നേടിയത് സ്വപ്ന വിജയം, എന്തിന് പെണ്‍കുട്ടികള്‍ ഷോര്‍ട്ട്സ് ധരിക്കുന്നു? പാക് വനിത താരങ്ങളോട് ചോദ്യം, വിമര്‍ശനം
മിക്ക ആളുകളും പാകിസ്ഥാൻ വനിതാ ഫുട്ബോൾ താരങ്ങളെ അഭിനന്ദിച്ചു. എന്നാൽ ഗെയിമിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലെ ഒരു ചോദ്യം അവരെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ലഹോറില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ റഫീക്ക് ഖാന്‍റെ ചോദ്യമാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുള്ളത്
ഇസ്ലാമാബാദ്: നേപ്പാളില്‍ നടക്കുന്ന സാഫ് ചാമ്പന്യന്‍ഷിപ്പില്‍ പാകിസ്ഥാന്‍റെ വനിതാ ഫുട്ബോള്‍ ടീം ചരിത്രം സൃഷ്ടിച്ചിരുന്നു. എട്ട് വർഷത്തിന് ശേഷം ആദ്യ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിന് ഇറങ്ങിയ പാകിസ്ഥാൻ ടീം തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഏഴ് ഗോളുകൾക്ക് മാലിദ്വീപിനെ പരാജയപ്പെടുത്തിയാണ് ആഘോഷിച്ചത്. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയവും നേടി തിരികെ നാട്ടിലെത്തിയ ടീമിന് ഊഷ്മള സ്വീകരണം തന്നെ ലഭിക്കുകയും ചെയ്തു.
മിക്ക ആളുകളും പാകിസ്ഥാൻ വനിതാ ഫുട്ബോൾ താരങ്ങളെ അഭിനന്ദിച്ചു. എന്നാൽ ഗെയിമിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലെ ഒരു ചോദ്യം അവരെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ലഹോറില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ റഫീക്ക് ഖാന്‍റെ ചോദ്യമാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. ഫുട്ബോൾ താരങ്ങളോടുള്ള തികഞ്ഞ അനാദരവ് പ്രകടമാക്കുന്നതായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
പാകിസ്ഥാന്‍ ഒരു ഇസ്ലാമിക രാജ്യമാണെന്നും ആ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ എങ്ങനെയാണ് ഷോര്‍ട്ട്സ് ധരിക്കുന്നതെന്നും റഫീക്ക് ചോദ്യം ഉന്നയിച്ചു. പാകിസ്ഥാന്‍ വനിതാ ടീമിന്‍റെ പരിശീലകന്‍ ആദീല്‍ റിസ്ഖി ഉള്‍പ്പെടെയുള്ളവര്‍ ഈ ചോദ്യം കേട്ട് അമ്പരുന്നു. തുടർന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയും നൽകി. ഭരണകൂടം ഒരിക്കലും നിയന്ത്രിക്കാത്ത ഒന്നാണ് വസ്ത്ര സ്വാതന്ത്ര്യം എന്ന് ആദീല്‍ റിസ്ഖി തുറന്നടിച്ചു.
'' നമ്മുടേത് ഇസ്ലാമിക രാഷ്ട്രമാണെന്നും മൂല്യങ്ങൾ വളരെ ശക്തമാണെന്നും ഞങ്ങൾ മനസിലാക്കുന്നു. പക്ഷേ, സ്പോർട്സിൽ പുരോഗമനപരമാകേണ്ടത് പ്രധാനമാണ്. യൂണിഫോമിന്റെ കാര്യത്തിൽ, അത് നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യമാണെന്നും ആദീല്‍ വ്യക്തമാക്കി. കായികരംഗത്ത് മാത്രമല്ല, ഒരു മേഖലയിലും സ്ത്രീകൾക്ക് നേരേയുള്ള ഇത്തരം അഭിപ്രായങ്ങളെ അഭിമുഖീകരിക്കേണ്ടതും വിമർശിക്കേണ്ടതുമാണ്.
യൂണിഫോം തിരഞ്ഞെടുക്കാൻ സ്ത്രീകൾക്ക്, അല്ലെങ്കിൽ ആർക്കും എല്ലാ അവകാശവുമുണ്ട്. ചിലപ്പോൾ, ചില കായികതാരങ്ങൾ മതപരമായ പ്രോട്ടോക്കോളുകൾ പിന്തുടരാൻ ആഗ്രഹിക്കുന്നതിനാൽ അവർ ഹിജാബ് മുതലായവ ധരിക്കുന്നു. ലോക സംഘടനകൾ അവരെ അനുവദിക്കും. വ്യക്തിക്ക് എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്നും ഇക്കാര്യത്തില്‍ പാകിസ്ഥാൻ ഫുട്ബോൾ ബോഡിക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.