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ (ഐഇഇഎംഎ) പ്രസിഡന്റ് വിപുൽ റേ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു എന്നാണ് പിടിഎയുടെ റിപ്പോർട്ട് പറയുന്നത്.
ചാർജറുകളുടെ നിർമ്മാണത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് തന്റെതായ ഒരു സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ പൊതുചാർജർ നിർമ്മാണം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും മുൻപ് എല്ലാവരുടെയും അഭിപ്രായങ്ങൾ ചോദിക്കണമെന്ന് യോഗത്തിൽ രോഹിത് പറഞ്ഞു. വ്യവസായം, ഉപയോക്താക്കൾ, നിർമാതാക്കൾ, പരിസ്ഥിതി എന്നിങ്ങനെയുള്ള മേഖലകളിൽ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more: 'പണം കവരും ആപ്പുകൾ'! നിങ്ങളുടെ ഫോണിലുണ്ടോ? ഉടൻ ഡീലീറ്റ് ചെയ്യുക!
പല രാജ്യങ്ങളിലേക്കുമുള്ള ചാർജറുകൾ നിർമിച്ച് കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്. കൂടാതെ വില കുറഞ്ഞ ഫീച്ചർ ഫോണുകൾക്ക് ഏറ്റവും കൂടുതൽ മാർക്കറ്റ് ഉള്ളതും ഇവിടെയാണ്. പൊതുചാർജറുകൾ സംബന്ധിച്ച നയം നിലവിൽ വന്നാൽ ഫീച്ചർ ഫോണുകളുടെ വില വർധിക്കാനുള്ള സാധ്യതയും യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. ആദ്യം വ്യത്യസ്ത തരത്തിലുള്ള ചാർജറുകളെ കുറിച്ച് ചിന്തിക്കാം. അതായത് യുഎസ്ബി ടൈപ്പ്-സി, മറ്റ് ചില ചാർജറുകൾ എന്നിങ്ങനെ തരം തിരിച്ചുള്ളതിനെ കുറിച്ച് ആലോചിക്കാമെന്നും യോഗത്തിൽ പറഞ്ഞു. മൊബൈൽ, ഫീച്ചർ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ധരിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള ചാർജിങ് പോർട്ടുകളെ കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘത്തെ രൂപികരിക്കുന്നത്.