പണി കൊടുത്ത് നോക്കിയ; രണ്ട് ചൈനീസ് മൊബൈല്‍ ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടി, വില്‍പ്പന നിര്‍ത്തി
4ജി, 5ജി സിഗ്നലുകൾ കൈകാര്യം ചെയ്യുന്ന ഓപ്പോയും വൺപ്ലസും പേറ്റന്റുള്ള സാങ്കേതിക വിദ്യ ലൈസൻസില്ലാതെ ഉപയോഗിച്ചു എന്ന നോക്കിയയുടെ പരാതിയിലാണ് നടപടി.
നോക്കിയ കൊടുത്ത പണിയിൽ പെട്ടിരിക്കുകയാണ് ചൈനീസ് സ്മാർട്‌ഫോൺ ബ്രാൻഡുകളായ ഓപ്പോയും വൺപ്ലസും. ഇരുവരും ജർമനിയിലെ സ്മാർട്ട്ഫോൺ വിൽപ്പന നിർത്തി വെച്ചിരിക്കുകയാണ് ഇപ്പോൾ. ഇരുകമ്പനികൾക്കുമെതിരെ നോക്കിയ കേസ് നൽകിയിരുന്നു. ഇതിൽ ഇരു കമ്പനികളും പരാജയപ്പെട്ടതോടെയാണ് രാജ്യത്തെ ഫോൺ വില്പന നിർത്തി വെച്ചത്. കമ്പനിയുടെ വെബ്സൈറ്റിലും മാറ്റം വരുത്തിയിട്ടുണ്ട്. 4ജി, 5ജി സിഗ്നലുകൾ കൈകാര്യം ചെയ്യുന്ന ഓപ്പോയും വൺപ്ലസും പേറ്റന്റുള്ള സാങ്കേതിക വിദ്യ ലൈസൻസില്ലാതെ ഉപയോഗിച്ചു എന്നാണ് ആരോപണം. ഇതിനാണ് ഇരു കമ്പനികൾക്കുമെതിരെ നോക്കിയ കേസ് നൽകിയിരിക്കുന്നത്.
കേസിൽ നോക്കിയയ്ക്ക് അനുകൂലമായാണ് കോടതി വിധി പറഞ്ഞത്. കൂടാതെ ഇരു കമ്പനികളും വില്പന നിർത്തിവെയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കുകയും ചെയ്തു.ടെലികോം ഉപകരണ നിർമാതാക്കളായ ഫിനിഷ് കമ്പനിയായ നോക്കിയയ്ക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വലിയ സ്വാധീനമാണുള്ളത്. ഇന്ത്യയിലും 5ജി നെറ്റ് വര്ക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വിതരണവുമായി ബന്ധപ്പെട്ട് നോക്കിയ പ്രവർത്തിക്കുന്നുണ്ട്. നോക്കിയ മൊബൈൽ ബ്രാൻഡ് നിലവിൽ ഫിൻലൻഡ് കമ്പനിയായ എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്.
ഓപ്പോയുടെയും വൺപ്ലസിന്റെയും ജർമൻ വെബ്‌സൈറ്റിൽ നിന്നും ഫോണുകളും സ്മാർട് വാച്ചുകളും ഉൾപ്പടെയുള്ള ഉപകരണങ്ങളുടെ വിവരങ്ങൾ നീക്കം ചെയ്തു കഴിഞ്ഞു. പേജിലെത്താൻ ശ്രമിച്ചാലും ഇറർ എന്ന മെസെജാണ് ലഭിക്കുക.ഫോൺ വിൽപ്പന നിർത്തിവെച്ച കാര്യം കമ്പനികൾ തന്നെയാണ് പ്രസ്താവനയിലൂടെ സ്ഥീരീകരിച്ചത്. കൂടാതെ കേസിന് ആധാരമായ കരാർ പുതുക്കലിന് വൻ തുകയാണ് നോക്കിയ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഓപ്പോ ആരോപിച്ചു. ദി വെർജാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Read More : 12,000 രൂപയ്ക്ക് താഴെ വിലയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ ഇന്ത്യ: റിപ്പോർട്ട്
കോടതി ഉത്തരവ് അനുസരിച്ച് ഇരു കമ്പനികളും പ്രവര്‌ത്തനം നിർത്തിവെച്ചു എങ്കിലും നിലവിൽ ഉപയോഗത്തിലുള്ള ഓപ്പോ, വൺപ്ലസ് ഫോണുകളുടെ പ്രവര്‌ത്തനത്തെ ഇത് ഒരുതരത്തിലും ബാധിക്കില്ല. ആവശ്യമുള്ളവർക്ക് മറ്റ് റീസെല്ലർമാർ വഴി ഫോണുകൾ ഇനിയും വാങ്ങാം. ഇന്ത്യ പോലെയുള്ള വിപണികളിൽ ഇരു കമ്പനികളും ഭീമൻമാരാണ്. എന്നാൽ യൂറോപ്യൻ വിപണികളില് ഇവയുടെ സ്ഥാനം ഒരുപാട് പിന്നിലാണ്. സാംസങ്, ആപ്പിൾ, ഷാവോമി ബ്രാൻഡുകൾക്കാണ് അവിടെ ഏറെയും ഡിമാൻഡ്.