നുമ്മ അപ്ഡേറ്റഡാണ് മോനേ...; ചാർജിംഗിൽ ഷവോമിയെ കടത്തിവെട്ടി റിയൽമീ, നാല് മിനുറ്റില്‍ ഫുള്‍ ചാര്‍ജ്!

നിലവിലുള്ള 240 വാട്ട് ചാർജിംഗിൽ നിന്നാണ് റിയൽമി 320 വാട്ട് ചാർജിംഗ് വേഗത്തിലേക്ക് ഓടിയെത്തിയിരിക്കുന്നത്

full charge in just 5 minutes Realme teases 320W superSonic charging

ചാർജിംഗിന്‍റെ കാര്യത്തിൽ ഷവോമിയെ കടത്തിവെട്ടി റിയൽമീ. ലോകത്തെ ഏറ്റവും വേഗമേറിയ ചാർജിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് റിയൽമീ ഇപ്പോൾ. വെറും നാല് മിനിറ്റിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജ‍് ചെയ്യാനാവുന്ന 320 വാട്ട് സൂപ്പർസോണിക് ചാർജര്‍ സാങ്കേതികവിദ്യയാണ് റിയൽമി അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ഭാവി സ്മാർട്ട്ഫോണുകളിൽ ഈ സാങ്കേതികവിദ്യയുണ്ടാകുമെന്ന് റിയല്‍മീ പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് ഫോണിലാണ് ഇത് ഉൾപ്പെടുത്തുകയെന്നതിൽ റിയൽമി വ്യക്തത നല്‍കിയിട്ടില്ല.

മുമ്പ് ജിടി സീരിസ് ഫോണിൽ 240 വാട്ട് ചാർജിംഗ് കമ്പനി അവതരിപ്പിച്ചിരുന്നു. 300 വാട്ട് ചാർജിംഗ് സാങ്കേതികവിദ്യ റെഡ്മീ അവതരിപ്പിച്ചിരുന്നുവെങ്കിലും ഒരു ഫോണിലും ഇതുവരെയത് ഉൾപ്പെടുത്തിയിട്ടില്ല. നിലവിലുള്ള 240 വാട്ട് ചാർജിംഗിൽ നിന്നാണ് റിയൽമി 320 വാട്ട് ചാർജിംഗ് വേഗത്തിലേക്ക് ഓടിയെത്തിയിരിക്കുന്നത്. ചാർജിംഗ് അഡാപ്റ്ററിന്‍റെ വലിപ്പത്തിൽ മാറ്റമൊന്നുമുണ്ടാകില്ല. ഈ ചാർജറിന് രണ്ട് യുഎസ്ബി പോർട്ടുകളുണ്ടാവും. ഇവ ഉപയോഗിച്ച് 150 വാട്ട് വേഗത്തിൽ റിയൽമി ഫോണുകളും 65 വാട്ട് വേഗത്തിൽ ലാപ്‌ടോപ്പുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യാമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

റിയൽമി പങ്കുവെച്ച ഡെമോ വീഡിയോയിൽ 4420 എംഎഎച്ച് ബാറ്ററി 320 വാട്ട് അഡാപ്റ്റർ ഉപയോഗിച്ച് നാല് മിനിറ്റ് 30 സെക്കന്‍റിൽ മുഴുവൻ ചാർജ് ചെയ്തു. ഇപ്പോഴുള്ള അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യകളെക്കാൾ മികച്ച നേട്ടമാണിത്. ഷാവോമിയുടെ 300 വാട്ട് ചാർജറിൽ 4100 എംഎഎച്ച് ബാറ്ററി 5 മിനിറ്റിലാണ് മുഴുവൻ ചാർജ് ചെയ്യാനാവുക.

Read more: കുറുന്തോട്ടിക്കും വാതമോ! ലോകവ്യാപകമായി പണിമുടക്കി ചാറ്റ്‌ജിപിറ്റി, യൂസര്‍മാരെ വലച്ച് ഒടുവില്‍ തിരിച്ചുവന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios