'റയല്‍ മാഡ്രിഡില്‍ നിന്ന് പിന്തുണ ലഭിച്ചില്ല'; പരിശീലകസ്ഥാനം ഒഴിയാനുണ്ടായ കാരണം വ്യക്തമാക്കി സിദാന്‍
റയലിന്റെ മുന്‍താരം കൂടിയായ സിദാന് പരിശീലകനായി 2022 വരെയാണ് കരാറുണ്ടായിരുന്നത്. ഈ സീസണില്‍ കിരീടങ്ങളൊന്നും നേടാനാവാഞ്ഞത് കരാര്‍ തീരും മുമ്പെ ക്ലബ്ബ് വിടാന്‍ സിദാനെ പ്രേരിപ്പിക്കുകയായിരുന്നു.
മാഡ്രിഡ്: ദിവസങ്ങള്‍ക്ക് മുമ്പാണ് സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. 2016ല്‍ ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത സിദാന് മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ സമ്മാനിച്ചു. 2018ല്‍ ക്ലബുമായി പിരിഞ്ഞ സിദാന്‍ അടുത്ത സീസണില്‍ വീണ്ടും മാഡ്രിഡിലെത്തി. റയലിന്റെ മുന്‍താരം കൂടിയായ സിദാന് പരിശീലകനായി 2022 വരെയാണ് കരാറുണ്ടായിരുന്നത്. ഈ സീസണില്‍ കിരീടങ്ങളൊന്നും നേടാനാവാഞ്ഞത് കരാര്‍ തീരും മുമ്പെ ക്ലബ്ബ് വിടാന്‍ സിദാനെ പ്രേരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ സിദാന് കീഴില്‍ ലാ ലിഗ നേടാന്‍ റയലിനായിരുന്നു. എന്നാല്‍ ഇത്തവണ രണ്ടാം സ്ഥാനത്തായിരുന്നു റയല്‍.
ഇപ്പോള്‍ റയല്‍ വിടാനുണ്ടായ യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സിദാന്‍. റയലിന് തന്നില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് ക്ലബ് വിടുന്നതെന്ന് സിദാന്‍ വ്യക്തമാക്കി. ''2018ല്‍ ക്ലബ് വിട്ടത് ഒരുപാട് കിരീടങ്ങള്‍ നേടിയതുകൊണ്ടായിരുന്നു. ഈ സീസണില്‍ ദീര്‍ഘ കാലത്തേക്കുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ ക്ലബിന്റെ ഭാഗത്ത് നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. പരിശീലക സ്ഥാനം ഒഴിയാന്‍ കാരണവും ഇതുതന്നെ.'' സിദാന്‍ ആരാധകര്‍ക്കായി എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്താക്കിയത്.
ഇതുവരെ നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും സിദാന്‍ ആരാധകരോട് നന്ദിയും പറയുന്നുണ്ട്. സിദാന് പകരം ആര് വരുമെന്നുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. റയലിന്റെ യൂത്ത് ടീം കോച്ച് റൗള്‍ ഗോള്‍സാലസ് പരിശീലകനായേക്കാന്‍ സാധ്യതയേറെയാണ്. റയലില്‍ 2016 ജനുവരി മുതല്‍ 2018 മെയ് വരെയായിരുന്നു പരിശീലകനായി സിദാന്റെ ആദ്യ ഊഴം.
ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന റെക്കോര്‍ഡും ഒരു ലാ ലീഗ കിരീടവും നേടി സിദാന്‍ റയലിലേക്ക് പരിശീലകനായുള്ള ഒന്നാം വരവ് ആവേശമാക്കി. പിന്നീട് വിട്ടുനിന്ന സിദാന്‍ 2019 മാര്‍ച്ചില്‍ റയലില്‍ തിരിച്ചെത്തി. 2019-20 സീസണില്‍ ലാ ലീഗ കിരീടവും സ്പാനിഷ് സൂപ്പര്‍ കപ്പും നേടിയെങ്കിലും ഈ സീസണില്‍ പൂര്‍ണ നിരാശയായിരുന്നു ഫലം.