നിരത്തില്‍ മഹീന്ദ്ര XUV300ന്‍റെ മിന്നുംപ്രകടനം; അന്തംവിട്ട് എക്കോസ്പോര്‍ട്ട്!

അടുത്തിടെ വിപണിയിലെത്തിയ മഹീന്ദ്ര XUV 300 ന് മികച്ച പ്രതികരണം. സബ് കോംപാക്ട് എസ് യുവി ശ്രേണിയില്‍ മുഖ്യ എതിരാളിയായ ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിനെ XUV 300 കടത്തിവെട്ടിയെന്നാണ് പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. 

Mahindra XUV300 beats Ford EcoSport

അടുത്തിടെ വിപണിയിലെത്തിയ മഹീന്ദ്ര XUV 300 ന് മികച്ച പ്രതികരണം. സബ് കോംപാക്ട് എസ് യുവി ശ്രേണിയില്‍ മുഖ്യ എതിരാളിയായ ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിനെ XUV 300 കടത്തിവെട്ടിയെന്നാണ് പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. ഫെബ്രുവരിയില്‍ ആകെ 4484 യൂണിറ്റ് XUV 300 മോഡലുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. അതേസമയം ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിന്റെ വില്‍പന 3156 യൂണിറ്റാണ്. എക്കോസ്പോര്‍ടിനെക്കാള്‍ 1328 യൂണിറ്റുകളുടെ അധിക വില്‍പനയാണ് ആദ്യമാസം  XUV 300 നേടിയത്. വില്‍പന ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ഈ നേട്ടം. ഫെബ്രുവരി 14നാണ് വാഹനം നിരത്തിലെത്തിയത്. 

സെഗ്‍മെന്‍റില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസയാണ് ഒന്നാമന്‍. 11,613 യൂണിറ്റ് ബ്രെസ കഴിഞ്ഞ മാസം മാരുതി വിറ്റഴിച്ചു. 5263 യൂണിറ്റോടെ ടാറ്റ നെക്‌സോണാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതാണ് മഹീന്ദ്ര XUV 300 ന്റെ സ്ഥാനം. 

മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോലിയാണ് ഇപ്പോൾ രൂപമാറ്റത്തോടെ എക്‌സ് യുവി 300 ആയി എത്തിയിരിക്കുന്നത്. 1.2 ലിറ്റർ, 110 ബിഎച്ച്പി പെട്രോൾ, 1.5 ലിറ്റർ, 115 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. എല്ലാ വേരിയന്റിലും രണ്ട് എയർബാഗുകൾ (ടോപ് വേരിയന്റിൽ ഏഴ് എയർബാഗുകൾ) എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു. പെട്രോള്‍ മോഡലിന്‍റെ വില 7.90 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. 10.25 ലക്ഷം വിലയുള്ള വേരിയന്‍റും ലഭിക്കും. ഡീസല്‍ മോഡലാകട്ടെ 8.49 ലക്ഷം മുതല്‍ 10.80 ലക്ഷം വരെയാണ് എക്സ് ഷോറും വില.
 

Latest Videos
Follow Us:
Download App:
  • android
  • ios