ഐ ഫോൺ യൂസറാണോ, ഇനി ആ 'തലവേദന'യില്ല, ഡാറ്റ എളുപ്പത്തിൽ മാറ്റാം; പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട് !
ഇപ്പോൾ 'മൂവ് ടു ഐഫോൺ' എന്ന പേരിൽ ഒരു ആൻഡ്രോയിഡ് ആപ്പ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡിൽ നിന്ന് ഐഒഎസിലേക്ക് മാറുന്നവർക്ക് വേണ്ടിയുള്ളതാണിത്. 'സ്വിച്ച് ടു ആൻഡ്രോയിഡ്' എന്ന പേരിൽ ഗൂഗിൾ അവതരിപ്പിച്ച അപ്ഡേറ്റിന് സമാനമാണ് ഈ ആപ്പ്
ദില്ലി: ഐഒഎസിൽ നിന്ന് ആൻഡ്രോയിഡിലേക്കുള്ള ഡാറ്റാ കൈമാറ്റത്തിന് എളുപ്പവഴിയൊരുക്കാൻ ഒരുങ്ങി ആപ്പിൾ. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് അനുസരിച്ചാണ് ആപ്പിൾ ഇതൊരുക്കുന്നത്. സാധാരണ പുതിയ പ്ലാറ്റ്ഫോമിലേക്ക് വാട്ട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെ പല വിവരങ്ങളും ഉപേക്ഷിക്കേണ്ടതായി വരാറുണ്ട്. ഇതിനുള്ള പരിഹാരമായിരിക്കും പുതിയ അപ്ഡേറ്റ്. ഐഒഎസിൽ നിന്ന് ആപ്പിളിന്റെതല്ലാത്ത മറ്റ് ഒഎസുകളിലേക്ക് ഡാറ്റ കൈമാറുന്നതിന് ഉപഭോക്തൃസൗഹാർദ്ദപരമായ മാർഗം ഒരുക്കാനുള്ള പ്രവർത്തനമാണ് ആപ്പിൾ നടത്താനൊരുങ്ങുന്നത്.
ഇഷ്ടപ്പെട്ട പ്ലാറ്റ്ഫോം തിരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തിന് ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് ഊന്നൽ നല്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. 2025 അവസാനത്തോടെ ഈ സൗകര്യം അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. എങ്ങനെയായിരിക്കും ഇതിന്റെ പ്രവർത്തനം എന്നതിൽ വ്യക്തത വന്നിട്ടില്ല. ഗൂഗിൾ ഉൾപ്പടെയുള്ള മറ്റ് ഒഎസ് നിർമാതാക്കൾക്ക് പ്രത്യേകം മൊബൈൽ ആപ്പുകൾ നിർമ്മിക്കാനുള്ള ടൂളുകൾ ആപ്പിൾ നൽകിയേക്കുമെന്നാണ് സൂചന. ഇപ്പോൾ 'മൂവ് ടു ഐഫോൺ' എന്ന പേരിൽ ഒരു ആൻഡ്രോയിഡ് ആപ്പ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആൻഡ്രോയിഡിൽ നിന്ന് ഐഒഎസിലേക്ക് മാറുന്നവർക്ക് വേണ്ടിയുള്ളതാണിത്. 'സ്വിച്ച് ടു ആൻഡ്രോയിഡ്' എന്ന പേരിൽ ഗൂഗിൾ അവതരിപ്പിച്ച അപ്ഡേറ്റിന് സമാനമാണ് ഈ ആപ്പ്. ഇവയ്ക്ക് നിരവധി പരിമിതികളുണ്ട്. നിലവിൽ സാങ്കേതിക വിദ്യാ രംഗത്തെ കുത്തക കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കുന്നതിനുള്ള ഒട്ടേറെ നിർദേശങ്ങൾ ഡിജിറ്റൽ മാർക്കറ്റ്‌സ് ആക്ടിലുണ്ട്. ഉപഭോക്താക്കളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ നിയമം അനുസരിച്ച് ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം പ്ലാറ്റ്‌ഫോമുകൾ മാറാനാകും.
ഈ ആക്ടനുസരിച്ച് തന്നെയാണ് ആപ്പിൾ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പാലിക്കുന്നതിന് നിർബന്ധിതരായാണ് ആപ്പിൾ ഇപ്പോൾ സുഗമമായ ഡാറ്റാ കൈമാറ്റ സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിരിക്കുന്നത്. തേഡ് പാർട്ടി ആപ്പ് സ്റ്റോറുകൾക്കും കമ്പനി ഐഒഎസ് തുറന്നു കൊടുത്തിട്ടുണ്ട്. ഇതോടെ ആപ്പിൾ ആപ്പ് സ്റ്റോർ അല്ലാതെ മറ്റ് ആപ്പ് സ്റ്റോറുകളിൽ നിന്നുള്ള ആപ്പുകൾ ഐഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ഉപഭോക്താക്കൾക്കാവുമെന്ന മെച്ചവുമുണ്ട്.