മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍, ആശയക്കുഴപ്പം മുറുകുന്നു
ഏഴാം നമ്പര്‍ ജേഴ്‌സി ഉറുഗ്വേ താരം എഡിന്‍സണ്‍ കവാനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു യുണൈറ്റഡ്. ലാറ്റിന്‍ അമേരിക്കന്‍ ക്ലബ്ബിലേക്ക് കവാനി മാറുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും താരത്തെ നിലനിര്‍ത്തുമെന്ന സൂചനകളാണ് യുണൈറ്റഡ് നല്‍കുന്നത്.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍ സംബന്ധിച്ച ആശയക്കുഴപ്പം മുറുകുന്നു. തിരിച്ചുവരവില്‍ ന്യൂകാസിലിനെതിരെ ആകും റൊണാള്‍ഡോയുടെ ആദ്യമത്സരമെന്നാണ് സൂചന. കായികലോകത്തെ ഞെട്ടിച്ച കൂടുമാറ്റത്തിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് താല്‍പര്യം പതിവ് ഏഴാം നമ്പര്‍ ജേഴ്‌സിയോട് തന്നെ. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ സിആര്‍ 7ന് വെല്ലുവിളിയകുമോയെന്നാണ് ആശങ്ക.
സീസണ്‍ തുടങ്ങും മുന്‍പ് തന്നെ ഏതെല്ലാം ജേഴ്‌സി താരങ്ങള്‍ക്ക് നല്‍കുമെന്ന് വ്യക്തമാക്കണമെന്നാണ് ചട്ടം.താരം ക്ലബ്ബ് വിടാതെ സീസണിന് ഇടയില്‍ ജേഴ്‌സി നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കാനാകില്ല. ഏഴാം നമ്പര്‍ ജേഴ്‌സി ഉറുഗ്വേ താരം എഡിന്‍സണ്‍ കവാനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു യുണൈറ്റഡ്. ലാറ്റിന്‍ അമേരിക്കന്‍ ക്ലബ്ബിലേക്ക് കവാനി മാറുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും താരത്തെ നിലനിര്‍ത്തുമെന്ന സൂചനകളാണ് യുണൈറ്റഡ് നല്‍കുന്നത്.
ഇതോടെ കവാനിയില്‍ സമ്മര്‍ദ്ദം ചെലുത്തി ജേഴ്‌സി മാറ്റത്തിനായി പ്രീമിയര്‍ ലീഗിന് മുന്നില്‍ പ്രത്യേക അപേക്ഷ നല്‍കുക മാത്രമാണ് മുന്നിലെ വഴി. എന്നാല്‍ ഇങ്ങനെയൊരു കീഴ്വഴക്കം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. ഏഴാം നമ്പര്‍ ജേഴ്‌സി റൊണാള്‍ഡോയ്ക്ക് കവാനി കൈമാറുമെന്ന് യുണൈറ്റഡ് മുന്‍ താരം റിയോ ഫെര്‍ഡിനാന്‍ഡ് ഇന്നലെ പറഞ്ഞെങ്കിലും, ക്ലബ്ബ് മൗനം പാലിക്കുകയാണ്.
പ്രീമിയര്‍ ലീഗിന്റെ ജേഴ്‌സി നിയമങ്ങള്‍ യുവേഫയ്ക്ക് ബാധകം അല്ലാത്തതിനാല്‍ ചാംപ്യന്‍സ് ലീഗില്‍ ഏഴാം നമ്പര്‍ കുപ്പായം സൂപ്പര്‍ താരത്തിന് ലഭിച്ചേക്കും. നേരത്തെ ഹെന്റിക്ക മഖിടര്യന്‍ പ്രീമിയര്‍ ലീഗില്‍ ഏഴാം നമ്പര്‍ ജേഴ്‌സിയും യൂറോപ്പാ ലീഗില്‍ 77ആം നമ്പര്‍ കുപ്പായവും ധരിച്ച കീഴ്‌വഴക്കമുണ്ട്.
ഓള്‍ഡ് ട്രഫോര്‍ഡിലേക്കുള്ള തിരിച്ചുവരവില്‍ റൊണാള്‍ഡോയുടെ ആദ്യമത്സരം അടുത്ത മാസം 11ന് ന്യൂകാസിലിനെതിരെയോ ചാംപ്യന്‍സ് ലീഗില്‍ പതിന്നാലിന് യംഗ് ബോയിസിനെതിരെയോ ആയേക്കും. 13 വര്‍ഷം മുന്‍പ് ന്യൂകാസിലിനെതിരെ റൊണാള്‍ഡോ യുണൈറ്റഡിനായി ഹാട്രിക്ക് നേടിയിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കായി പോര്‍ച്ചുഗലിലുള്ള റൊണാള്‍ഡോ അടുത്ത മാസം ഏഴിന് ശേഷമാകും മാഞ്ചസ്റ്ററിലേക്ക് പോവുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight.