ട്രോളുന്നവരെ മൂന്നായി മടക്കിക്കൂട്ടാന്‍ ആപ്പിള്‍; ട്രൈ-ഫോള്‍ഡ് ഐഫോണ്‍ പേറ്റന്‍റ് വിവരങ്ങള്‍ പുറത്ത്

ഫോള്‍ഡബിളുണ്ടോ എന്ന് ട്രോളുന്നവര്‍ക്ക് മറുപടിയായി ട്രൈ-ഫോള്‍ഡ് ഇറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
 

Apple reportedly files patent for Tri Fold Foldable smartphone

അടുത്തിടെ ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയപ്പോള്‍ സാംസങ് ട്രോളിയത് നിങ്ങള്‍ക്ക് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണുണ്ടോ എന്ന് ചോദിച്ചായിരുന്നു. ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയ അതേ ദിനം ചൈനീസ് ബ്രാന്‍ഡായ വാവെയ് ടെക് ചരിത്രത്തിലെ തന്നെ ആദ്യ ട്രൈ-ഫോള്‍ഡബിള്‍ അവതരിപ്പിച്ച് ഞെട്ടിക്കുകയും ചെയ്‌തു. ഫോള്‍ഡബിള്‍ ഫോണുകളുണ്ടോ എന്ന് കളിയാക്കി ചോദിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായാണ് 'പേറ്റന്‍റ്‌ലി ആപ്പിള്‍' ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 

ട്രൈ-ഫോള്‍ഡ് ഡിസൈനിലുള്ള ഫോള്‍ഡബിള്‍ തയ്യാറാക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് നല്‍കുന്നത്. ആപ്പിള്‍ ഫോള്‍ഡബിളിനെ കുറിച്ച് ആലോചിക്കുന്നതായി മുമ്പും സൂചനകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും പേറ്റന്‍റ് വിവരങ്ങള്‍ വരുന്നത് ഇതാദ്യമായാണ്. 'ഇലക്‌ട്രോണിക് ഡിവൈസസ് വിത്ത് ഡിസ്‌പ്ലെ ആന്‍ഡ് ടച്ച് സെന്‍സര്‍ സ്ട്രെക്‌ച്ചര്‍' എന്ന തലക്കെട്ടില്‍ ഒരു പേറ്റന്‍റ് യുഎസ് പേറ്റന്‍റ് ആന്‍ഡ് ട്രേഡ്‌മാര്‍ക്ക് ഓഫീസില്‍ ആപ്പിള്‍ കമ്പനി അപ്‌ഡേറ്റ് ചെയ്‌തിരിക്കുകയാണ്. ഇപ്പോള്‍ പുതുക്കിയിരിക്കുന്ന പേറ്റന്‍റില്‍ ഒരു ഔട്ടര്‍ ഡിസ്‌പ്ലെ അധികമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്നതാണ് പേറ്റന്‍റ്‌ലി ആപ്പിള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനൊപ്പമൊരു ഇന്നര്‍ ഡിസ്‌പ്ലെയും മൂന്നാം ഡിസ്‌‌പ്ലെയും ചേരുന്നതോടെ രൂപഘടനയില്‍ 'വാവെയ് മേറ്റ് എക്‌സ്‌ടി'യുടെ അതേ രൂപത്തില്‍ വരുന്ന ട്രൈ-ഫോള്‍ഡബിളാണ് ഈ ഐഫോണ്‍ എന്നാണ് പേറ്റന്‍റ് വിവരങ്ങള്‍ വിശകലനം ചെയ്‌ത് പേറ്റന്‍റ്‌ലി ആപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എല്ലാ ഡിസ്‌പ്ലെയിലും ടച്ച് സെന്‍സറുകള്‍ ഉള്‍പ്പെടുത്തുന്നതും ഓരോ ഡിസ്‌പ്ലെയും അതിന്‍റെതായി ടച്ച് ഇന്‍പുട്ടുകള്‍ സ്വീകരിക്കുമെന്നതും ആപ്പിള്‍ ട്രൈ-ഫോള്‍ഡിന്‍റെ ഓരോ ഡിസ്‌പ്ലെയും വ്യത്യസ്ത ഉപയോഗത്തിന് വഴിവെക്കും എന്നാണ് സൂചന. മധ്യ ഡിസ്‌പ്ലെ സ്വതന്ത്രമായി ഉപയോഗിക്കാനും കഴിഞ്ഞേക്കും. എന്നാല്‍ ഇപ്പോള്‍ പുതുക്കിയ പേറ്റന്‍റ് മാത്രമാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ഈ ഫോള്‍ഡബിളിന്‍റെ പ്രാരംഭ നിര്‍മാണം അണിയറയില്‍ ആപ്പിള്‍ തുടങ്ങിയിട്ടുണ്ടോ എന്ന സ്ഥിരീകരണം വരാനുണ്ട്. എങ്കിലും വരുംഭാവിയില്‍ തന്നെ ഐഫോണ്‍ ഫോള്‍ഡബിള്‍ പ്രത്യക്ഷപ്പെട്ടേക്കാം. 

 Read more: ടച്ച് ടച്ചാകുന്നില്ല; ഐഫോണ്‍ 16 പ്രോയില്‍ ഗുരുതര തകരാര്‍ എന്ന് പരാതി; ആപ്പിളിന്‍റെ പരീക്ഷണം പാളിയോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios