ആപ്പിള്‍ പ്രേമികളുടെ കാത്തിരിപ്പ് നീളും; ഫോള്‍ഡബിള്‍ ഐഫോണ്‍ എത്താന്‍ 2027 ആവും- റിപ്പോര്‍ട്ട്

സാംസങും വണ്‍പ്ലസും വിവോയുമെല്ലാം ഫോള്‍ഡബിള്‍ ഫോണുകളുമായി വിപണിയില്‍ സജീവമായിക്കഴിഞ്ഞു, എന്നുവരും ആപ്പിളിന്‍റെ മടക്കാനാവുന്ന ഡിസ്‌പ്ലെയുള്ള ഫോണുകള്‍? 

Apple iPhone Foldable could arrive only by 2027

ന്യൂയോര്‍ക്ക്: സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഐഫോണ്‍ പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്ന് ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഫോണാണ്. മടക്കിവെക്കാവുന്ന ഡിസ്പ്ലെകളുള്ള ഫോണുകള്‍ വികസിപ്പിക്കാനുള്ള പ്രാഥമിക ഘട്ടത്തിലാണ് ആപ്പിള്‍ എന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നു. ഇക്കാര്യം ആപ്പിള്‍ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫോള്‍ഡബിള്‍ ഫോണുകള്‍ക്കായി പേറ്റന്‍റുകള്‍ക്ക് ആപ്പിള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഐഫോണുകള്‍ വിപണിയില്‍ എത്താന്‍ വൈകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

സാംസങും വണ്‍പ്ലസും വിവോയുമെല്ലാം ഫോള്‍ഡബിള്‍ ഫോണുകളുമായി വിപണിയില്‍ സജീവമായിക്കഴിഞ്ഞു. ഇതിനെ മറികടക്കാന്‍ ആപ്പിള്‍ ഉടന്‍ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ 2027 വരെ വിപണിയിലെത്തില്ല എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സംരഭമായ ട്രെന്‍ഡ്‌ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ മാര്‍ക്കറ്റില്‍ വന്‍ ചലനമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ല. മാര്‍ക്കറ്റില്‍ ഫോള്‍ഡബിള്‍ ഫോണ്‍ ഇറക്കും മുമ്പ് സാങ്കേതികമായി ഏറ്റവും മികച്ച ഘടന അതിന് നല്‍കാനായി ആപ്പിള്‍ ഗവേഷണത്തിലാണ് എന്നാണ് സൂചനകള്‍. ഏറ്റവും മികച്ച പെര്‍ഫോര്‍മന്‍സ് ഫോള്‍ഡബിള്‍ ഫോണുകള്‍ക്കും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിലാണ് ആപ്പിള്‍ കമ്പനി. 

ഫോള്‍ഡബിള്‍ ഐഫോണ്‍ എത്താന്‍ 2027 ആവും എന്ന് ട്രെന്‍ഡ്‌ഫോഴ്‌സിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഫോണുകള്‍ 2026ന്‍റെ ആദ്യപാദത്തില്‍ എത്തും എന്ന വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. 2027ന്‍റെ ആദ്യപാദത്തില്‍ ആപ്പിള്‍ ഈ സവിശേഷ ഫോണ്‍ അവതരിപ്പിച്ചേക്കും. സാംസങ്, ഷവോമി, ഒപ്പോ, വിവോ എന്നിവയാണ് മടക്കാനാവുന്ന ഡിസ്‌പ്ലെയുള്ള സ്മാര്‍ട്ട്‌ഫോണുകളുമായി വിപണിയില്‍ സജീവമായി ഉണ്ടായിരുന്നത്. എന്നാല്‍ റേസര്‍ 40, റേസര്‍ 40 അള്‍ട്രാ എന്നിവയുമായി മോട്ടോറോള വിപണിയില്‍ ഇപ്പോള്‍ കരുത്തറിയിച്ചിരിക്കുകയാണ്. 

Read more: പഠിത്തം ഹൈടെക്; താങ്ങാനാകുന്ന വിലയില്‍ 'ചാറ്റ് ജിപിടി എഡ്യു'വുമായി ഓപ്പൺ എഐ, അതിശയിപ്പിക്കുന്ന സവിശേഷതകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios