എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സിന് നാല് കോടി പിഴ, ഇവാന് വിലക്ക്; വിശദീകരിച്ച് എഐഎഫ്എഫ്
ബെംഗളൂരുവിനെതിരായ പ്ലേ ഓഫിനിടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ തിരിച്ചുവിളിച്ച കോച്ചിന്‍റെ നടപടി ലീഗിന് കളങ്കമുണ്ടാക്കിയതായി വിലയിരുത്തല്‍
കൊച്ചി: ഐഎസ്എല്‍ ഒന്‍പതാം സീസണിലെ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിലെ ഇറങ്ങിപ്പോക്കിന് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിനും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനും എതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. വുകോമനോവിച്ചിനെ 10 കളിയിൽ നിന്ന് വിലക്കിയ എഐഎഫ്എഫിന്‍റെ അച്ചടക്കസമിതി അദേഹത്തോട് 5 ലക്ഷം രൂപ പിഴയൊടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന് 4 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ബെംഗളൂരുവിനെതിരായ പ്ലേ ഓഫിനിടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ തിരിച്ചുവിളിച്ച നടപടി ലീഗിന് കളങ്കമുണ്ടാക്കിയതായി വിലയിരുത്തിയ അച്ചടക്കസമിതിയുടെ വിശദീകരണം ഇങ്ങനെ. 'ഫുട്ബോളിന്‍റെ ആദരിക്കപ്പെടുന്ന അംബാസഡറും സുത്യര്‍ഹ സ്ഥാനവുമുള്ള ഇവാന്‍ വുകോമനോവിച്ചിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കളിക്കാരും രാജ്യത്തെ ആയിരക്കണക്കിന് ഫുട്‌ബോൾ പ്രേമികളും ഉറ്റുനോക്കുകയാണ്. ഇവാന്‍റെയത്ര ഔന്നത്യവും അനുഭവപരിചയവുമുള്ള ഒരാൾ ഇത്തരമൊരു പ്രവൃത്തിയിൽ ഏർപ്പെടുന്നത് നിർഭാഗ്യകരമാണ്' എന്നാണ് എഐഎഫ്എഫിന്‍റെ അച്ചടക്ക സമിതി നടപടികള്‍ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കിയത്.
മാപ്പ് പറഞ്ഞില്ലെങ്കില്‍ കൂടുതല്‍ നടപടി!
മത്സരത്തിനിടെ ടീമിനെ പിന്‍വലിച്ചതിന് പരസ്യമായി മാപ്പ് പറയാനും ക്ലബിന് നിര്‍ദേശം എഐഎഫ്എഫ് നൽകിയിട്ടുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് 6 കോടി രൂപ പിഴ കൊടുക്കേണ്ടിവരും. ഒരാഴ്ചയ്ക്കകം ഉത്തരവ് നടപ്പാക്കണമെന്നാണ് നിര്‍ദേശം. ക്ലബിനും കോച്ചിനും അപ്പീൽ നൽകാന്‍ അവസരം ഉണ്ടെന്നും എഐഎഫ്എഫ് വ്യക്തമാക്കി.
മാര്‍ച്ച് മൂന്നിന് നടന്ന മത്സരത്തിൽ സുനിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോൾ അനുവദിച്ചതിന് പിന്നാലെയാണ് താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് പിന്‍വലിച്ചത്. എക്‌സ്‌ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ കളംവിട്ടപ്പോള്‍ 1-0ന് കളി ജയിച്ച് ബെംഗളൂരു എഫ്സി സെമിയില്‍ എത്തി. ഇതിന്‍മേലാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ക്ലബിനും പരിശീലകനുമെതിരെ നടപടി വന്നിരിക്കുന്നത്.