ഖത്തറില്‍ ആരാവും ലോസെൽസോയുടെ പകരക്കാരന്‍; ആകാംക്ഷയായി അര്‍ജന്‍റീനയുടെ ലോകകപ്പ് സ്‌ക്വാഡ്
അര്‍ജന്‍റീനയെ കോപ്പ അമേരിക്ക, ഫൈനലിസ കിരിടങ്ങളിലേക്ക് നയിച്ച സ്‌കലോനിസത്തിന്‍റെ നെടുംതൂണുകളിലൊന്നാണ് ജിയോവാനി ലോസെൽസോ
ബ്യൂണസ് ഐറിസ്: ഖത്തറിൽ കിരീടമോഹവുമായി ഇറങ്ങുന്ന അര്‍ജന്‍റീനയ്ക്ക് കനത്ത തിരിച്ചടിയാണ് മധ്യനിരതാരം ജിയോവാനി ലോസെൽസോ പരിക്കേറ്റ് പുറത്തായത്. ലോസെൽസോയ്ക്ക് പകരക്കാരനായി ആരെ കോച്ച് ലിയോണല്‍ സ്‌കലോനി ഇറക്കുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഇതാണ് അര്‍ജന്‍റീനയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ ആകാംക്ഷയും.
അര്‍ജന്‍റീനയെ കോപ്പ അമേരിക്ക, ഫൈനലിസ കിരിടങ്ങളിലേക്ക് നയിച്ച സ്‌കലോനിസത്തിന്‍റെ നെടുംതൂണുകളിലൊന്നാണ് ജിയോവാനി ലോസെൽസോ. മൈതാനത്തിന്‍റെ വലത് വശം ലിയോണൽ മെസി എങ്ങനെ കളി നിയന്ത്രിക്കുന്നോ അതാണ് ഇടത് വശത്ത് ലൊസെൽസോ ചെയ്തിരുന്നത്. മെസിയെ എതിരാളികൾ പൂട്ടുമ്പോൾ പകരം ഗോളിലേക്ക് വഴി തുറന്നിരുന്നത് ലൊസെൽസോ ആയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയെന്ന റെക്കോര്‍ഡ് ഇതിന് സാക്ഷ്യം. ഡിപോൾ-പരഡേസ്-ലോ ത്രയത്തിൽ ഏറെ പ്രതീക്ഷ വച്ചിരുന്ന കോച്ച് ലയണൽ സ്‌കലോനിക്ക് പദ്ധതികളിൽ ഏറെ മാറ്റം വരുത്തേണ്ട ഗതികേടാണിപ്പോൾ.
മെസിയുമായി മികച്ച ഒത്തിണക്കം കാണിച്ചിരുന്ന ലോസെൽസോക്ക് ഒത്ത പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല. പപ്പു ഗോമസിനായിരിക്കും ഇനി കൂടുതൽ സാധ്യത. കോപ്പ അമേരിക്കയിൽ ഗോളടിച്ചും തിളങ്ങിയ പപ്പു, മെസിയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളെന്നതും സാധ്യത വര്‍ധിപ്പിക്കുന്നു. ആക്രമണവും പ്രതിരോധവും ഒരുപോലെ നോക്കുന്ന മിഡ്ഫീൽഡര്‍ തന്നെ വേണമെന്ന് സ്‌കലോനി തീരുമാനിച്ചാൽ എസക്വീൽ പലാസിയോസിന് നറുക്ക് വീഴും. ബെൻഫിക്കയ്ക്കായി തകര്‍പ്പൻ ഫോമിൽ കളിക്കുന്ന എൻസോ ഫെര്‍ണാണ്ടസും പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിവന്നാൽ ഡിഫൻസീവ് മിഡ്ഫീൽഡറായ ഗീഡോ റൊഡ്രീഗ്രസിനെയും ആദ്യ ഇലവനിൽ കണ്ടേക്കും. എല്ലാവരെയും ഞെട്ടിപ്പ് പുത്തൻ സെൻസേഷൻ തിയാഗോ അൽമാഡോ ടീമിലും ആദ്യ ഇലവനിലും എത്തിയേക്കുമെന്ന് കരുതുന്നവരുമുണ്ട്.
മെസിയുമായി ഒത്തിണക്കത്തോടെ കളിച്ചിരുന്ന മാനുവൽ ലാൻസിനിയുടെ പരിക്ക് റഷ്യൻ ലോകകപ്പിൽ അര്‍ജന്‍റീനയുടെ പദ്ധതികൾ എല്ലാം കുളമാക്കി. ലോസെൽസോയുടെ പുറത്താവലും സമാനമാണ്. എന്നാൽ അര്‍ജന്‍റീനയെ ലോക കിരീടം സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ആശാൻ സ്കലോനി ഇതിനും പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ലോസെൽസോ പരിക്കേറ്റ് പുറത്ത്; ഖത്തര്‍ ലോകകപ്പിന് മുമ്പ് അർജന്‍റീനയ്ക്ക് കനത്ത പ്രഹരം