വില കുറഞ്ഞേ...വമ്പിച്ച ഡിസ്‌കൗണ്ടില്‍ ഐഫോണ്‍ 16; ഇതൊരു ഒന്നൊന്നര ഓഫര്‍
ലോഞ്ച് ചെയ്‌തപ്പോള്‍ ഇന്ത്യയില്‍ 79,900 രൂപ വിലയായിരുന്ന ഐഫോണ്‍ 16ന്‍റെ 128 ജിബി വേരിയന്‍റിന് ഇപ്പോള്‍ വമ്പിച്ച ഓഫര്‍
ടെക് ഭീമന്‍മാരായ ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 16 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണ്‍ സിരീസിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് പ്രത്യേക ഓഫര്‍. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണാണ് ഐഫോണ്‍ 16ന് വിലക്കിഴിവും ബാങ്ക് ഓഫറുകളും അവതരിപ്പിച്ച് ആളുകളെ മാടിവിളിക്കുന്നത്.
ആമസോണില്‍ ഐഫോണ്‍ 16ന്‍റെ 128 ജിബി ബേസ് വേരിയന്‍റ് ഇപ്പോള്‍ വലിയ ഡിസ്‌കൗണ്ടോടെ ലഭ്യമാണ്. ഈ ഫ്ലാഗ്‌ഷിപ്പ് ഫോണിന് 7,000 രൂപയോളം ഡിസ്‌കൗണ്ട് ഇപ്പോള്‍ നേടാം. ഇതില്‍ 2,000 രൂപ ആമസോണ്‍ നല്‍കുന്ന പ്രത്യേക വിലക്കിഴിവാണ്. ഇതിന് പുറമെ എസ്‌ബിഐ കാര്‍ഡ് ഉടമകള്‍ക്ക് 5,000 രൂപയുടെ ഇന്‍സ്റ്റന്‍റ് വിലക്കിഴിവും ആമസോണ്‍ നല്‍കുന്നു. ഇതോടെയാണ് ഐഫോണ്‍ 16 മോഡലിന് ഏഴായിരം രൂപ ഇപ്പോള്‍ കുറയുന്നത്.
ആപ്പിള്‍ 79,900 രൂപയ്‌ക്ക് പുറത്തിറക്കിയിരുന്ന ഐഫോണ്‍ 16ന്‍റെ 128 ജിബി അടിസ്ഥാന വേരിയന്‍റിന് ഇപ്പോള്‍ 77,900 രൂപയാണ് ആമസോണ്‍ വിലയിട്ടിരിക്കുന്നത്. ആമസോണ്‍ നല്‍കുന്ന 2,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടിനൊപ്പം എസ്‌ബിഐ കാര്‍ഡ് ഉടമകള്‍ക്കുള്ള 5,000 രൂപ ഡിസ്‌കൗണ്ട് ചേരുമ്പോള്‍ ഐഫോണ്‍ 16 ഇപ്പോള്‍ 72,900 രൂപയ്ക്ക് വാങ്ങാം. ഇതിനെല്ലാം പുറമെ എക്‌സ്‌ചേഞ്ച് സൗകര്യം വഴി കൂടുതല്‍ വില കുറച്ച് കുഞ്ഞന്‍ തുകയില്‍ ഐഫോണ്‍ 16 വാങ്ങിക്കുകയുമാകാം.
2024 സെപ്റ്റംബര്‍ 9നാണ് ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 അടങ്ങുന്ന ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ സിരീസ് പുറത്തിറക്കിയത്. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയിലുള്ള ഐഫോണ്‍ 16 ഐഒഎസ് 17ലുള്ളതാണ്. എ18 ചിപ്പിലാണ് നിര്‍മാണം. ആപ്പിള്‍ ഇന്‍റലിജന്‍സ്, ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം. 48 എംപി ഫ്യൂഷന്‍ ക്യാമറ, 2x ടെലിഫോട്ടോ ലെന്‍സ്, 12 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 12 എംപി ട്രൂഡെപ്‌ത് സെല്‍ഫി ക്യാമറ എന്നിവയും ഐഫോണ്‍ 16ന്‍റെ ഫീച്ചറുകളാണ്. 128 ജിബിക്ക് പുറമെ 256 ജിബി, 512 ജിബി വേരിയന്‍റുകളും ലഭ്യമാണ്.
Read more: ക്യാമറ സംഭവം; 20000 രൂപയില്‍ താഴെ വിലയുള്ള 5 മികച്ച സ്‌മാര്‍ട്ട്‌ഫോണ്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം