ഈയടുത്ത് ഐഫോണ്‍ 15, 14 വാങ്ങിയവരാണോ നിങ്ങള്‍? നിരാശ വേണ്ട; റീഫണ്ട് ലഭിക്കാന്‍ വഴിയുണ്ട്
'ആപ്പിളിന്‍റെ പ്രൈസ് പ്രൊട്ടക്ഷന്‍ പോളിസി' അനുസരിച്ചാണ് ഈ ഐഫോണുകള്‍ക്ക് റീഫണ്ട് ലഭിക്കുക
ആപ്പിള്‍ അടുത്തിടെ ഏറ്റവും പുതിയ ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയിരുന്നു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ഈ സിരീസിലുള്ളത്. ഇന്നലെ ഈ സ്‌മാര്‍ട്ട്ഫോണുകളുടെ പ്രീ-ഓര്‍ഡര്‍ ആരംഭിക്കുകയും ചെയ്തു. പുതിയ സിരീസിന്‍റെ അവതരണത്തോടെ പഴയ മോഡലുകളായ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവയുടെ വില 10,000 രൂപ വീതം ആപ്പിള്‍ കുറച്ചിരുന്നു. ഐഫോണ്‍ 16 സിരീസിന്‍റെ വരവോടെ അല്‍പം പഴഞ്ചനായെങ്കിലും ഈയടുത്ത് ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവ വാങ്ങിയവര്‍ നിരാശരാകേണ്ട.
10,000 രൂപ റീഫണ്ട് എങ്ങനെ സ്വന്തമാക്കാം
ഈയടുത്ത് ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നീ മോഡലുകള്‍ വാങ്ങിയവര്‍ക്ക് 'ആപ്പിളിന്‍റെ പ്രൈസ് പ്രൊട്ടക്ഷന്‍ പോളിസി' അനുസരിച്ച് 10,000 രൂപ റീഫണ്ട് ലഭിക്കാന്‍ അവസരമുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിള്‍ അടുത്തിടെ ഈ മോഡലുകള്‍ക്ക് ഇത്രയും തന്നെ രൂപ വെട്ടിക്കുറച്ച സാഹചര്യത്തിലാണിത്. ഐഫോണ്‍ വാങ്ങി 14 ദിവസത്തിനുള്ളില്‍ കമ്പനി ആ മോഡലിന്‍റെ വില കുറച്ചതിനാലാണ് ഇത്തരത്തില്‍ പ്രൈസ് പ്രൊട്ടക്ഷന്‍ പോളിസി അനുസരിച്ച് പതിനായിരം രൂപ റീഫണ്ട് ലഭിക്കുന്നത്. എന്നാല്‍ ഈ ഫോണുകളുടെ വില കുറച്ചതിന് 14 ദിവസം മുമ്പോ പ്രത്യേക ഓഫര്‍ കാലത്തോ മുകളില്‍ പറഞ്ഞിരിക്കുന്ന ഐഫോണ്‍ മോഡലുകള്‍ വാങ്ങിയവര്‍ ഈ റീഫണ്ട് സംവിധാനത്തിന് അര്‍ഹരല്ല.
ആപ്പിള്‍ സ്റ്റോര്‍ സന്ദര്‍ശിച്ചും, 000800 040 1966 എന്ന ആപ്പിള്‍ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ കോള്‍ ചെയ്തും റീഫണ്ട് നിങ്ങള്‍ക്ക് ആവശ്യപ്പെടാം. റീഫണ്ട് ലഭിക്കാന്‍ ഫോണ്‍ വാങ്ങിയതിന്‍റെ ബില്‍ ഹാജരാക്കണം. ഇത്തരത്തില്‍ ഒരാള്‍ക്ക് 10 യൂണിറ്റ് ഫോണിന് വരെ റീഫണ്ട് സ്വന്തമാക്കാനാകും. വിലക്കുറവ് പ്രാബല്യത്തില്‍ വന്നതിന്‍റെ തൊട്ടുമുമ്പ് ഐഫോണ്‍ വാങ്ങിയപ്പോഴുണ്ടായ സാമ്പത്തിക നഷ്ടവും നിരാശയും പരിഹരിക്കാനാണ് ആപ്പിള്‍ പ്രൈസ് പ്രൊട്ടക്ഷന്‍ പോളിസി അനുസരിച്ച് അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് റീഫണ്ട് നല്‍കിവരുന്നത്.
ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് ഔട്ട്
ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയതോടെ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ വില്‍പന ആപ്പിള്‍ സ്റ്റോറില്‍ അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തേഡ്-പാര്‍ട്ടി റീടെയ്‌ലര്‍മാരും ആപ്പിളിന്‍റെ അംഗീകൃത വില്‍പന കേന്ദ്രങ്ങളും വഴി ഈ ഫോണ്‍ മോഡലുകള്‍ സ്റ്റോക്ക് തീരും വരെ ലഭിക്കും.
Read more: ആരംഭിക്കലാമാ; ഐഫോണ്‍ 16 സിരീസ് പ്രീ-ഓര്‍ഡര്‍ തുടങ്ങി, ഓഫറോടെ വാങ്ങാം, നോ-കോസ്റ്റ് ഇഎംഐയും!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം