ക്രോംബുക്കുകൾ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങി ഗൂഗ്ൾ; ഇലക്ട്രോണിക്സ് രംഗത്ത് വലിയ മുന്നേറ്റമെന്ന് രാജീവ് ചന്ദ്രശേഖർ
ഗൂഗ്ളിന്റെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തിയ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍, സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളിലൂടെ ഇലക്ട്രോണിക്സ് രംഗത്ത് വലിയ നേട്ടമാണ് കൈവരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: ക്രോംബുക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ഗൂഗ്ള്‍. ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ എച്ച്.പിയുമായി സഹകരിച്ചാണ് പദ്ധതിയെന്ന് ഗൂഗ്ള്‍ മേധാവി സുന്ദര്‍ പിച്ചൈ എക്സില്‍ കുറിച്ചു. അതേസമയം ഗൂഗ്ളിന്റെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തിയ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍, സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളിലൂടെ ഇലക്ട്രോണിക്സ് രംഗത്ത് വലിയ നേട്ടമാണ് കൈവരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായാണ് ഇന്ത്യയില്‍ ക്രോംബുക്കുകള്‍ നിര്‍മിക്കുന്നതെന്ന് സുന്ദര്‍പിച്ചൈ കുറിച്ചു. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സുരക്ഷിതമായ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇത് അവസരം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുന്ദര്‍പിച്ചൈയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ക്രോംബുക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ഗൂഗ്ളിന്റെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തിയത്. "ക്രോംബുക്ക് ഡിവൈസുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ഗൂഗ്ളിന്റെ പദ്ധതിയില്‍ സന്തോഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടും പിഎല്‍ഐ പോളിസികളും ഇന്ത്യയെ അതിവേഗം ഇലക്ട്രോണിക്സ് നിര്‍മാണ രംഗത്തെ മികച്ച പങ്കാളിയാക്കി മാറ്റുകയാണ്. ഏറ്റവും പുതിയ ഹാര്‍ഡ്‍വെയര്‍ പിഎല്‍ഐ 2.0 പദ്ധതി ഇന്ത്യയില്‍ ലാപ്‍ടോപ്, സെര്‍വര്‍ നിര്‍മാണത്തിന് ഊര്‍ജമായി മാറും" - രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു.
എച്ച്.പിയുടെ ചെന്നൈയിലെ പ്ലാന്റിലായിരിക്കും ക്രോംബുക്കുകള്‍ നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഓഗസ്റ്റ് മാസം മുതല്‍ ഇവിടെ എച്ച്.പി തങ്ങളുടെ ലാപ്‍ടോപ്പുകളും ഡെസ്‍ക്ടോപ്പ് കംപ്യൂട്ടറുകളും നിര്‍മിക്കുന്നുണ്ട്. ഒക്ടോബര്‍ മാസം തന്നെ ക്രോംബുക്കുകളുടെ നിര്‍മാണം തുടങ്ങുമെന്നും കുറഞ്ഞ വിലയില്‍ ലഭ്യമാവുന്ന കംപ്യൂട്ടറുകള്‍ക്ക് ഇന്ത്യയിലുള്ള ഡിമാന്റ് ഉപയോഗപ്പെടുത്തുന്ന തരത്തില്‍ ഇവിടെ നിന്ന് ക്രോംബുക്കുകള്‍ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ക്രോംബുക്കുകളിലൂടെ ഗുഗ്ളും എച്ച്.പിയും ലക്ഷ്യമിടുന്നത്. ലോകമെമ്പാടും 50 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ക്രോംബുക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...