ഇലക്ട്രോണിക്സ് ഭീമന്‍ ബെംഗളൂരുവില്‍ നിര്‍മിക്കുക പ്രതിവര്‍ഷം രണ്ട് കോടി ഐ ഫോണുകള്‍, വമ്പന്‍ തൊഴിലവസരങ്ങള്‍!
കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ് ആഴ്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം.
ബെംഗളൂരു: ആപ്പിളിന്റെ പ്രധാന നിർമാതാക്കളായ തായ്‌വാനീസ് ഇലക്ട്രോണിക്‌സ് ഭീമൻ ഫോക്‌സ്‌കോൺ അടുത്ത വർഷം ഏപ്രിലിലോടെ ബെംഗളൂരുവിലെ ദേവനഹള്ളി പ്ലാന്റിൽ ഐഫോണുകൾ നിർമിച്ച് തുടങ്ങുമെന്ന് റിപ്പോർട്ട്. 13,600 കോടി രൂപയുടെ പദ്ധതി 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാക്കാനാണ് ഫോക്‌സ്‌കോണിന്റെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ പ്ലാന്റിൽ നിന്ന് പ്രതിവർഷം രണ്ട് കോടി ഐഫോണുകൾ നിർമിച്ച് പുറത്തിറക്കുമെന്നാണ് കമ്പനി പറയുന്നത്.
ദേവനഹള്ളിയിലെ ഐടിഐആറിൽ കണ്ടെത്തിയ 300 ഏക്കർ ഭൂമി ഈ വർഷം ജൂലൈ ഒന്നിന് ഫോക്‌സ്‌കോണിന് കൈമാറും. കൂടാതെ, 5 എംഎൽഡി വെള്ളവും ഗുണനിലവാരമുള്ള വൈദ്യുതിയും സർക്കാർ ഉറപ്പാക്കും. റോഡ് കണക്റ്റിവിറ്റിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും കർണാടക വ്യവസായ മന്ത്രി എം ബി പാട്ടീൽ പറഞ്ഞു. ജോർജ്ജ് ചുയുടെ നേതൃത്വത്തിൽ ഫോക്‌സ്‌കോൺ പ്രതിനിധികൾ ബെംഗളൂരു സന്ദർശിച്ചതിന് ശേഷമാണ് പാട്ടീൽ ഇക്കാര്യം അറിയിച്ചത്. കർണാടക ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ബയോടെക്‌നോളജി മന്ത്രി പ്രിയങ്ക് ഖാർഗെയും ഒപ്പമുണ്ടായിരുന്നു. കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ് ആഴ്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം.
ജീവനക്കാർക്ക് ആവശ്യമായ നൈപുണ്യം എന്തൊക്കെയാണെന്ന് ഫോക്സ്കോണിൽനിന്ന് തേടിയിട്ടുണ്ടെന്ന് പാട്ടീൽ പറഞ്ഞു. കമ്പനി നൽകുന്ന വിവരമനുസരിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരിശീലന പരിപാടികൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ വിലയുടെ 30% (90 കോടി രൂപ) കമ്പനി ഇതിനകം കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡിന് നൽകിയിട്ടുണ്ട്. 13,600 കോടി രൂപയുടെ പദ്ധതി സർക്കാർ വേഗത്തിലാക്കിയതായി സംസ്ഥാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു.
കർണാടകയിൽ ഐഫോണുകൾ നിർമ്മിക്കാൻ ഫോക്‌സ്‌കോണുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും വിമാനത്താവളത്തിന് സമീപം കുപ്പർട്ടിനോ ആസ്ഥാനമായുള്ള കമ്പനിക്ക് ഭൂമി അനുവദിച്ചിട്ടുണ്ടെന്നും അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവകാശപ്പെട്ടതിന് പിന്നാലെ, തെലങ്കാന സർക്കാറും സമാന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. പ്ലാന്റ് തെലങ്കാനയിൽ സ്ഥാപിക്കാൻ ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞു. തുടർന്ന് ആശയക്കുഴപ്പമുണ്ടായെങ്കിലും ബെംഗളൂരുവിലും ഹൈദരാബാദിലും പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.