നിര്‍ഭാഗ്യം മാത്രമല്ല! പഴയ എഞ്ചിനും പഴകിയ കളിയും; ലോകകപ്പില്‍ നിന്ന് ജര്‍മനി പുറത്തായതിങ്ങനെ
ലോകകപ്പിന് തൊട്ടുമുന്‍പ് ഹംഗറിയോടേറ്റ തോൽവി ഖത്തറിലെ ദുരന്തത്തിന്‍റെ ടീസറായിരുന്നു
ദോഹ: ഫിഫ ലോകകപ്പില്‍ ചാമ്പ്യന്മാരായെത്തി ആദ്യ റൗണ്ടിൽ പുറത്തായ 2018ലെ ദുരന്തത്തിൽ നിന്ന് കരകയറാന്‍ ഖത്തറില്‍ ജര്‍മനിക്കായില്ല. പുറംമോടികൾക്കപ്പുറം എഞ്ചിന്‍ പരിഷ്കരിക്കാതെ എത്തിയതിന് കനത്ത വില നൽകേണ്ടിവന്നു പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന്. ജപ്പാൻ ഒന്നിനെതിരെ രണ്ട് ഗോളിന് സ്പെയിനെ അട്ടിമറിച്ചതോടെയാണ് കോസ്റ്ററിക്കയെ തോൽപ്പിച്ചിട്ടും ജർമനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.
'ഫുട്ബോള്‍ ലളിതമായ കളിയാണ്. 22 കളിക്കാര്‍ ഒരു പന്തിന് പിന്നാലെ 90 മിനിറ്റ് പായും. ഏറ്റവും ഒടുവില്‍ ജര്‍മനി വിജയിക്കും'. 1990 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനായി ഗോള്‍ നേടിയിട്ടും ജര്‍മന്‍ വിജയം തടയാന്‍ കഴിയാത്ത നിരാശയിൽ ഗാരി ലിനേക്കര്‍ പറഞ്ഞ പ്രശസ്ത വാചകമാണിത്. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടം അതിജീവിക്കാനാകാതെ ജര്‍മനി മടങ്ങുമ്പോള്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ കരുത്തുകൂടുന്നവരെന്ന വിശേഷണം കൂടി ചോദ്യം ചെയ്യപ്പെടുകയാണ്. കാലം മാറിയതും കളി മാറിയതും അറിയാതെ പോയതായിരുന്നു റഷ്യയിൽ ജോയ്ക്വിം ലോയ്ക്കും സംഘത്തിനും പറ്റിയ അബദ്ധം. 2018ൽ മെക്സിക്കോയോടും ദക്ഷിണ കൊറിയയോടും തോറ്റ് ഗ്രൂപ്പില്‍ ഏറ്റവും പിന്നിലായിപ്പോയി.
ഇക്കുറി ഒരു പടി മുകളിലേക്ക് കയറിയെന്നതിൽ മാത്രം ആശ്വാസം. ലോകകപ്പിന് തൊട്ടുമുന്‍പ് ഹംഗറിയോടേറ്റ തോൽവി ഖത്തറിലെ ദുരന്തത്തിന്‍റെ ടീസറായിരുന്നു. പരിശീലകന്‍ ഹാന്‍സി ഫ്ലിക്ക് അത് തിരിച്ചറിഞ്ഞില്ലെന്ന് മാത്രം. തോമസ് മുള്ളറും മാനുവേൽ ന്യൂയറും അടക്കം 2014ൽ കിരീടം നേടിയ തലമുറയിലെ പ്രധാനികള്‍ക്ക് ഇനിയൊരു ലോകകപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. പ്രീ ക്വാര്‍ട്ടറിലെത്താതെ പുറത്തായാലും പദവി ഒഴിയേണ്ടിവരില്ലെന്ന് അവകാശപ്പെട്ട ഹാന്‍സി ഫ്ലിക്കിന് മാനം വീണ്ടെടുക്കാനുള്ള അവസരം സ്വന്തം മണ്ണിൽ തന്നെയാകും. ജര്‍മനി വേദിയായ 2024ലെ യൂറോ കപ്പാകുമ്പോഴേക്കും ജമാൽ മുസിയാലയ്ക്ക് മൂപ്പെത്തുമെന്നാകും പരിശീലകന്‍റെ പ്രതീക്ഷ.
ജര്‍മനി പുറത്തായതും സ്പെയിന്‍ രണ്ടാം സ്ഥാനത്തേക്ക് വീണതും ജപ്പാന്‍റെ വിവാദ ഗോളില്‍-വീഡിയോ