സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന: സാംസങ്ങിനെ പിന്തള്ളി ആപ്പിള്‍ ഒന്നാമത്
കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ മൂന്നു മാസങ്ങളിലായി ആപ്പിള്‍ 79.9 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റപ്പോള്‍ സാംസങ്ങിന് 62.1 ദശലക്ഷം ഫോണുകള്‍ മാത്രമാണ് വില്‍ക്കാനായത്.
ന്യൂയോര്‍ക്ക്: നാല് വര്‍ഷത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ വിറ്റ ബ്രാന്‍റ് എന്ന നേട്ടം ആപ്പിള്‍ തിരിച്ചുപിടിച്ചു. ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ കൊറിയന്‍ കമ്പനി സാംസങ്ങിനെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 2020ലെ നാലാം പാദത്തിലെ മാത്രം കണക്കിലാണ് ആപ്പിളിന്‍റെ ഒന്നാം സ്ഥാനത്തേക്കുള്ള തിരിച്ചുവരവ്. മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഗാര്‍ട്ട്ണര്‍ പുറത്തുവിട്ടതാണ് ഈ കണക്കുകള്‍.
ഒരു പാദത്തിലെ നേട്ടമാണെങ്കിലും എടുത്തുപറയേണ്ട നേട്ടമാണ് ഇതെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ മൂന്നു മാസങ്ങളിലായി ആപ്പിള്‍ 79.9 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റപ്പോള്‍ സാംസങ്ങിന് 62.1 ദശലക്ഷം ഫോണുകള്‍ മാത്രമാണ് വില്‍ക്കാനായത്. നാലാം പാദത്തില്‍ ആപ്പിളിന് 20.8 ശതമാനം വിഹിതവും, സാംസങ്ങിന് 16.2 ശതമാനം വിഹിതവുമാണ് ലഭിച്ചത്.
സാംസങ്ങിന്റെ വില്‍പന 14.6 ശതമാനം ഇടിഞ്ഞപ്പോള്‍ ആപ്പിളിന് 14.9 ശതമാനം വളര്‍ച്ചയാണ് ലഭിച്ചത്. ഐഫോണ്‍ 12 സീരീസിനു ലഭിച്ച വന്‍ സ്വീകാര്യതയാണ് ആപ്പിളിന്റെ കുതിപ്പിനു കാരണമെന്നു പറയുന്നു. ഇതിനൊപ്പം തന്നെ കൊവിഡ് പ്രതിസന്ധിയില്‍ എതിരാളികള്‍ക്ക് വലിയ തിരിച്ചടികള്‍ കിട്ടിയപ്പോള്‍ ആമസോണ്‍ ഇതിനെ അതിജീവിച്ചുവെന്നാണ് പറയുന്നത്.
അതേ സമയം ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന 2020 അവസാന പാദത്തില്‍ 5.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേ സമയം ആപ്പിളിന്‍റെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന ഈ കാലയളവില്‍ മാത്രം 3.3 ശതമാനം ഉയര്‍ന്നു.