'ക്രൊയേഷ്യ അര്‍ജന്‍റീനയെ തോല്‍പ്പിക്കും, കലാശപ്പോരില്‍...'; ലോകകപ്പ് പ്രവചനവുമായി പിയേഴ്സ് മോര്‍ഗന്‍

കലാശപ്പോരില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ച് കിരീടം നേടുമെന്നും അദ്ദേഹം പ്രവചിച്ചു. മൊറോക്കോ ലോകകപ്പ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതയില്ല

who will win world cup 2022 Piers Morgan prediction

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ക്രൊയേഷ്യ അര്‍ജന്‍റീനയെ പരാജയപ്പെടുത്തുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന്‍റെ പ്രവചനം. ഫ്രാന്‍സ് മൊറോക്കോയെ തോല്‍പ്പിക്കും. കലാശപ്പോരില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ച് കിരീടം നേടുമെന്നും അദ്ദേഹം പ്രവചിച്ചു. മൊറോക്കോ ലോകകപ്പ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതയില്ല. തന്‍റെ പ്രവചനങ്ങള്‍ ഹൃദയത്തില്‍ നിന്നുള്ളതല്ല, മറിച്ച് തലയില്‍ നിന്നുള്ളതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതിനിടെ ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്‍റെ ഒരു പ്രവചനം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ എത്തിനില്‍ക്കേയാണ് സ്റ്റിമാക്ക് സെമി ഫൈനല്‍ ലൈനപ്പ് പ്രവചിച്ചത്. ലോകകപ്പ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്ന സ്പോര്‍ട്സ് 18ന്‍റെ വിദഗ്ധ പാനലില്‍ അംഗമാണ് സ്റ്റിമാക്കും. വെയ്‍ന്‍ റൂണിയും ലൂയിസ് ഫിഗോയും അടക്കമുള്ള വിദഗ്ധ പാനലിലെ എല്ലാവരും സെമിയില്‍ എത്തുന്ന ടീമുകളെ പ്രവചിച്ചിരുന്നു.

ബ്രസീല്‍, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ ഒക്കെ സെമിയില്‍ എത്തുമെന്നാണ് പലരും പ്രവചിച്ചത്. എന്നാല്‍, സ്റ്റിമാക്കിന്‍റെ പ്രവചനം മാത്രം കിറുകൃത്യമായി. വളരെ ആലോചിച്ച് കൊണ്ട് ആദ്യം ഫ്രാന്‍സിന്‍റ പേരാണ് സ്റ്റിമാക്ക് പറയുന്നത്. രണ്ടാമത് ക്രൊയേഷ്യയെയും മൂന്നാമതായി അര്‍ജന്‍റീനയെയും സ്റ്റിമാക്ക് തെരഞ്ഞെടുത്തു. വീണ്ടും ആലോചിച്ച് കൊണ്ട് അദ്ദേഹം മൊറോക്കോയെയും അവസാന നാലില്‍ ഉള്‍പ്പെടുത്തി.

തന്‍റെ പ്രവചനങ്ങൾ പൊതുവെ തെറ്റാറില്ല എന്നാണ് സ്റ്റിമാക്ക് ട്വിറ്ററില്‍ കുറിച്ചത്.  ഊഹിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ മനസ്സും ഹൃദയവും ചേർന്ന് ചിന്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി പോരാട്ടത്തിനായി ലൂസൈല്‍ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.  ലിയോണൽ മെസിയുടെ അർജന്റീനയും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോൾ തീപാറും പോരാട്ടമുറപ്പ്. രാത്രി 12.30നാണ് മത്സരം.

Latest Videos
Follow Us:
Download App:
  • android
  • ios