കപ്പ് അർജന്‍റീനക്കുള്ളതാണ് സതീശാ എന്ന് പ്രതാപൻ; 'തൃശൂരിങ്ങെടുക്കുകയാ' എന്ന് സ്നേഹിതന്‍ പറഞ്ഞപോലെയെന്ന് മറുപടി
ഇപ്പോള്‍ രണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള കമന്‍റ് പോരാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ടി എന്‍ പ്രതാപന്‍ എംപിയും തമ്മിലാണ് കമന്‍റ് യുദ്ധം നടക്കുന്നത്
തിരുവനന്തപുരം: ഫുട്ബോള്‍ ലോകകപ്പിന്‍റെ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വന്‍ ആവേശത്തിലാണ് മലയാളിക്കര. ഇഷ്ട ടീമിന് വേണ്ടി ആര്‍പ്പുവിളിച്ചും എതിര്‍ ടീമിന്‍റെ ആരാധകരെ മാനസികമായി തളര്‍ത്താനുള്ള പോര്‍മുഖങ്ങള്‍ തുറന്നും എങ്ങും എവിടെയും കാല്‍പ്പന്ത് കളി മയം തന്നെയാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തില്‍ ഒട്ടും പിന്നില്‍ അല്ല. നേരത്തെ, ബ്രസീല്‍ ആരാധകനായ വി ശിവന്‍കുട്ടിയും അര്‍ജന്‍റീന ഫാനായ എം എം മണിയും തമ്മില്‍ നടന്ന സോഷ്യല്‍ മീഡിയ വാക്പോര് വലിയ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോള്‍ രണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള കമന്‍റ് പോരാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ടി എന്‍ പ്രതാപന്‍ എംപിയും തമ്മിലാണ് കമന്‍റ് യുദ്ധം നടക്കുന്നത്. ബ്രസീല്‍ ആരാധകനായ വി ഡി സതീശന്‍റെ പോസ്റ്റോടെയാണ് സംഭവങ്ങളുടെ തുടക്കം. ബ്രസീലാണ് എക്കാലത്തെയും മികച്ച ടീമെന്നും ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയൻ ഫുട്ബോളിനെ നിലനിർത്തുന്നത് എന്നുമായിരുന്നു സതീശന്‍റെ പോസ്റ്റ്.
സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മഞ്ഞയും പച്ചയും നീലയും കലർന്ന ആ ജഴ്സി ഒരു അടയാളമാണ്. ബാല്യ കൗമാര കാലഘട്ടം മുതൽ ആ ജഴ്സി തനിക്കൊരു വൈകാരികതയാണ്. തന്‍റെ തലമുറ പെലെയെ ഒരു അനുഭവമായി മനസിൽ കൊണ്ട് നടന്നവരാണ്. അതുകൊണ്ട് തന്നെ ബ്രസീൽ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസിലില്ല. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തർ. അവിടെ ലോകം ഒരു പന്തിന് ചുറ്റും ഓടി നടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കുമെന്നും സതീശന്‍ കുറിച്ചു.
ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ടി എന്‍ പ്രതാപന്‍ എംപി എത്തി. കപ്പ് അർജന്‍റീനയ്ക്കുള്ളതാ സതീശാ…മെസി ഖത്തർ ലോകകപ്പ് ഇങ്ങെടുക്കുവാ എന്നായിരുന്നു പ്രതാപന്‍റെ കമന്‍റ്. പിന്നാലെ സതീശന്‍റെ മറുപടിയും എത്തി. ഇത് നമ്മുടെ രണ്ടു പേരുടെയും സ്നേഹിതൻ സുരേഷ് ഗോപി 'തൃശൂരിങ്ങെടുക്കുകയാ' എന്ന് പറഞ്ഞത് പോലെയാണ്. തൃശൂർ നിങ്ങളല്ലേ എടുത്തത്. അത് പോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ എന്നായിരുന്നു സതീശന്‍റെ വാക്കുകള്‍. എന്തായാലും ബ്രസീല്‍, അര്‍ജന്‍റീന ആരാധകര്‍ ഇരുവരുടെയും വെല്ലുവിളി ഏറ്റെടുത്ത് കഴിഞ്ഞു.
ഖത്തറിലെ മുറിയിൽ ലിയോണല്‍ മെസി തനിച്ച്, ബാക്കിയെല്ലാ റൂമിലും രണ്ട് പേര്‍ വീതം; കാരണം എന്ത്