ആപ്പിള്‍ വാച്ചിന് യുഎസില്‍ എട്ടിന്റെ പണി; പേറ്റന്റ് ലംഘനം ആരോപണം, നിരോധനം വരുമോ?
യുഎസിലേക്കുള്ള ആപ്പിള്‍ വാച്ചിന്റെ ഇറക്കുമതി നിര്‍ത്തലാക്കാണമെന്ന് ആവശ്യപ്പെട്ട് ആഗോള മെഡിക്കല്‍ ടെക്‌നോളജി മേജര്‍ മാസിമോ കോര്‍പ്പ് അടുത്തിടെ ഹര്‍ജി സമര്‍പ്പിച്ചു.
ആപ്പിള്‍ വാച്ചിന് യുഎസില്‍ എട്ടിന്റെ പണി. പേറ്റന്റ് ലംഘനത്തെ തുടര്‍ന്ന്, പൂര്‍ണമായ വിലക്ക് കമ്പനിക്ക് ഇക്കാര്യത്തില്‍ നേരിടേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ വാച്ചില്‍ മറ്റൊരു ടെക് കമ്പനി പേറ്റന്റ് നേടിയ സാങ്കേതികവിദ്യ ഉപയോഗിക്കുകയും അതില്‍ നിന്ന് വലിയ വരുമാനം നേടുകയും ചെയ്തുവെന്നാണ് ആരോപണം.
യുഎസിലേക്കുള്ള ആപ്പിള്‍ വാച്ചിന്റെ ഇറക്കുമതി നിര്‍ത്തലാക്കാണമെന്ന് ആവശ്യപ്പെട്ട് ആഗോള മെഡിക്കല്‍ ടെക്‌നോളജി മേജര്‍ മാസിമോ കോര്‍പ്പ് അടുത്തിടെ ഹര്‍ജി സമര്‍പ്പിച്ചു. ആപ്പിള്‍ വാച്ച് സീരീസ് 6 മൊത്തം അഞ്ച് പേറ്റന്റുകള്‍ ലംഘിക്കുന്നതായി യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന് (ഐടിസി) നല്‍കിയ മാസിമോ കോര്‍പ്പ് പരാതിയില്‍ പറയുന്നു. ശരീരത്തി ഓക്‌സിജന്റെ അളവ് അളക്കുന്ന ടൂള്‍ അടക്കം പേറ്റന്‍റ് ലംഘനത്തിലൂടെയാണ് ആപ്പിള്‍ വച്ചില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് ആരോപണം.
പേറ്റന്റ് നേടിയ സാങ്കേതികവിദ്യ തങ്ങളുടെ കണ്ടുപിടുത്തമാണെന്ന് അത് ആപ്പിള്‍ അന്യായമായി പകര്‍ത്തിയതാണെന്നും മാസിമോ ആരോപിക്കുന്നു. ആപ്പിള്‍ വാച്ച് സീരീസ് 6 ലാണ് ഈ പ്രത്യേകതകള്‍ ഉള്ളത്. ആപ്പിള്‍ ഒരു ഗഡ്ജറ്റ് എന്നതിനപ്പുറം ഇത് ഒരു മെഡിക്കല്‍ ഉപകരണമായി കാണിച്ച് വില്‍പ്പന നടത്തി ലാഭം ഉണ്ടാക്കുന്നുവെന്നും മാസിമോ ആരോപിക്കുന്നു.
കമ്പനിയുടെ വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മാസിമോ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആപ്പിളിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. ആപ്പിള്‍ അതിന്റെ വാച്ചില്‍ ആരോഗ്യ നിരീക്ഷണത്തിന് ചുറ്റും മാസിമോയുടെ കണ്ടുപിടുത്തങ്ങള്‍ ഉപയോഗിച്ചുവെന്ന് മാസിമോ അവകാശപ്പെട്ടു. ആപ്പിള്‍ ആ സമയത്ത് അവകാശവാദങ്ങള്‍ നിഷേധിച്ചുവെങ്കിലും മാസിമോയുടെ ഇപ്പോഴത്തെ പരാതിയില്‍ എന്ത് പ്രതികരണം ആപ്പിള്‍ നടത്തുമെന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം.
2020 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിള്‍ വാച്ചിന്റെ വില്‍പ്പന ആപ്പിളിന് 30.6 ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കി നല്‍കിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഇപ്പോഴത്തെ നിയമനടപടികളെ നിയമനടപടികള്‍ ഇല്ലാതെ തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെയാണെങ്കില്‍ പേറ്റന്‍റ് ഉപയോഗത്തിന് ആപ്പിളിന് 50 മില്യണ്‍ മുതല്‍ 300 മില്യണ്‍ ഡോളര്‍ വരെ മാസിമോയ്ക്ക് പ്രതിവര്‍ഷം റോയല്‍റ്റിയായി നല്‍കേണ്ടിവരും. അതേ സമയം മാസിമോയുടെ പരാതി യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസും പരിശോധിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona