ലോകകപ്പ് ഫൈനലെന്നാല്‍ മെസി മാത്രം കളിക്കുന്ന മത്സരമല്ലെന്ന് ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ്
പന്ത് കാല്‍വശം വെച്ച് കളിക്കാനും പെട്ടെന്നുള്ള കൗണ്ടര്‍ അറ്റാക്കുകളിലൂടെയും അതിവേഗ ഓട്ടക്കാരിലൂടെയും എതിര്‍ ഗോള്‍ മുഖം അക്രമിക്കാനും ഞങ്ങള്‍ക്കാവും.
ദോഹ: ലോകകപ്പ് ഫൈനല്‍ എന്നാല്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി മാത്രം മത്സരിക്കുന്ന പോരാട്ടമല്ലെന്ന് ഫ്രാന്‍സ് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഹ്യഗോ ലോറിസ്. ലോകകപ്പ് ഫൈനലിനെ മെസിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും മത്സരത്തലേന്ന് വാര്‍ത്താസമ്മേളനത്തില്‍ ലോറിസ് പറഞ്ഞു.
ലോകകപ്പ് ഫൈനല്‍ എന്നത് ഫുട്ബോളില്‍ മഹത്തായ പാരമ്പര്യമുള്ള രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ്. അത് മെസിയിലേക്ക് മാത്രമായി ചുരുക്കരുത്. മെസിയെപ്പോലൊരു കളിക്കാരന്‍ ഫൈനല്‍ കളിക്കുമ്പോള്‍ സ്വാഭാവികമായും ശ്രദ്ധ മുഴുവന്‍ അദ്ദേഹത്തെ പോലൊരു കളിക്കാരനിലാവും. പക്ഷെ മെസി മാത്രമല്ല ഫൈനലിലുള്ളത്. ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ വ്യക്തമാ ഗെയിം പ്ലാനോടെയാവും ഫ്രാന്‍സ് ഇറങ്ങുക.
അര്‍ജന്‍റീനയുടെ ഇതുവരെയുള്ള കളിശൈലി ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. എത്രയൊക്കെ തയാറെടുത്താലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവാം. എങ്കിലും ഏത് സാഹചര്യവുമായും പെട്ടെന്ന് ഇണങ്ങാന്‍ ഞങ്ങള്‍ക്കാവും. പന്ത് കാല്‍വശം വെച്ച് കളിക്കാനും പെട്ടെന്നുള്ള കൗണ്ടര്‍ അറ്റാക്കുകളിലൂടെയും അതിവേഗ ഓട്ടക്കാരിലൂടെയും എതിര്‍ ഗോള്‍ മുഖം അക്രമിക്കാനും ഞങ്ങള്‍ക്കാവും.
ഫ്രാന്‍സ് ഫുട്ബോള്‍ ടീമിലെ വൈറസ് ബാധയെക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുള്ളതായി തനിക്ക് അറിയില്ലെന്ന് ലോറിസ് പറഞ്ഞു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് എഴുന്നേറ്റപ്പോള്‍ എല്ലാവരും അവരവരുടെ റൂമുകളിലായിരുന്നു. അതുകൊണ്ട് ആരെയും കാണാന്‍ പറ്റിയില്ല. അടുത്ത പരിശീലന സെഷനിറങ്ങുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനാവുമെന്നാണ് കരുതുന്നതെന്നും ലോറിസ് പറഞ്ഞു. ഇത്തരമൊരു വൈറസ് ബാധക്കെതിരെ നമുക്ക് തയാറെടുത്ത് ഇരിക്കാനാവില്ലല്ലോ എന്നും ലോറിസ് ചോദിച്ചു.
നാളെ നടക്കുന്ന ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ചാല്‍ 1962ല്‍ ബ്രസീലിന് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാവാന്‍ ഫ്രാന്‍സിന് കഴിയും. അതേസമയം 36 വര്‍ഷത്തിനുശേഷം ആദ്യ ലോക കിരീടം ലക്ഷ്യമിട്ടാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന ഇറങ്ങുന്നത്.